5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bommai Kolu: നവരാത്രിക്ക് തയ്യാറാക്കുന്ന ബൊമ്മക്കൊലുവിന്റെ പ്രത്യേകത അറിയാമോ?

What is bommai kolu: കേരളത്തിൽ ബ്രാഹ്മണ സമൂഹമഠങ്ങളെ കേന്ദ്രീകരിച്ചാണ് ബൊമ്മക്കൊലു ഒരുക്കൽ പ്രധാനമായും ഉള്ളത്.

Bommai Kolu: നവരാത്രിക്ക് തയ്യാറാക്കുന്ന ബൊമ്മക്കൊലുവിന്റെ പ്രത്യേകത അറിയാമോ?
ബൊമ്മക്കൊലു (Image - Dinodia Photo/getty images)
aswathy-balachandran
Aswathy Balachandran | Published: 03 Oct 2024 17:02 PM

തിരുവനന്തപുരം: തിന്മയ്ക്കുമേലുള്ള നന്മയുടെ വിജയമാണ് ഓരോ നവരാത്രിക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നത്. നന്മയുടെ വിജയത്തിന്റെ പ്രതീകങ്ങളായി ബൊമ്മകൾ നിരക്കുമ്പോൾ അവയിൽ നവരാത്രിസന്ദേശവും അതിനൊപ്പമെത്തുന്നു. നവരാത്രി ആഘോഷങ്ങളിൽ പ്രധാന ഘടകമാണ് ബൊമ്മക്കൊലു നിർമ്മാണം. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്‌ തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ അണിനിരത്തി നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു എന്നാണ് പറയപ്പെടുന്നത്.

കേരളത്തിൽ ബ്രാഹ്മണ സമൂഹമഠങ്ങളെ കേന്ദ്രീകരിച്ചാണ് ബൊമ്മക്കൊലു ഒരുക്കൽ പ്രധാനമായും ഉള്ളത്. നവരാത്രിയുടെ ആദ്യ ദിവസം ഗണപതി പൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ അത് ആണിനും പെണ്ണിനുമാകാം, ബൊമ്മക്കൊലുവിന്റെ നിർമ്മാണ ചടങ്ങുകൾ ആരംഭിക്കും.

ആദ്യമായി സരസ്വതി, പാർവ്വതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി കലശാവാഹനം പൂജവിധി നടത്തും. അതിനു ശേഷം മരത്തടികൾ കൊണ്ട് പടികൾ ഉണ്ടാക്കുന്നു. ഈ പടികളെയാണ് കൊലു എന്നു വിളിക്കുന്നത്. സാധാരണയായി 3, 5,7, 9, 11 എന്നിങ്ങനെ ഒറ്റ സംഖ്യയിലാണ് പടികൾ നിർമിക്കുന്നത്.

പടികൾക്കു മുകളിൽ തുണി വിരിക്കും. പിന്നീട് ദേവീ ദേവൻമാരുടെ ബൊമ്മകൾ അവയുടെ വലുപ്പത്തിനും സ്ഥാനത്തിനുമനുസരിച്ച് അതിൽ നിരത്തി വയ്ക്കുന്നു. പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മകൊലുകളിൽ കാണുന്നത്. ആദ്യ മൂന്ന് ദിവസങ്ങളിൽ ദുർഗയ്ക്കും തുടർന്നുള്ള മൂന്ന് ദിവസം ലക്ഷ്മിക്കും പിന്നീട് മൂന്ന് ദിവസം സരസ്വതിക്കുമാണ് പൂജ ചെയ്യുന്നത്.

ബൊമ്മക്കൊലു കാണാനെത്തുന്നവർക്ക് പ്രസാദവും സമ്മാനങ്ങളും നൽകുന്നതും ചടങ്ങാണ്. ബൊമ്മക്കൊലു പൂജയിലൂടെ ദേവീ സാന്നിധ്യം ഉണ്ടാകുമെന്നും ഇത് ഐശ്വര്യം കൊണ്ടു വരുമെന്നുമാണ് പരക്കെയുള്ള വിശ്വാസം.

 

കഥ ഇങ്ങനെ

 

ദാരികനെന്ന അസുരനെ വധിക്കാനായി കാളി തപസ്സ് ചെയ്തു. കുറേതവണ ദാരികനെ വധിക്കാൻ ശ്രമിച്ചു എങ്കിലും അതിനു കഴിയാതെ വന്നപ്പോഴാണ് കാളി ശക്തിസ്വരൂപിക്കാനായി തപസ്സ് തുടങ്ങുന്നത്. ഒൻപതു രാവുകളും പത്തു ദിനങ്ങളും നീളുന്ന തപസായിരുന്നു അത്. ദാരിക നിഗ്രഹം ദേവകളുടേയും ആവശ്യമായതിനാൽ കാളിക്ക് പിന്തുണ പ്രഖ്യാപിച്ച് ദേവീ ദേവന്മാരും തപസ്സനുഷ്ഠിക്കുന്നിടത്തു വരികയും വിവിധ തരം ആയുധങ്ങളും ആഹാരപദാർത്ഥങ്ങളും ഉൾപ്പെടെ വിശിഷ്ടമായ കാഴ്ചവസ്തുക്കൾ സമ്മാനമായി നൽകുകയും ചെയ്തു. ഇതാണ് നവരാത്രി പൂജ.

വിശയദശമിയുടെ അന്ന് തപസ്സ് മതിയാക്കി ദേവകളുടെ അനുഗ്രാശ്ശിസ്സുകളോടെ ദാരിക നിഗ്രഹത്തിനു പുറപ്പെടുകയും രണ്ടാഴ്ചത്തെ യുദ്ധത്തിനു ശേഷം കറുത്ത വാവ് ദിവസത്തിൽ ദാരികനെ വധിക്കുകയും ചെയ്യുന്നു. അതാണ് ദീപാവലി. നവരാത്രിയിൽ കാളിയുടെ തപസ്സിന് പിന്തുണ അർപ്പിക്കാൻ വരുന്ന ദേവഗണത്തെ പ്രതിനിധീകരിക്കുന്നതാണ് ബൊമ്മക്കൊലു എന്നാണ് വിശ്വാസം.