5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Christmas Card Day 2024 : നാളെയാണ്, നാളെയാണ് ! കേട്ടിട്ടുണ്ടോ ‘ക്രിസ്മസ് കാര്‍ഡ് ദിന’ത്തെക്കുറിച്ച്, ഇങ്ങനെയുമുണ്ട് ഒരു ദിവസം

Christmas Card Day December 09 2024 : പരസ്പര സൗഹാര്‍ദ്ദത്തിന്റെ പ്രതീകമെന്ന വിശാലമായ ഒരു നിര്‍വചനം കൂടി നമുക്ക് ക്രിസ്മസ് കാര്‍ഡുകള്‍ക്ക് നല്‍കാം. ഡിസംബര്‍ ഒമ്പത് അത്തരം കാര്‍ഡുകള്‍ അയക്കേണ്ടതിന്റെ ഒരു ഓര്‍മപ്പെടുത്തലും കൂടിയാണ്

Christmas Card Day 2024 : നാളെയാണ്, നാളെയാണ് ! കേട്ടിട്ടുണ്ടോ ‘ക്രിസ്മസ് കാര്‍ഡ് ദിന’ത്തെക്കുറിച്ച്, ഇങ്ങനെയുമുണ്ട് ഒരു ദിവസം
ക്രിസ്മസ് കാര്‍ഡ്‌ (image credits: freepik)
jayadevan-am
Jayadevan AM | Published: 08 Dec 2024 10:20 AM

ക്രിസ്മസ് ഡിസംബര്‍ 25നാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ക്രിസ്മസ് കാര്‍ഡിനുമുണ്ട് ഒരു ദിനം. പലര്‍ക്കും ഈ ദിവസത്തെ പറ്റി അത്ര പരിചയം കാണില്ല. എന്നാല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ ഒമ്പത് ക്രിസ്മസ് കാര്‍ഡ് ദിനമായാണ് ആചരിക്കുന്നത്. ഈ വര്‍ഷത്തെ ക്രിസ്മസ് കാര്‍ഡ് ദിനം നാളെയാണ്.

ക്രിസ്മസ് കാലത്ത് പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും പ്രകടിപ്പിക്കുന്നതിനായി അയക്കുന്ന ഗ്രീറ്റിംഗ് കാര്‍ഡാണ് ക്രിസ്മസ് കാര്‍ഡുകള്‍. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ പരസ്പരം കാര്‍ഡുകള്‍ കൈമാറിയിരുന്നു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ കൂട്ടുകാര്‍ക്ക് ഒരിക്കലെങ്കിലും കാര്‍ഡ് കൈമാറാത്തവര്‍ വളരെ ചുരുക്കമായിരിക്കുമല്ലോ.

പരസ്പര സൗഹാര്‍ദ്ദത്തിന്റെ പ്രതീകമെന്ന വിശാലമായ ഒരു നിര്‍വചനം കൂടി നമുക്ക് ക്രിസ്മസ് കാര്‍ഡുകള്‍ക്ക് നല്‍കാം. ഡിസംബര്‍ ഒമ്പത് അത്തരം കാര്‍ഡുകള്‍ അയക്കേണ്ടതിന്റെ ഒരു ഓര്‍മപ്പെടുത്തലും കൂടിയാണ്.

എഴുത്ത് സന്ദേശങ്ങള്‍ അവഗണിക്കുന്നത് ഒരു മര്യാദകേടായാണ് പണ്ട് കണക്കാക്കപ്പെട്ടിരുന്നത് (ഇപ്പോഴും അങ്ങനെ തന്നെ). അക്കാലത്ത് ഇംഗ്ലണ്ടുകാരനായ സര്‍ ഹെന്റി കോളിന് ഇടയ്ക്കിടെ കത്തുകള്‍ ലഭിക്കുമായിരുന്നു. ഈ കത്തുകളില്‍ നിന്നായിരിക്കാം അദ്ദേഹത്തിന് ക്രിസ്മസ് കാര്‍ഡ് എന്ന ആശയം മനസില്‍ വന്നത്.

ALSO READ: ക്രിസ്മസ് ഇങ്ങെത്തീ… കേക്കിനായി ഓടിനടക്കണ്ട; വീട്ടിൽ തന്നെ തയ്യാറാക്കാം, ഇതാ ഒരു സിമ്പിൾ റെസിപ്പി

1843ല്‍ അദ്ദേഹം തന്റെ സുഹൃത്തും ആര്‍ട്ടിസ്റ്റുമായ ജെ.സി. ഹോഴ്‌സിലിയോട് ഒരു ഡിസൈന്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് കോള്‍ തന്റെ സുഹൃത്തുക്കള്‍ക്കും കുടുബാംഗങ്ങള്‍ക്കും പരിചയക്കാര്‍ക്കും കാര്‍ഡ് അയച്ചുകൊടുത്തു. ലോകത്തിലെ ആദ്യത്തെ ക്രിസ്മസ് കാര്‍ഡായി കണക്കാക്കപ്പെടുന്നതും ഇതാണ്. ക്രിസ്മസ് സമയത്ത് ആശംസാ കാര്‍ഡുകള്‍ അയക്കുന്നതിന്റെ പിന്നിലെ ‘ആശയം’ കോളില്‍ നിന്നാണ് വന്നതെന്ന് ചുരുക്കം.

അമേരിക്കയില്‍ ക്രിസ്മസ് കാര്‍ഡുകള്‍ക്ക് പ്രചാരം നേടിക്കൊടുത്തത് ലൂയിസ് പ്രാങ് എന്നയാളാണ്. ബോസ്റ്റണില്‍ അദ്ദേഹത്തിന് സ്വന്തമായി ഒരു പ്രിന്റ് ഷോപ്പുണ്ടായിരുന്നു. 1875ല്‍ ഭാര്യയുടെ പ്രേരണയില്‍ വേറിട്ട ശൈലിയിലുള്ള ക്രിസ്മസ് കാര്‍ഡുകള്‍ ലൂയിസ് നിര്‍മ്മിച്ചത് ഏറെ ശ്രദ്ധ നേടി.

പിന്നീട് ക്രിസ്മസ് കാര്‍ഡുകള്‍ക്ക് പ്രചാരമേറി. ക്രിസ്മസ് കാലത്ത് പരസ്പരം കാര്‍ഡുകള്‍ വ്യാപകമായി കൈമാറി തുടങ്ങി. പരസ്പര സാഹോദര്യത്തിന്റെ ഓര്‍മപ്പെടുത്തലായി അത് ഇന്നും തുടരുന്നു. കാലത്തിന് അനുസരിച്ച് കാര്‍ഡുകളുടെ കോലവും മാറി. ഈ ഡിജിറ്റല്‍ കാലത്ത് ക്രിസ്മസ് കാര്‍ഡുകളും സ്വഭാവിക പരിവര്‍ത്തനം ഉള്‍ക്കൊണ്ടു. കാര്‍ഡുകള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറി, അല്ലെങ്കില്‍ മാറ്റി.