Protein Rich Foods: വെജിറ്റേറിയൻ ആണോ? എങ്കിൽ പ്രോട്ടീനിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം
Vegetarian Foods Rich in Protein: സസ്യാഹാരികൾക്ക് പ്രോട്ടീനിനായി ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില ഭക്ഷണങ്ങൾ നോക്കാം.
ശരീരത്തിന് ആവശ്യമായ ഏറ്റവും പ്രധനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. പേശികളുടെ ശക്തിക്കും, പ്രതിരോധശേഷി കൂട്ടുന്നതിനുമെല്ലാം പ്രോട്ടീൻ സഹായകമാണ്. ശരീരത്തിലെ പ്രോട്ടീന്റെ കുറവ് പലരീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. മത്സ്യം, മാംസം, മുട്ട എന്നിവയെല്ലാമാണ് പ്രോട്ടീന്റെ മികച്ച ഉറവിടങ്ങൾ എന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ, ഇവയെക്കാളും പ്രോട്ടീൻ അടങ്ങിയ ധാരാളം സസ്യാഹാരങ്ങളും ഉണ്ട്. പലർക്കും ഇതിനെ കുറിച്ച് കൃത്യമായി ധാരണയില്ലെന്ന് മാത്രം. സസ്യാഹാരികൾക്ക് പ്രോട്ടീനിനായി ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില ഭക്ഷണങ്ങൾ നോക്കാം.
കൂൺ
പ്രോട്ടീനിന്റെ മികച്ച ഉറവിടങ്ങളിൽ ഒന്നാണ് കൂൺ. ഇതിനു പുറമെ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി6, ഇരുമ്പ് തുടങ്ങി നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിനും, എല്ലുകളുടെ ആരോഗ്യത്തിനും ഇവ മികച്ചതാണ്.
പനീർ
പനീറിലും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ എ, ഒമേഗ 3 ഫാറ്റി ആസിഡ്, ആന്റി-ഓക്സിഡന്റുകൾ, കാത്സ്യം തുടങ്ങിയ പോഷകങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു. തലച്ചോറിനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും പനീർ മികച്ചതാണ്. കൂടാതെ, പനീർ പതിവായി കഴിക്കുന്നത് ശാരീരിക ശക്തി വർധിപ്പിക്കുകയും, ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു.
സോയ
പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് സോയ ബീനും. നമ്മുടെ ശരീരത്തിന്റെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായുള്ള ഒമ്പത് അമിനോ ആസിഡുകളും സോയയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കൊഴുപ്പ് വളരെ കുറവാണ്. എന്നാൽ, അമിതമായി സോയ ഉപയോഗിക്കുന്നതും നല്ലതല്ല. കാരണം ഇത് ഈസ്ട്രജന്റെ അളവ് വർധിപ്പിക്കും. അതിനാൽ, പതിവായി സോയ കഴിക്കുന്നത് ഒഴിവാക്കാം.
ALSO READ: അമിത വണ്ണമാണോ പ്രശ്നം? എങ്കിൽ ഡയറ്റിൽ ഈ പത്ത് ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ
പയറുവർഗങ്ങൾ
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ പല പോഷകങ്ങളും പയറുവർഗങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇവ പ്രോട്ടീൻ, ഫൈബർ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഒരു കപ്പ് വേവിച്ച പയറുവർഗങ്ങളിൽ ഏകദേശം 18 ഗ്രാം പ്രോട്ടീൻ വരെ ഉണ്ടാകും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഡയറ്റിൽ ഉൾപ്പെടുത്താം.
പാൽ
കാത്സ്യത്തിന്റെ മാത്രമല്ല പ്രോട്ടീനിന്റെയും ഒരു മികച്ച ഉറവിടമാണ് പാൽ. ഇത് ശരീരത്തിന് ആവശ്യമായ അളവിൽ പ്രോട്ടീനും കാത്സ്യവും നൽകുന്നു. പല്ലുകളുടെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും പാൽ ഒരുപോലെ മികച്ചതാണ്. കൂടാതെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇവ സഹായിക്കും.
വിത്തുകൾ
പയറുവർഗങ്ങൾ പോലെ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ശരീരത്തിന് വളരെ നല്ലതാണ്. ഇവയിൽ ധാരാളം പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. മത്തങ്ങാ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, ചിയ വിത്തുകൾ, ചണ വിത്ത് തുടങ്ങിയ വിത്തുകൾ പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമാണ്.
പഴങ്ങൾ
അവക്കാഡോ, ചക്ക, പേരയ്ക്ക, കിവി, മാതളനാരങ്ങ പോലുള്ള പഴങ്ങളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ, ആന്റി-ഓക്സിഡന്റുകൾ, നാരുകൾ തുടങ്ങി ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങൾ പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ശരീരത്തിലെ ജലാംശം നിലനിർത്താനും ഇവ സഹായിക്കും. അതിനാൽ, പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം.