Valentine’s Day: പ്രണയത്തോളം പവിത്രമായ മറ്റൊരു വികാരമുണ്ടോ? പ്രണയം തുറന്നു പറയാം; വാലെന്റൈൻസ് ദിനം നാളെ
Valentines Day 2025 Celebration: പ്രണയം തുറന്നു പറയാൻ ഇതിലും അനുയോജ്യമായ മറ്റൊരു ദിനമില്ല. വാലന്റൈൻസ് വാരം ആരംഭിച്ചത് മുതൽ ഈ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് കമിതാക്കൾ.

ഭൂമിയിലെ ഏറ്റവും മനോഹരമായ വികാരങ്ങളിൽ ഒന്നാണ് പ്രണയം. പ്രണയത്തോളം പവിത്രമായ മറ്റൊരു വികാരം മനുഷ്യർക്കിടയിൽ ഉണ്ടാകില്ല. പരാതികളും പരിഭവങ്ങളുമില്ലാതെ പരസ്പരം സ്നേഹം കൈമാറുന്നു. അതിൽ വിട്ടുവീഴ്‌ചകളും, കൈമാറലുകളും, തിരിച്ചറിയലുകളും എല്ലാം തന്നെ ഉൾപ്പെടുന്നു. നാളെയാണ് ഫെബ്രുവരി 14 വാലന്റൈൻസ് ദിനം. അന്ന് ലോകമെമ്പാടും പ്രണയം ആഘോഷിക്കുന്നു.
പ്രണയം തുറന്നു പറയാൻ ഇതിലും അനുയോജ്യമായ മറ്റൊരു ദിനമില്ല. വാലന്റൈൻസ് വാരം ആരംഭിച്ചത് മുതൽ ഈ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് കമിതാക്കൾ. വാലെന്റൈൻസ് ദിനം എന്താണെന്നും, പ്രണയത്തിനായി ഇത്തരമൊരു പ്രത്യേക ദിനം ഉണ്ടാക്കിയിരിക്കുന്നത് എന്തിനാണെന്നും അറിയാൻ എല്ലാവർക്കും താല്പര്യമുണ്ടാകും. അതിനാൽ വാലന്റൈൻസ് ദിനത്തെ കുറിച്ച് വിശദമായി അറിയാം.
വാലന്റൈൻസ് ദിനത്തിന്റെ ചരിത്രം
ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് കത്തോലിക്ക സഭയുടെ ബിഷപ്പ് ആയിരുന്നത് വാലൻന്റൈൻ എന്നൊരാളായിരുന്നു. വിവാഹശേഷം പുരുഷന്മാർ കുടുംബത്തെ കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂയെന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അങ്ങനെ റോമിൽ വിവാഹം നിരോധിച്ചു. എന്നാൽ, ബിഷപ്പ് വാലൻന്റൈൻ പരസ്‌പരം സ്നേഹിക്കുന്നവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. ഇക്കാര്യം അറിഞ്ഞ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു.
പിന്നീട് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് കാഴ്‌ചശക്തി ലഭിച്ചു. ഈ വിവരം അറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ഉത്തരവിട്ടു. തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ കത്ത് നൽകി. ഈ സംഭവത്തിന് ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14ന് ലോകമെമ്പാടും വാലൻന്റൈൻസ് ദിനം ആഘോഷിക്കാൻ ആരംഭിക്കുന്നത്.