5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cyclonic Circulation : ചുഴലിക്കാറ്റ് രൂപപ്പെടുന്നതിൻ്റെ ആദ്യ പടി; എന്താണ് ചക്രവാതച്ചുഴി?; എങ്ങനെയാണ് ഇത് മഴയ്ക്ക് കാരണമാവുന്നത്?

What is Cyclonic Circulation : മഴ മുന്നറിയിപ്പിൽ വളരെ സാധാരണയായി കാണുന്ന ഒരു വാക്കാണ് ചക്രവാതച്ചുഴി. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി മഴ കൂടിയെന്നും കുറഞ്ഞെന്നുമൊക്കെ വാർത്തകൾ കാണാറുണ്ട്. എന്നാൽ, എന്താണ് ചക്രവാതച്ചുഴി? ഇത് പരിശോധിക്കാം.

Cyclonic Circulation : ചുഴലിക്കാറ്റ് രൂപപ്പെടുന്നതിൻ്റെ ആദ്യ പടി; എന്താണ് ചക്രവാതച്ചുഴി?; എങ്ങനെയാണ് ഇത് മഴയ്ക്ക് കാരണമാവുന്നത്?
ചക്രവാതച്ചുഴി (Image Credits - Petes/E+/Getty Images)
abdul-basith
Abdul Basith | Updated On: 04 Nov 2024 18:56 PM

മഴ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് പലപ്പോഴും കാണുന്ന ഒരു വാക്കാണ് ചക്രവാതച്ചുഴി. ‘തെക്കൻ തമിഴ്നാടിനും ശ്രീലങ്കയ്ക്കും മുകളിൽ ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ കനക്കും’, ‘അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി, മഴ തുടരും’, ‘ചക്രവാതച്ചുഴി ദുർബലമാവുന്നു, മഴ കുറഞ്ഞേക്കും’ എന്നിങ്ങനെ പലപ്പോഴും നമ്മൾ വാർത്തകൾ കണ്ടിട്ടുണ്ട്. എന്നാൽ എന്താണ് ചക്രവാതച്ചുഴി? ഇത് എങ്ങനെയാണ് മഴയ്ക്ക് കാരണമാവുന്നത്? പരിശോധിക്കാം.

സൈക്ലോണിക് സർക്കുലേഷൻ (Cyclonic Circulation) എന്നതാണ് ചക്രവാതച്ചുഴിയുടെ ഇംഗ്ലീഷ്. സൈക്ലോൺ അഥവാ ചുഴലിക്കാറ്റ് അഥവാ ചക്രവാതം. ചുഴി എന്നാൽ അറിയാമല്ലോ, കറക്കം അഥവാ സർക്കുലേഷൻ. ചുഴലിക്കാറ്റ് എന്ന് കേൾക്കുമ്പോൾ തോന്നുന്ന ഭീകരത ചക്രവാതച്ചുഴി എന്ന് കേൾക്കുമ്പോൾ തോന്നേണ്ടതില്ല. ചക്രവാതം അഥവാ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിൻ്റെ ആദ്യ പടിയാണ് ചക്രവാതച്ചുഴി. ന്യൂനമർദ്ദം രൂപപ്പെടുന്നതിന് മുൻപ് കാറ്റ് കറങ്ങും. ഈ കറക്കത്തിന് ചുഴലിക്കാറ്റിൻ്റെയത്ര ശക്തി ഉണ്ടാവില്ല. സാവധാനത്തിലുള്ള ഒരു കറക്കം. ഇതാണ് ചക്രവാതച്ചുഴി. ഈ കറക്കം വേഗത്തിലായാൽ ചുഴലിക്കാറ്റുണ്ടാവും. ചുഴലിക്കാറ്റിൻ്റെയത്ര വേഗതയാവുന്നതിന് മുൻപ് ചക്രവാതച്ചുഴിയുടെ ശക്തി കുറയാറാണ് പതിവ്.

Also Read : Kerala Rain Alert: തുലാവർഷ കെടുതിയിൽ കേരളം…; സംസ്ഥാനത്ത് മഴ കനക്കും, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

ഗുരുത്വാകർഷണ ബലത്തിനൊപ്പം ഭൂമിയുടെ ഉപരിതലത്തിലേക്ക് അന്തരീക്ഷ വായു പ്രയോഗിക്കുന്ന അന്തരീക്ഷ മർദ്ദം ചക്രവാതച്ചുഴി ഉണ്ടാവുന്നതിൽ പ്രധാന കാരണമാണ്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് മുകളിലേക്ക് പോകും തോറും അന്തരീക്ഷ മർദ്ദം കുറഞ്ഞുകൊണ്ടിരിക്കും. ഇങ്ങനെ ജലപ്പരപ്പിന് മുകളിൽ അന്തരീക്ഷ മർദ്ദം കുറഞ്ഞ് വെള്ളത്തിൻ്റെ താപനില 26.5 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോൾ ചുഴലിക്കാറ്റുകൾക്ക് സാധ്യതയൊരുങ്ങും. അന്തരീക്ഷ മർദ്ദം കുറയുമ്പോൾ ചൂടുപിടിച്ച വായു മുകളിലേക്കുയരും. തണുത്ത വായു താഴേക്കും വരും. ഈ പ്രതിഭാസത്തിൻ്റെ ഭാഗമായി ചുറ്റുമുള്ള വായു ഈ വിടവിലേക്ക് കയറും. സൈക്ലോജെനസിസ് എന്ന ഈ പ്രക്രിയയാണ് ചുഴലിക്കാറ്റുകൾക്ക് വഴിയൊരുക്കുന്നത്.

അന്തരീക്ഷത്തിലെ മർദ്ദവ്യതിയാനം കാരണം വിവിധ ദിശയിലേക്ക് സഞ്ചരിക്കുന്ന കാറ്റാണ് കറങ്ങുക. പുഴയിലൊക്കെ കാണുന്ന ചുഴി പോലെയാണ് ഈ ചക്രവാതച്ചുഴിയും. ഈ കറക്കം ഘടികാരദിശയിലോ എതിർഘടികാര ദിശയിലോ ആവാം. എന്നാൽ, ഇത് ഭൂമിയുടെ രണ്ട് അർധഗോളങ്ങൾക്കനുസരിച്ചാണ്. ദക്ഷിണാർധ ഗോളത്തിൽ ഘടികാര ദിശയിലും ഉത്തരാർധത്തിൽ എതിർഘടികാരദിശയിലും ആയിരിക്കും ചക്രവാതച്ചുഴിയുടെ കറക്കം. ഭൂമി കറങ്ങുന്നത് മൂലമുണ്ടാവുന്ന കോറിയോസിസ് ബലം കാരണമാണ് അർധഗോളങ്ങളിൽ ചക്രവാതച്ചുഴിയുടെ കറക്കം വിപരീത ദിശങ്ങളിലുണ്ടാവുന്നത്. ഇന്ത്യ ഉൾപ്പെടുന്ന ഉത്തരാർധ ഗോളത്തിൽ എതിർഘടികാരദിശയിലാണ് ചക്രവാതച്ചുഴി കറങ്ങുക. ഈ അർധഗോളത്തിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമൊക്കെയാണ് പ്രധാനമായും ചക്രവാതച്ചുഴി ഉണ്ടാവുക.

Also Read : Kerala Rain Alert : ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

ചക്രവാതച്ചുഴിയുടെ ശക്തി കൂടുമ്പോൾ ന്യൂനമർദ്ദമാവും. എന്നാൽ, എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദ്ദമാവില്ല. ചില ചക്രവാതച്ചുഴികൾ ന്യൂനമർദ്ദമാവുന്നതിന് മുൻപ് ശക്തി കുറയും. ന്യൂനമർദ്ദം ശക്തി പ്രാപിച്ചാണ് തീവ്ര ന്യൂനമർദ്ദമാവുക. തീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമാവും. ഇത് വീണ്ടും ശക്തി പ്രാപിച്ചാലാണ് ചുഴലിക്കാറ്റ് രൂപപ്പെടുക. ഇങ്ങനെ ന്യൂനമർദ്ദം, തീവ്ര ന്യൂനമർദ്ദം, അതിതീവ്ര ന്യൂനമർദ്ദം എന്നീ സഞ്ചാരപഥങ്ങൾക്കിടെ പലപ്പോഴും ഇവയുടെ ശക്തി കുറയും. അതയത് ചക്രവാതച്ചുഴികളെല്ലാം ന്യൂനമർദ്ദമാവില്ല എന്നതുപോലെ ന്യൂനമർദ്ദങ്ങളെല്ലാം തീവ്ര ന്യൂനമർദ്ദവും തീവ്രന്യൂനമർദ്ദങ്ങളെല്ലാം അതിതീവ്ര ന്യൂനമർദ്ദമോ ആവില്ല. എല്ലാ അതി തീവ്ര ന്യൂനമർദ്ദങ്ങൾ ചുഴലിക്കാറ്റും ആവില്ല.

ഇതുപോലെ എല്ലാ ചക്രവാതച്ചുഴിയും മഴ നൽകണമെന്നുമില്ല. കാറ്റ് കറങ്ങുന്നതിന്റെ ശക്തിയും ചക്രവാതച്ചുഴി രൂപപ്പെടുന്ന മേഖലയും അതിൻ്റെ വ്യാപ്തിയും ഇതുവഴി മേഘം രൂപപ്പെടാനുള്ള സാധ്യതയുമൊക്കെ മഴ പെയ്യാനുള്ള സാധ്യതയിൽ നിർണായകമാവും. കാറ്റിൻ്റെ ശക്തി കുറവാണെങ്കിൽ ചക്രവാതച്ചുഴിയുടെ തീവ്രതയും കുറവായിരിക്കും. കാറ്റിൻ്റെ ശക്തി കൂടുന്നതിനനുസരിച്ച് ചക്രവാതച്ചുഴിയുടെ തീവ്രതയും വർധിക്കും. ഇങ്ങനെ തീവ്രത വർധിച്ചാണ് പിന്നീട് ന്യൂനമർദ്ദത്തിലേക്കും തീവ്ര ന്യൂനമർദ്ദത്തിലേക്കും അതിതീവ്ര ന്യൂനമർദ്ദത്തിലേക്കും അവിടെനിന്ന് ചുഴലിക്കാറ്റിലേക്കും എത്തുക. അതായത്, കാറ്റിൻ്റെ ശക്തി കൂടുന്നത് അപകടം കൂട്ടുമെന്നർത്ഥം. നീരാവിയുടെ സാന്നിധ്യമുള്ള ഇളം ചൂടുള്ള വായുവിലാണ് ഇവ നിലനിൽക്കുക. അതുകൊണ്ട് തന്നെ കടലിൽ നിന്ന് തുടങ്ങി കരയിലേക്കെത്തുന്ന ചക്രവാതച്ചുഴികൾക്ക് തീവ്രത കുറയും. പിന്നാലെ ഇത് ഇല്ലാതെയാവുകയും ചെയ്യും.