AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vishu 2025: വിഷുക്കൈനീട്ടം അത്ര ലളിതമല്ല; എങ്ങനെ, ആർക്ക്, എന്തിന് നൽകണം എന്നറിയാമോ?

What Is Vishukkaineettam: വിഷുക്കൈനീട്ടം വിഷുവിലെ ഏറ്റവും ആകർഷണീയമായ ഒന്നാണ്. വിഷുവിന് നൽകുന്ന പണം എന്നതിനപ്പുറം വിഷുക്കൈനീട്ടത്തിന് ചില പ്രത്യേകതകളുണ്ട്. ഇത് എന്താണെന്ന് പരിശോധിക്കാം.

Vishu 2025: വിഷുക്കൈനീട്ടം അത്ര ലളിതമല്ല; എങ്ങനെ, ആർക്ക്, എന്തിന് നൽകണം എന്നറിയാമോ?
പ്രതീകാത്മക ചിത്രംImage Credit source: Social Media
abdul-basith
Abdul Basith | Published: 09 Apr 2025 17:28 PM

വിഷുവിന് സദ്യയും പടക്കവുമായിട്ട് ആകർഷണങ്ങളൊരുപാടുണ്ടെങ്കിലും കുട്ടികൾക്ക് പ്രധാനം മറ്റൊന്നാണ്. വിഷുക്കൈനീട്ടം. കിട്ടുന്ന കൈനീട്ടമൊക്കെ കൂട്ടിവച്ച് പരസ്പരം മേനിപറയൽ പതിവാണ്. വിഷുവിന് നൽകുന്ന പണം എന്നതിനപ്പുറം വിഷുക്കൈനീട്ടത്തിന് ചില പ്രത്യേകതകളുണ്ട്.

വിഷുക്കൈനീട്ടം എന്നാൽ?
രാവിലെ കണി കണ്ടതിന് ശേഷം കാരണവന്മാർ കുട്ടികൾക്ക് സമ്മാനമായി നൽകുന്ന പണമാണ് വിഷുക്കൈനീട്ടം. വിഷുക്കൈനീട്ടം ആ വർഷത്തെ സമൃദ്ധിയുടെ സൂചകമാണ്. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന പഴയകാലത്ത് കുടുംബത്തിലെ സ്വത്തിൻ്റെ ചെറിയ പങ്ക് എല്ലാവർക്കുമായി വീതിച്ചുനൽകുന്നതാണ് വിഷുക്കൈനീട്ടമെന്നും ചിലർ വാദിക്കുന്നു.

ആര്, ആർക്ക് നൽകുന്നു?
വീട്ടിലെ മുതിർന്ന പുരുഷ അംഗങ്ങളാണ് സാധാരണയായി വിഷുക്കൈനീട്ടം നൽകുക. അച്ഛനോ മുത്തശ്ശനോ അമ്മാവനോ കൈനീട്ടം കൊടുക്കാറുണ്ട്. സാധാരണയായി കുടുംബത്തിലെ പ്രായമായവർ പ്രായം കുറഞ്ഞവർക്കാണ് വിഷുക്കൈനീട്ടം നൽകാറുള്ളത്. ചില സ്ഥലങ്ങളിൽ ഇത് തിരിച്ചും നടക്കാറുണ്ട്.

പണം മാത്രം നൽകിയാൽ മതിയോ?
വെറുതെ പണം മാത്രമല്ല നൽകേണ്ടത്. കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വര്‍ണ്ണവും ഉൾപ്പെടെ വേണം കൈനീട്ടം നൽകാൻ. മുൻപ് നാണയമായിരുന്നു കൈനീട്ടമായി നൽകാറുണ്ടായിരുന്നത്. ഇപ്പോൾ നാണയത്തിന് പകരം നോട്ടുകൾ നൽകാറുണ്ട്. ധനത്തിൻ്റെ ദേവതയായ മഹാലക്ഷ്മിയുടെ സമ്പൽ സമൃദ്ധിയും ഐശ്വര്യവും വർഷം മുഴുവൻ ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാവണം കൈനീട്ടം നൽകേണ്ടതും സ്വീകരിക്കേണ്ടതും.

Also Read: Vishu Special Train: വിഷുവിന് കണി നാട്ടിൽ തന്നെ… സ്പെഷ്യൽ ട്രെയിൻ സർവീസ് ഇങ്ങനെ; അറിയാം കൂടുതൽ വിവരങ്ങൾ

കേരള സംസ്ഥാനത്തിൻ്റെ കാർഷികോത്സവമാണ് വിഷു. മലയാളം മാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കാറുള്ളത്. ഈ വർഷത്തെ വിഷു ഏപ്രിൽ 14ന് ആഘോഷിക്കും. ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ വിഷു മലയാളികൾ ഒന്നടങ്കം ആഘോഷിക്കാറുണ്ട്. കേരളത്തിലെ കാർഷികോത്സവം വിഷു ആണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ വിഷുവിന് സമാനമായി അതാത് കാർഷികോത്സവങ്ങളുണ്ട്.

ജ്യോതിശാസ്ത്രം പറയുന്നതിനനുസരിച്ച് സൂര്യൻ ഖഗോളമധ്യരേഖ (Celestial equator) കടന്നുപോകുന്ന പ്രതിഭാസമായ വിഷുവത്തിൽ നിന്നാണ് വിഷു എന്ന വാക്ക് ഉണ്ടായത്. ഒരു വർഷത്തിൽ രണ്ട് വിഷുവങ്ങളുണ്ട്. മാർച്ച് 20നും സെപ്തംബർ 23നും. അതായത് മലയാള മാസം മേടം ഒന്നിനുള്ള മേട വിഷുവവും തുലാം ഒന്നിനുള്ള തുലാ വിഷുവവും.