5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Unni Vavavo Song : മകനെ മാറ്റി നിർത്തിയ അച്ഛന്റെ വേദനയുള്ള പാട്ട്, ഉണ്ണി വാവാവോ വൈറലാകുമ്പോൾ അറിയേണ്ട പിന്നണിക്കഥകൾ …

Unni vavavo song history: മക്കളെ ഉറക്കുമ്പോൾ യശോദയുടെ ഭാ​വത്തിലേക്ക് മാറുന്ന അമ്മയെയും അവിടെ കണ്ണനായി മാറുന്ന കുഞ്ഞിനായി ലോകം മുഴുവൻ ഉറങ്ങട്ടെ എന്നും പറയുന്ന വാക്കുകളിലെ ഉള്ളൊഴുക്ക് എത്ര വലുതാണെന്ന് പറയാതെ വയ്യ.

Unni Vavavo Song : മകനെ മാറ്റി നിർത്തിയ അച്ഛന്റെ വേദനയുള്ള പാട്ട്,  ഉണ്ണി വാവാവോ വൈറലാകുമ്പോൾ അറിയേണ്ട പിന്നണിക്കഥകൾ …
സാന്ത്വനം മൂവി പോസ്റ്റർ (IMAGE - FACEBOOK/ SOCIAL MEDIA)
aswathy-balachandran
Aswathy Balachandran | Updated On: 23 Sep 2024 14:22 PM

മിനുസമായ കല്ലുകളിൽത്തട്ടി ശാന്തമായി ഒഴുകുന്നത് പോലെയൊരു പാട്ട്. ആ താളത്തിൽ ലയിച്ച് കുഞ്ഞുങ്ങൾ ഉറങ്ങുന്നു… ആലിയ ഭട്ടിന്റെ ഇന്റർവ്യൂവിനു ശേഷം വീണ്ടും ആളുകൾ തിരഞ്ഞെത്തിയ ഉണ്ണി വാവാവോ എന്ന എവർ​ഗ്രീൻ മലയാള സിനിമാ ​ഗാനത്തിന്റെ സവിശേഷത ഇതാണ്.

മകളെ ഉറക്കാൻ രൺവീർ പാടുന്ന പാട്ടെന്നാണ് ആലിയ ഇതിനെപ്പറ്റി പറഞ്ഞത്. കൈതപ്രം എഴുതി മോഹൻ സിത്താര ഈണം പകർന്ന സാന്ത്വനം എന്ന ചിത്രത്തിലെ ഈ ​ഗാനം എന്നും മലയാളിയ്ക്ക് പ്രീയപ്പെട്ടതാണ്. ആ ​ഗാനമാണ് ഇന്ന് വർഷങ്ങൾക്കിപ്പുറം പാൻ ഇന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്…

തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ്…. എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം മുഴുവനുറങ്ങ്

കണ്ണാടിപ്പുഴയെ സൗപർണികാ തീർത്ഥമാക്കിയ കൈതപ്രം. അദ്ദേഹത്തിന്റെ വരികളിലെ വാൽസല്യപ്പാലാഴിയാണ് ഈ പാട്ടിന്റെ ഉൾക്കാമ്പ് എന്ന് പറയാതെ വയ്യ. കാലങ്ങൾക്കു പിന്നിലേക്ക് നടത്തുന്ന അപൂർവ്വ മാന്ത്രിക സ്പർശമുള്ള വരികളിൽ ഒളിഞ്ഞിരിക്കുന്നത് കുഞ്ഞിനു വേണ്ടിയുള്ള പ്രാർത്ഥനയും കരുതലും സ്നേഹവും മാത്രമാണ്.

സ്വന്തം കുട്ടിക്കാലത്തിന്റെ നോവ് ചേർത്ത ​ഗാനം

സംവിധായകൻ സിബി മലയിൽ ഒരു കുട്ടിയുടെ ഭൂതകാലത്തെക്കുറിച്ച് ഒരു ഗൃഹാതുരമായ ഗാനം വേണമെന്നാണ് മോഹൻ സിത്താരയോട് അന്ന് പറഞ്ഞത്. അന്ന് ഉണ്ണി വാവാവോയുടെ ഈണം തേടി സ്വന്തം കുട്ടിക്കാലത്തേക്ക് പോകാനാണ് മോഹൻ സിത്താരയ്ക്ക് തോന്നിയത്. കടുത്ത ദാരിദ്ര്യം കാരണം, മാസങ്ങളോളം കപ്പയും കട്ടൻ ചായയും അല്ലാതെ ഒന്നും കഴിക്കാൻ ഇല്ലാത്ത കാലം.

