5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vishu 2025: ഇത്തിരി ചക്ക ഉണ്ടോ? ‘വിഷു രുചി’ ഒരുക്കാം കെങ്കേമമായി

Jackfruit Recipes For Vishu Sadhya: ചക്കയുടെയും മാങ്ങയുടെയും സീസണായതിനാൽ വിഷു സദ്യയുടെ രുചി ഒന്ന് കൂടി കൂടും. ഈ വിഷു നാളിൽ ചക്ക ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന കുറച്ച് റെസിപ്പികൾ പരിചയപ്പെട്ടാലോ

Vishu 2025: ഇത്തിരി ചക്ക ഉണ്ടോ? ‘വിഷു രുചി’ ഒരുക്കാം കെങ്കേമമായി
nithya
Nithya Vinu | Published: 12 Apr 2025 20:50 PM

വിഷു ആഘോഷത്തിന് ഇനി ഒരു ദിവസം കൂടി. കണികാണലും കൈനീട്ടവുമൊക്കെയായി വിഷു കെങ്കേമമാക്കാൻ കാത്തിരിക്കുകയാണ് മലയാളികൾ. വിഷു ആഘോഷത്തിൽ ഏറ്റവും പ്രധാനിയാണ് വിഷു സദ്യ. പ്രത്യേകിച്ച് ചക്കയുടെയും മാങ്ങയുടെയും സീസണായതിനാൽ സദ്യയുടെ രുചി ഒന്ന് കൂടി കൂടും. ഈ വിഷു നാളിൽ ചക്ക ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന കുറച്ച് റെസിപ്പികൾ പരിചയപ്പെട്ടാലോ…

ചക്ക പ്രഥമൻ

വേണ്ട സാധനങ്ങൾ

ചക്ക വരട്ടിയത് – ഒരു കപ്പ്
ശർക്കര
തേങ്ങാപ്പാൽ
ഏലക്കാപ്പൊടി
ചുക്ക് പൊടി
ജീരക പൊടി

ഒരു കപ്പ് ചക്ക വരട്ടിയതിലേക്ക് അരക്കപ്പ് ശർക്കര പാനി, കട്ടി കുറഞ്ഞ രണ്ട് കപ്പ് തേങ്ങാപ്പാൽ എന്നിവ ചേർത്ത് തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ ഇതിലേക്ക് അര സ്പൂൺ ഏലക്കാപ്പൊടി, കാൽ ടീസ്പൂൺ ചുക്ക് പൊടി ചേർക്കുക. നന്നായി കുറുകി കഴിയുമ്പോൾ ഒന്നാം തേങ്ങപ്പാൽ മുക്കാൽ കപ്പ് ചേർക്കാം. വീണ്ടും നന്നായി തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക. ഇതിലേക്ക് നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ചേർത്ത ശേഷം ചൂടോടെ സ്വാദോടെ കുടിക്കാവുന്നതാണ്.

ഇടിച്ചക്ക തോരൻ

വേണ്ട സാധനങ്ങൾ

ചക്ക – ചെറിയ കഷ്ണങ്ങളാക്കിയത്
തേങ്ങ- ആവശ്യത്തിന്
പച്ച കുരുമുളക്
ജീരകം
വെളുത്തുള്ളി
മഞ്ഞൾപ്പൊടി
കടുക്
വെളിച്ചെണ്ണ
കറിവേപ്പില

ഇടിച്ചക്ക ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുത്ത് ആവിയിൽ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം ഇത് മിക്സിയിലിട്ട് ചെറുതായി ചതച്ചെടുക്കാം. ഇതിലേക്ക് തേങ്ങ, പച്ച കുരുമുളക്, ഒരു ടീസ്പൂണ്‍ ജീരകം, രണ്ടു അല്ലി വെളുത്തുള്ളി, അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ചേർത്ത് നന്നായി ചതച്ചെടുക്കാം.  ശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്ക്, കറിവേപ്പില, ഉണക്ക മുളക് എന്നിവ താളിച്ച് ഇതിലേക്ക് ചതച്ച ചക്കയും തേങ്ങ ചതച്ചതും അര കപ്പ് വേവിച്ച വൻപയറും ചേർക്കാം. ആവശ്യത്തിന് ഉപ്പ് ഇടാൻ മറക്കരുത്.     കടുകും കറിവേപ്പിലയും ഉണക്കമുളകും താളിച്ച് ചതച്ച ചക്കയും അരക്കപ്പ് വേവിച്ച വന്‍പയറും തേങ്ങ ചതച്ചതും ചേര്‍ത്ത് ഡ്രൈ ആവുന്നത് വരെ ഇളക്കുക.  ആവശ്യത്തിന് ഉപ്പും ഇടാൻ മറക്കരുത്.

ചക്ക അവിയല്‍

വേണ്ട സാധനങ്ങൾ

ചക്ക ചുള
ചക്ക കുരു
പടവലങ്ങ
കാരറ്റ്
വെള്ളരിക്ക
മുരിങ്ങക്ക
പച്ചമാങ്ങ
പച്ചമുളക്

ചക്കചുള, ചക്ക കുരു, കാരറ്റ്, മുരിങ്ങക്ക, വെള്ളരിക്ക, പടവലങ്ങ, പച്ചമങ്ങ, പച്ചമുളക് ഇവയെല്ലാം  വേണ്ട നീളത്തില്‍ അരിയുക. ശേഷം ഒരു പാത്രത്തില്‍ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് അരിഞ്ഞ് വെച്ച ചക്കകുരു, അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് അഞ്ച് മിനിറ്റ് വേവിച്ചെടുക്കാം. ശേഷം ചക്ക ഒഴികെയുള്ള മറ്റ് പച്ചക്കറികൾ ചേർത്ത് വീണ്ടും അഞ്ച് മിനിറ്റ് വേവിക്കാം. പച്ചക്കറികള്‍  ഒരു വിധം വെന്ത് വരുമ്പോള്‍ തേങ്ങ, ഒരു ടീസ്പൂണ്‍ ജീരകം, അഞ്ച് അല്ലി ചുവന്നുള്ളി, കറിവേപ്പില എന്നിവ ചതച്ചെടുത്തതും യോജിപ്പിക്കാം. വീണ്ടും അടച്ചുവെച്ച് അല്‍പസമയം ശേഷം കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ത്ത് വഴറ്റുക.