5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: ചിങ്ങമാസത്തിലെ അത്തം നാൾ; അന്ന് എല്ലാവരും ഇറങ്ങിയാലെ രാജാവിറങ്ങൂ, തൃപ്പൂണിത്തുറയുടെ ആഘോഷക്കാലം

അന്ന് ഒരു നാടിന്റെ ഒത്തൊരുമയുടെ പ്രതീകമായിരുന്ന ആഘോഷം ഇന്നും നിലനിൽക്കുന്നുണ്ട് പ്രൗഢിയോടെ തന്നെ...

Onam 2024: ചിങ്ങമാസത്തിലെ അത്തം നാൾ; അന്ന് എല്ലാവരും ഇറങ്ങിയാലെ രാജാവിറങ്ങൂ, തൃപ്പൂണിത്തുറയുടെ ആഘോഷക്കാലം
aswathy-balachandran
Aswathy Balachandran | Published: 03 Sep 2024 13:20 PM

കൊച്ചി: വർഷങ്ങൾക്കു മുമ്പ് രാജഭരണം നിലനിന്ന കാലം. വർഷത്തിലൊരിക്കൽ രാജാവ് പ്രജകളെ കാണാനെത്തുന്ന ചിങ്ങമാസത്തിലെ അത്തം നാൾ തൃപ്പൂണിത്തുറ ന​ഗരം അടിമുടി ഒരുങ്ങും. ഹിൽപാലസ് കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന രാജാവ് തന്റെ നായർ പട്ടാളത്തോടും മറ്റ് പ്രമുഖരോടും ഒപ്പം നിരത്തിലിറങ്ങി എല്ലാ പ്രജകളേയും കാണുന്ന ആ ചടങ്ങ് എങ്ങനെ ഇന്ന് തൃപ്പൂണിത്തുറയുടെ അത്താഘോഷമായി എന്ന് തൃപ്പൂണിത്തുറ കോവിലകത്തെ രാജകുടുംബാം​ഗവും കഥകളിയിലെ അപൂർവ്വ സ്ത്രീ സാന്നിഥ്യവുമായ ​ഗീതാ വർമ്മ വിശദമാക്കുന്നു…

പണ്ട് കാലത്ത് രാജാവ് പ്രജകളെ കാണാനൊരു വരവ് അക്കാലത്ത് പതിവുണ്ട്. അത് അത്തം നാളിലാണ് നടക്കുന്നത്. അത്തത്തിന്റെ അന്ന് ചമഞ്ഞിറങ്ങുന്നതാണ് അത്തച്ചമയം ആയി പേരു കേട്ടത്. അന്ന് ഹിൽപാലസ് ആയിരുന്നു രാജാവിന്റെ ഭരണ കേന്ദ്രം. അവിടെ നിന്ന് ചമഞ്ഞിറങ്ങുന്ന രാജാവും പരിവാരങ്ങളും തൃപ്പൂണിത്തുറ മുഴുവൻ ചുറ്റും.

രാജാവിനൊപ്പം മന്ത്രിമാർ, നായർ പട്ടാളം, കൊച്ചി രാജ്യത്തിന്റെ പ്രധാന ശ്രേണികളിലെ പ്രമുഖരായ ചെമ്പിൽ അരയൻ, നെട്ടൂർ തങ്ങൾ, ചേരാനെല്ലൂർ കർത്ത, കരിങ്ങാച്ചിറ കത്തനാർ, എന്നിവരും അണിചേരുന്നു. ഇവരെല്ലാം എത്തിയാലേ രാജാവിറങ്ങൂ എന്നതാണ് പതിവ്. ജാതിമതഭേദമെന്യേ എല്ലാം ജനങ്ങളേയും ചേർത്തു നിർത്തിയിട്ടേ അന്ന് രാജാവ് ആ​ഘോഷത്തിനിറങ്ങൂ എന്ന് ഇതിൽ നിന്ന് വായിച്ചെടുക്കാം.

ഓണം പ്രധാന ആഘോഷമായ തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലേക്കാണ് രാജാവ് അന്ന് തൃപ്പൂണിത്തുറ ന​ഗരം ചുറ്റി പുറപ്പെടുന്നത്. അന്ന് ഒരു നാടിന്റെ ഒത്തൊരുമയുടെ പ്രതീകമായിരുന്ന ആഘോഷം ഇന്നും നിലനിൽക്കുന്നുണ്ട് പ്രൗഢിയോടെ തന്നെ…

രാജഭരണം അവസാനിച്ച് ജനഭരണമെത്തിയപ്പോൾ വന്ന മാറ്റം

സ്വാതന്ത്ര്യം കിട്ടിയപ്പോൾ തുടക്കത്തിൽ തന്നെ ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ തീരുമാനിച്ചത് കൊച്ചി രാജാവായിരുന്നു. അതിനു ശേഷം കുറച്ചു കാലത്തേക്ക് അത്തച്ചമയം ഉണ്ടായിരുന്നില്ല. ഭരണമില്ലാതിരുന്നതിനാൽ രാജാവ് അതിന് മുതിർന്നില്ല. പിന്നീട് സർക്കാരും മുനിസിപ്പാലിറ്റിയും എല്ലാംചേർന്ന് അത് ഏറ്റെടുത്തു.

ALSO READ –  നാവിന് രസം, വയറിലും രസം… ഓണത്തിന് കിടിലൻ രസം ഉണ്ടാക്കാം..

ഇന്നും പഴയ പ്രൗഢിയോടെ തൃപ്പൂണിത്തുറ ഒരുങ്ങും അത്തം നാളിൽ. പതിവുപോലെ ഹിൽപാലസിൽ നിന്നാണ് ആഘോഷത്തിന്റെ തുടക്കം. അത്തം നാളിൽ ആഘോഷത്തിനുള്ള പാതാക ഹിൽപാലസിൽ ഉയർത്തുന്നത് രാജപ്രതിനിധിയാണ്.

പഴയപോലെ രാജപ്രതിനിധിയ്ക്കൊപ്പം പണ്ടത്തെ പ്രമുഖരുടെ പിൻമുറക്കാരും അണിചേരാറുണ്ട് ആഘോഷങ്ങളിൽ എന്ന് ​ഗീതാവർമ്മ വ്യക്തമാക്കുന്നു.

മുനിസിപ്പാലിറ്റി അത്താഘോഷം ജനകീയമാക്കിയപ്പോൾ…

രാജാവിന്റെ നയങ്ങളും ജനങ്ങളെ ചേർത്തു നിർത്തുന്ന രീതികളും മുനിസിപ്പിലിറ്റി ഇപ്പോഴും പിന്തുടരുന്നു എന്നും ​ഗീതാ വർമ്മ വ്യക്തമാക്കുന്നു. ഇന്നും ജാതി മതഭേദമില്ലാതെ പണ്ടത്തെ പോലെ തന്നെ പ്രമുഖരെ എല്ലാം ക്ഷണിക്കുകയും ആഘോഷത്തിന്റെ ഭാ​ഗമാക്കുകയും ചെയ്യാറുണ്ട്.

നാടൻ കലകൾ ഉൾപ്പെടെ ഇവിടെ അരങ്ങേറാറുണ്ട്. എല്ലാ കലാകാരന്മാർക്കും അത്തച്ചമയം മുതൽ തുടങ്ങുന്ന ആഘോഷങ്ങളിൽ വേദി നൽകും. പല വേദികളിൽ നടക്കുന്ന 10 ദിവസത്തെ ആഘോഷം ന​ഗരത്തിന്റെ തന്നെ ഉത്സവമാണ്.