സ്‌കൂളിൽ പോകുമ്പോൾ ഭക്ഷണം കൊണ്ടുപോകാൻ ഇല്ലാതിരുന്ന ആ കാലത്ത് മറ്റ് കുട്ടികൾ അവരുടെ ഭക്ഷണപ്പൊതി തുറക്കുമ്പോൾ സുഗന്ധം മൂക്കിലെത്തും, അതോടെ കണ്ണു നിറയും. വിശപ്പു മാറ്റാൻ പൈപ്പുവെള്ളം കുടിക്കും. “രാത്രിയിൽ ഒഴിഞ്ഞ വയറിലെ വിശപ്പ് മറക്കാൻ അമ്മയുടെ മടിയിൽ കിടന്ന് ആ താരാട്ട് കേൾക്കും. അന്നത്തെ ആ താരാട്ടിന്റെ ഈണവും വിശപ്പിന്റെ വിളിയുമാണ് ഈ പാട്ടിലേക്ക് എത്തിച്ചത് എന്ന് മോഹൻ സിത്താര പറയുന്നതായി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ALSO READ – ഗോപുര വാതിലുകളിലൂടെ സൂര്യരശ്മികൾ കടക്കും; ഇക്കൊല്ലത്തെ രണ്ടാമത്തെ വിഷുവം ഇന്ന്; എന്താണ് വിഷുവം

മക്കളെ ഉറക്കുമ്പോൾ യശോദയുടെ ഭാ​വത്തിലേക്ക് മാറുന്ന അമ്മയെയും അവിടെ കണ്ണനായി മാറുന്ന കുഞ്ഞിനായി ലോകം മുഴുവൻ ഉറങ്ങട്ടെ എന്നും പറയുന്ന വാക്കുകളിലെ ഉള്ളൊഴുക്ക് എത്ര വലുതാണെന്ന് പറയാതെ വയ്യ.

​ഗംഭീര സുന്ദര ശങ്കരാഭരണമോ?

ശങ്കരാഭരണം എന്ന രാ​ഗമാണ് ഈ പാട്ടിന്റെ ജീവൻ. ​ഗംഭീര രാ​ഗം.. എന്നാൽ അതിനൊപ്പം സുന്ദരവും. മകനെ മാറ്റി നിർത്തിയ അഛന്റെയും മകനായി കാത്തിരിക്കുന്ന അമ്മയുടേയും ഉള്ളിനെ ഉലയ്ക്കുന്ന രാ​​ഗമാകണം എന്ന നിർബന്ധമാകാം ഒരേ സമയം ​ഗംഭീരമെന്നു തോന്നുന്ന എന്നാൽ ഉള്ളിൽ മാർദ്ദവം സൂക്ഷിച്ച ഈ രാ​ഗത്തിന്റെ തിരഞ്ഞെടുപ്പിനു പിന്നിൽ.

സിനിമയുടെ കഥയോട് യോജിക്കുന്ന മികച്ച തിരഞ്ഞെടുപ്പ് തന്നെയാണ് ഇത്. ഒപ്പം ചിത്രയുടെ ശബ്ദം കൂടിയായപ്പോൾ പാട്ട് വേറൊരു തലത്തിലെത്തി. മൃദുവും മിനുസമാർന്നതുമാണ് ​രാ​ഗത്തിന്റെ ഭാവം.

കോമ്പോസിഷനുകൾക്ക് വലിയ സ്കോപ്പ് നൽകുന്ന ഈ രാ​ഗം ശ്രുതിമധുരവും ഗംഭീരമായ അവതരണത്തിന് ഇത് അനുയോജ്യവുമാണ്. നിരവധി കൃതികളും കീർത്തനങ്ങളും ചലച്ചിത്ര ​ഗാനങ്ങളും ഈ രാ​ഗത്തിലുണ്ടെങ്കിലും ഒരു താരാട്ട് പാട്ട് എന്ന നിലയിൽ ഉണ്ണി വാവാവോ വേറിട്ടു നിൽക്കുന്നു എന്ന് പറയാതെ വയ്യ.

സാന്ത്വനം

1991-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ സീതാരാമയ്യ ഗാരി മനവാരലു ​​എന്ന ചിത്രത്തിൻ്റെ റീമേക്കായി അതേ വർഷം തന്നെ പുറത്തിറങ്ങിയ ചിത്രമാണ് സാന്ത്വനം. ഉണ്ണിവാവാവോ ഉൾപ്പെടെ അതിലെ എല്ലാ പാട്ടുകളും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. ജെ. പള്ളശ്ശേരി എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ നെടുമുടി വേണു, മീന, ഭാരതി, സുരേഷ് ​ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അച്ഛനോടും അമ്മയോടും പിണങ്ങി അമേരിക്കയിൽ താമസിക്കുന്ന മകനെ കാത്തിരിക്കുന്ന മാതാപിതാക്കളാണ് കഥയുടെ കാമ്പ്. അവരുടെ അരികിലേക്ക് മകന്റെ മകളായി മീന എത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെ വികസിക്കുന്ന ചിത്രത്തിന്റെ ഭാവം തന്നെ വാത്സല്യമാണ്. യേശുദാസും ചിത്രയും ഈ പാട്ട് ചിത്രത്തിൽ പാടിയിട്ടുണ്ട്.

 

Latest News