Trivandrum Cholera Cases: രോഗമെത്തിയത് വാട്ടർ ടാങ്കിൽ നിന്ന്? തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ
Trivandrum Cholera Cases: അണുക്കൾ വാട്ടർ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. ഇന്നലെ നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്ര അന്തേവാസിക്കും കോളറ സ്ഥിരീകരിച്ചിരുന്നു

തിരുവനന്തപുരം: കോളറ ഭീതി സംസ്ഥാനത്ത് നിന്നും ഒഴിയുന്നില്ല. തിരുവനന്തപുരത്ത് ഒരാൾക്ക് കൂടിയാണ് കഴിഞ്ഞ ദിവസം കോളറ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് നഴ്സിന്റെ ഭർത്താവിനാണ് രോഗം സ്ഥിരീകരിച്ചത്. നഴ്സ് കോളറ രോഗബാധിതരെ പരിചരിച്ചിരുന്നു. ഇതിന് പിന്നാലെയാവാം രോഗബാധ വീട്ടിൽ ഭർത്താവിനും ഉണ്ടായതെന്നാണ് നിഗമനം. തിരുവനന്തപുരത്ത് ആദ്യം കോളറ റിപ്പോർട്ട് ചെയ്തത് നെയ്യാറ്റിൻകരയിലാണ്.
ഇവിടെ രോഗം പടർന്നത് വാട്ടർ ടാങ്കിൽ നിന്നാണെന്നാണ് നിലവിലെ കണ്ടെത്തൽ. അണുക്കൾ വാട്ടർ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. ഇന്നലെ നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്ര അന്തേവാസിക്കും കോളറ സ്ഥിരീകരിച്ചിരുന്നു ഇതിന് പിന്നാലെ ഇവിടെ നിന്ന് മാത്രം കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി.
അതേസമയം കേരളത്തിൽ പകർച്ച വ്യാധികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. നിലവിൽ രണ്ട് ലക്ഷത്തിലധികം പേരാണ് പനിക്ക് ചികിത്സ തേടിയത്. ഇതോടെ 18 ദിവസത്തിനിടെ പകർച്ചവ്യാധികൾ മാത്രം ബാധിച്ച് 60 പേരാണ് മരിച്ചത്. കേരളത്തിൽ പനി ബാധിതരുടെ എണ്ണം കൂടിയതിന് പിന്നാലെ അതീവ ജാഗ്രത നിർദേശവും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കോളറ പകരുന്നത് വെള്ളത്തിലൂടെയാണ്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നുള്ള വെള്ളം ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയിലൂടെയാണ് ബാക്ടീരിയ ശരീരത്തിൽ കടക്കുന്നത്. വിബ്രിയോ കോളറേ എന്നാണ് കോളക്ക് കാരണമാകുന്ന ബാക്ടീരിയയുടെ പേര്. കടുത്ത വയറിളക്കമാണ് കോളറ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാലുണ്ടാകുന്ന പ്രശ്നം. മലവിസർജ്ജനം വഴിയാണ് ഈ ബാക്റ്റീരിയകൾ വെള്ളത്തിൽ കലരുന്നത്.