Vitamin A Rich Foods: കണ്ണുകളുടെ ആരോഗ്യത്തിന് ഡയറ്റിൽ വേണ്ടത് വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ; ഇവ പതിവാക്കൂ
Vitamin A Rich Foods for Healthy Eyes: വിറ്റാമിൻ എയുടെ കുറവ് വരണ്ട കണ്ണുകൾ, ഇടയ്ക്കിടെയുള്ള കണ്ണിലെ അണുബാധ, കാഴ്ച മങ്ങൽ, മറ്റ് കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. അതിനാൽ, ഡയറ്റിൽ പതിവാക്കേണ്ട വിറ്റാമിൻ എ അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.
ശരീരത്തിന് അത്യാവശ്യം വേണ്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ എ. വിറ്റാമിൻ എ അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെയും കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സാധിക്കും. ഇക്കാലത്ത് കംപ്യൂട്ടറും മൊബൈൽ സ്ക്രീൻ ഉപയോഗവും മറ്റും ഏറെയാണ്. ഇതുകൂടാതെ, പോഷകങ്ങളുടെ കുറവ്, പ്രത്യേകിച്ച് വിറ്റാമിൻ എയുടെ കുറവ്, കണ്ണുകൾക്ക് ദോഷം ചെയ്തേക്കാം.
വിറ്റാമിൻ എ കണ്ണിൻ്റെ ആരോഗ്യത്തിന് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു പോഷകമാണ്. ഇതിൻ്റെ കുറവ് രാത്രിയുള്ള കാഴ്ച കുറവ്, വരണ്ട കണ്ണുകൾ, ഇടയ്ക്കിടെയുള്ള കണ്ണിലെ അണുബാധ, കാഴ്ച മങ്ങൽ, മറ്റ് കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. അതിനാൽ, വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തിൽ വിറ്റാമിൻ എ അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.
കാരറ്റ്
വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ് കാരറ്റ്. ശരീരത്തിൽ വിറ്റാമിൻ എ ആയി മാറാൻ ശേഷിയുള്ള ബീറ്റാ കരോട്ടിനും ഇതിൽ അടങ്ങിയിട്ടുണ്ട്. കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി വർദ്ധിപ്പിക്കുകയും കണ്ണുകൾക്ക് കൂടുതൽ പോഷണം നൽകുകയും ചെയ്യുന്നു.
മധുരക്കിഴങ്ങ്
വിറ്റാമിൻ എയുടെ മറ്റൊരു മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്. ഇതിൽ കണ്ണിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ സി എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്.
ചീര
ചീര ഉൾപ്പടെ ഉള്ള ഇലക്കറികളിൽ ലുട്ടീൻ, സിയാക്സാന്തിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണ് സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ഈ പോഷകങ്ങൾ തിമിരം, വാർദ്ധക്യ സഹചമായ മാക്യുലർ ഡീജനറേഷൻ തുടങ്ങിയ നേത്ര പ്രശ്നങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു.
ALSO READ: ദിവസവും ഒരു ഗ്രാമ്പൂ ചവച്ച് കഴിക്കൂ… ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് അറിയാം
മുട്ട
വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് മുട്ട. ഇത് കണ്ണിൻ്റെ ആരോഗ്യം നിലനിർത്താനും, അതുപോലെ തന്നെ കാഴ്ച മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പാലും പാലുൽപ്പന്നങ്ങളും
പാൽ, തൈര്, ചീസ്, വെണ്ണ തുടങ്ങിയ പാലുൽപ്പന്നങ്ങളും വിറ്റാമിൻ എയുടെ നല്ല ഉറവിടങ്ങളാണ്. കണ്ണുകളുടെയും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ കാൽസ്യവും, ശരീരത്തിന് ആവശ്യമായ മറ്റ് പ്രധാന പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്.
കണ്ണുകളുടെ ആരോഗ്യത്തിന് ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ:
1. സൺഗ്ലാസ് ധരിക്കുക: വെയിലത്ത് പോകുമ്പോൾ, ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിന് വേണ്ടി സൺഗ്ലാസ് ധരിക്കുക.
2. സ്‌ക്രീൻ സമയം കുറയ്ക്കുക: കംപ്യൂട്ടർ, മൊബൈൽ, ടിവി തുടങ്ങിയവയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് പരമാവധി ഒഴിവാക്കുക.
3. പതിവായി നേത്ര പരിശോധനകൾ നടത്തുക: നേത്രരോഗങ്ങൾ കൃത്യസമയത്ത് കണ്ടെത്തുകയും ചികിത്സിക്കുകയും വേണം. അതിനായി കൃത്യമായ ഇടവേളകളിൽ നേത്ര പരിശോധനകൾ നടത്തണം.