Vishu Sadhya 2025: വിഷുവിന് എളുപ്പത്തിലൊരു കറി; രുചികരം, ഉണ്ടാക്കാനും എളുപ്പം, റെസിപ്പി
Vishu 2025 Raw Mango Pachadi Recipe: ഇത് മാങ്ങയുടെ കാലം കൂടിയാണല്ലോ. അതുകൊണ്ട് തന്നെ നാട്ടിലും വീട്ടിലുമെല്ലാം മാങ്ങ സുലഭമായി ലഭിക്കും. അതിനാൽ ഇത്തവണ വിഷുവിന് എളുപ്പം തയ്യാറാക്കാവുന്ന ഒരു പച്ച മാങ്ങാ പച്ചടി ഉണ്ടാക്കിയാലോ?

വിഷു ആഘോഷിക്കുവാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍. വിഷുവെന്ന് പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരുന്നത് വിഷുക്കണിയും, പടക്കവും, കൈനീട്ടവുമാണെങ്കിലും സദ്യയും ആഘോഷത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഇത് മാങ്ങയുടെ കാലം കൂടിയാണല്ലോ. അതുകൊണ്ട് തന്നെ നാട്ടിലും വീട്ടിലുമെല്ലാം മാങ്ങ സുലഭമായി ലഭിക്കും. അതിനാൽ ഇത്തവണ വിഷുവിന് എളുപ്പം തയ്യാറാക്കാവുന്ന ഒരു പച്ച മാങ്ങാ പച്ചടി തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ:
- പച്ചമാങ്ങാ – ഒന്ന്
- തേങ്ങാ ചിരകിയത് – അര കപ്പ്
- ചെറിയുള്ളി – 3 എണ്ണം
- തൈര് – 3 ടേബിൾ സ്പൂൺ
- പച്ചമുളക് – 3 എണ്ണം
- കടുക് – 1 ടീസ്പൂൺ
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ഒരു കപ്പ്
- വറ്റൽമുളക് – 3 എണ്ണം
- കറിവേപ്പില
ALSO READ: ഈ വിഷു സദ്യ അല്പം മധുരത്തോടെയാവാം; തയ്യാറാക്കാം വെറൈറ്റി പലഹാരങ്ങൾ
തയ്യാറാക്കുന്ന വിധം:
ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അര കപ്പ് തേങ്ങാ ചിരകിയത്, ചെറിയുള്ളി മൂന്ന് എണ്ണം, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്, കാൽ ടീസ്പൂൺ കടുക്, മൂന്ന് ടേബിൾ സ്പൂൺ തൈര് എന്നിവയിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ഇനി ഒരു പാൻ സ്റ്റവിൽ വെച്ച് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ ഇതിലേക്ക് കടുക് ചേർത്ത് കൊടുക്കാം. കടുക് പൊട്ടി തുടങ്ങുമ്പോൾ ഇതിലേക്ക് വറ്റൽ മുളകും കറിവേപ്പിലയും കൂടി ചേർത്ത് കൊടുക്കാം. ശേഷം പച്ച മാങ്ങാ അരിഞ്ഞതും മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
മാങ്ങ വെന്തുവരുമ്പോൾ ഇതിലേക്ക് നേരത്തെ തയാറാക്കി വെച്ച അരപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം വെള്ളം കൂടി ആവശ്യാനുസരണം ചേർക്കാം. ആദ്യത്തെ തിള വരുമ്പോൾ തന്നെ സ്റ്റവ് ഓഫ് ചെയ്യാം. രുചികരമായ പച്ച മാങ്ങാ പച്ചടി തയ്യാർ.