Religious Tips: പൂജയ്ക്കെടുത്ത തേങ്ങ ചീത്തയാകുന്നത് അശുഭമോ?
Religious Tips in Malayalam: ദൈവത്തിന് പ്രസാദമായി സമർപ്പിച്ച തേങ്ങ ഉടയ്ക്കുമ്പോൾ പ്രസാദം എല്ലാവർക്കും നൽകാം. വഴിപാടുകൾ എത്ര പേർക്ക് വിതരണം ചെയ്യുന്നുവോ അത്രയും പുണ്യം ലഭിക്കും എന്നാണ് വിശ്വാസം
ഹൈന്ദവ വിശ്വാസ പ്രകാരം മംഗളകരമായ കർമ്മങ്ങളിൽ എപ്പോഴും തേങ്ങ ഉപയോഗിക്കുന്നത് പതിവാണ്. പൂജകൾക്ക് നാളികേരം നിവേദിക്കുകയും അത് പൊട്ടിച്ച് പ്രസാദമായി കഴിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെയുള്ള പൂജാ ചടങ്ങുകളിൽ തേങ്ങ കേടായാൽ എന്തു ചെയ്യും? അല്ലെങ്കിൽ തേങ്ങ പൊട്ടുകയോ മറ്റോ ചെയ്താലും എന്ത് ചെയ്യും എന്നത് എപ്പോഴും ആളുകളുടെ മനസ്സിലുള്ള ചോദ്യങ്ങളിൽ ഒന്നാണ്. ഇത്തരത്തിൽ തേങ്ങ ചീത്തയാകുന്നത് മോശം ലക്ഷണമാണോ അല്ലെങ്കിൽ ഇത് ദുശ്ശകുനമാണോ തുടങ്ങിയ കാര്യങ്ങൾ നോക്കാം.
തേങ്ങ ചീത്തയായാൽ
പൂജയ്ക്കായി തേങ്ങ പൊട്ടിക്കുമ്പോൾ കേടായതായി തോന്നിയാൽ ഒരിക്കലും പരിഭ്രാന്തരാകരുത്. അത് മോശം ശകുനത്തിൻ്റെ ലക്ഷണമല്ല. മറിച്ച്, ദൈവം പ്രസാദം സ്വീകരിച്ചുവെന്ന് വേണം കരുതാൻ. ദൈവ കോപം കൊണ്ട് ഒരിക്കലും തേങ്ങ ചീത്തയാവില്ല, നെഗറ്റീവായി ഇത്തരം കാര്യങ്ങളെ എടുക്കാതിരിക്കുക. ചീത്ത തേങ്ങയെന്ന് തോന്നിയാൽ അത് ഒഴിവാക്കി നല്ല തേങ്ങ എടുക്കാൻ മടിക്കേണ്ട.
എല്ലാവർക്കും പ്രസാദം
ദൈവത്തിന് പ്രസാദമായി സമർപ്പിച്ച തേങ്ങ ഉടയ്ക്കുമ്പോൾ പ്രസാദം എല്ലാവർക്കും നൽകാം. വഴിപാടുകൾ എത്ര പേർക്ക് വിതരണം ചെയ്യുന്നുവോ അത്രയും പുണ്യം ലഭിക്കും എന്നാണ് വിശ്വാസം. ഇതിലും ചില നിഷ്ടകൾ പിന്തുടരുന്നത് എപ്പോഴും നല്ലതായിരിക്കും.വൃത്തിയില്ലാത്ത കൈകൊണ്ട് പ്രസാദത്തെ തൊടുകയോ വൃത്തികെട്ട കൈകൊണ്ട് സ്വീകരിക്കുകയോ ചെയ്യരുതെന്ന് ഓർമ്മിക്കണം.
പ്രസാദം പൂർണ്ണമായി തീർന്നില്ലെങ്കിൽ, വൃത്തിയുള്ള സ്ഥലത്ത് വൃത്തിയുള്ള ഒരു പാത്രത്തിൽ അത് സൂക്ഷിക്കുക. പ്രസാദം ഒരിക്കലും വൃത്തികെട്ട പാത്രത്തിൽ വൃത്തിഹീനമായ സ്ഥലത്ത് സൂക്ഷിക്കരുത്. മാത്രമല്ല പ്രസാദം അബദ്ധത്തിൽ നിലത്തു വീണാൽ പക്ഷികൾക്കും മറ്റും നൽകുക. ആരും അതിൽ ചവിട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
ലക്ഷ്മി ദേവി
ഹൈന്ദവ ഗ്രന്ഥങ്ങളിൽ, തേങ്ങയെ അതി വിശിഷ്ചമായാണ് കരുതുന്നത്. ഇതിന് കാരണം തേങ്ങ എപ്പോഴും ലക്ഷ്മി ദേവിയുടെ വാസസ്ഥലമായാണ് കണക്കാക്കുന്നത്. സമ്പത്തിൻ്റെ ദേവത കൂടിയായ ലക്ഷ്മി ദേവിക്കുള്ള ആരാധനയായി നാളികേരം പ്രത്യേകിച്ച് സമർപ്പിക്കും. ഇതോടൊപ്പം ത്രിമൂർത്തികളുടെ വാസസ്ഥലമായും നാളികേരം കണക്കാക്കപ്പെടുന്നു.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് TV9 മലയാളം സ്ഥിരീകരിക്കുന്നില്ല