Sweet Potato Benefits: നേത്രാരോഗ്യം മുതൽ രോഗപ്രതിരോധശേഷി വരെ; മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
Health Benefits Sweet Potato: കണ്ണുകളുടെ ആരോഗ്യത്തിനും, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും, ചർമ്മത്തിന്റെ ആരോഗ്യത്തിനും, ദഹനം മെച്ചപ്പെടുത്താനും എല്ലാം മധുരക്കിഴങ്ങ് മികച്ചതാണ്.
സാധാരണഗതിയിൽ നമ്മുടെ ഡയറ്റിൽ പതിവായി ഉൾപ്പെടുത്താത്ത ഒന്നാണ് മധുരക്കിഴങ്ങ്. എന്നാൽ നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണിത്. മലയാളികൾക്ക് കിഴങ്ങുകളോട് പൊതുവെ കുറച്ച് താല്പര്യ കൂടുതൽ ഉണ്ടെങ്കിലും, മധുരക്കിഴങ് പതിവായി കഴിക്കുന്ന ശീലം വളരെ കുറവാണ്. ഇത് കൂടുതലും ലഭിക്കുന്നത് ശൈത്യകാലത്ത് ആണ്. നമുക്ക് ആവശ്യമായുള്ള പോഷകങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറികളും, പഴങ്ങളും അന്വേഷിച്ചു നടക്കുന്നതിനിടയിൽ നമുക്ക് സുലഭമായി ലഭിക്കുന്ന പലതും നമ്മൾ വിട്ടുപോകുന്നു. അത്തരത്തിൽ ഒന്നാണ് മധുരക്കിഴങ്ങ്. രുചിയിൽ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും ഇത് മുൻപന്തിയിൽ തന്നെ ഉണ്ട്.
നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി-ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. ഇവ കണ്ണുകളുടെ ആരോഗ്യത്തിനും, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും, ചർമ്മത്തിന്റെ ആരോഗ്യത്തിനും, ദഹനം മെച്ചപ്പെടുത്താനും എല്ലാം മികച്ചതാണ്. ഇതിൽ ധാരാളം നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ നമ്മുടെ ഊർജം നിലനിർത്താൻ ആവശ്യമായ ഇരുമ്പും ഇവയിൽ ധാരാളം ഉണ്ട്. ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും മധുരക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്താൻ നിർദേശിക്കുന്നതും ഇക്കാരണങ്ങൾ കൊണ്ടാണ്. ഇതിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ നോക്കാം:
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തും
വിറ്റാമിൻ സി ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള കരോട്ടിനോയിഡുകളും ആന്തോസയാനിനും ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും, അതുവഴി പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. 124 ഗ്രാം മധുരക്കിഴങ്ങിൽ 12.8 മില്ലി ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
നേത്രാരോഗ്യം
വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ കൊണ്ട് സമ്പന്നമാണ് മധുരക്കിഴങ്ങ്. ഇത് അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. കൂടാതെ, മധുരക്കിഴങ്ങിലെ ബീറ്റാ കരോട്ടിൻ, ആന്തോസയാനിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ കാഴ്ച നഷ്ടപ്പെടുന്നത് തടയാനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ദഹനം മെച്ചപ്പെടുത്തും
ഭക്ഷണത്തിൽ മധുരക്കിഴങ്ങ് ഉൾപ്പെടുത്തുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതിൽ അടങ്ങിയിട്ടുള്ള ഫൈബർ ആണ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. കൂടാതെ, മധുരക്കിഴങ്ങിലെ ധാതുക്കളും വിറ്റാമിൻ ബിയും വയറുവേദന, അസിഡിറ്റി, മലബന്ധം എന്നിവ അകറ്റാനും മികച്ചതാണ്.
ശരീരഭാരം നിയന്ത്രിക്കാൻ
ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ഒരു മികച്ച ഓപ്ഷൻ ആണ് മധുരക്കിഴങ്ങ്. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങിൽ കലോറി കുറവാണ്. ഇത് അമിത വിശപ്പ് നിയന്ത്രിക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. മല്ലിയില, ജീരകം, കുരുമുളക് തുടങ്ങിയ അധികം കലോറി ഇല്ലാത്ത ഔഷധങ്ങൾ അല്ലെങ്കിൽ മസാലകൾ ചേർത്തും മധുരക്കിഴങ്ങ് കഴിക്കാവുന്നതാണ്.
പ്രമേഹ രോഗികൾക്കും കഴിക്കാം
പ്രമേഹ രോഗികൾക്കും മധുരക്കിഴങ്ങ് കഴിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. ഇതിൽ പ്രകൃതിദത്തമായ മധുരം അടങ്ങിയിട്ടുണ്ടെങ്കിലും ഇതിൽ ഗ്ലൈസെമിക് സൂചിക (ജിഐ) കുറവാണ്. മധുരക്കിഴങ്ങ് കഴിച്ചതിലൂടെ ടൈപ്പ് 2 പ്രമേഹ രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതായും, ഗ്ലൂക്കോസ് നിയന്ത്രണത്തിൽ പുരോഗതിയുണ്ടായതായും യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫ. ഡോ.ബെർഹാർഡ് ലുദ്‌വിക് 2004 നടത്തിയ പഠനത്തിൽ പറയുന്നു.