Monuments In Currency: ഹംമ്പി മുതൽ റാണി കി വാവ് വരെ; നോട്ടുകൾ നോക്കി യാത്ര പോകാം
Monuments In Indian Currency: രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രവും റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പും കൂടാതെ നമ്മുടെ രാജ്യത്തെ ചില ചരിത്ര സ്മാരകങ്ങളും അവിടെയുണ്ട്. കൊണാർക് ക്ഷേത്രം, ഹംപി, ഔറംഗബാദിലെ എല്ലോറ ഗുഹകൾ, ഗുജറാത്തിലെ റാണി കി വാവ്, സാഞ്ചി സ്തൂപം, ചെങ്കോട്ട എന്നീങ്ങനെ നീണ്ടുകിടക്കുന്നു നോട്ടിനുള്ളിലെ വിസ്മയം.

നമ്മുടെ കൈയ്യിലുള്ള നോട്ടുകൾ എപ്പോഴെങ്കിലും സൂക്ഷമമായി നിരീക്ഷിച്ചിട്ടുണ്ടോ. 10 മുതൽ അങ്ങോട്ടുള്ള ഏത് നോട്ട് കിട്ടിയാലും നമ്മൾ അതിലെ സഖ്യ മാത്രമാണ് നോക്കാറുള്ളത്. അതിൽ നമ്മുടെ കണ്ണിൽ പെടാത്ത പല ചരിത്രപരമായ കാര്യങ്ങളുമുണ്ട്. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രവും റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പും കൂടാതെ നമ്മുടെ രാജ്യത്തെ ചില ചരിത്ര സ്മാരകങ്ങളും അവിടെയുണ്ട്. 10 രൂപ മുതലുള്ള ഇന്ത്യൻ നോട്ടകളെടുത്താൽ ഒരു യാത്ര പോകാനും ചരിത്രങ്ങളും സംസ്കാരങ്ങളും അറിയാനുള്ള ഒരു അവസരം കൂടിയാണ് വന്നുചേരുന്നത്. കൊണാർക് ക്ഷേത്രം, ഹംപി, ഔറംഗബാദിലെ എല്ലോറ ഗുഹകൾ, ഗുജറാത്തിലെ റാണി കി വാവ്, സാഞ്ചി സ്തൂപം, ചെങ്കോട്ട എന്നീങ്ങനെ നീണ്ടുകിടക്കുന്നു നോട്ടിനുള്ളിലെ വിസ്മയം.
2016 നവംബർ 10 മുതൽ പ്രചാരത്തിൽ എത്തിയ പുതിയ കറൻസി നോട്ടുകളിലാണ് ഇവയെ കാണാൻ കഴിയുന്നത്. ഇന്ത്യൻ സർക്കാർ തന്നെയാണ് ഇത്തരമൊരു മാറ്റം നോട്ടുകളിൽ വരുത്തിയത്. അത്തരത്തിൽ നമ്മുടെ നോട്ടുകളിൽ ഒളിഞ്ഞിരിക്കുന്ന ചരിത്ര സ്മാരകങ്ങളും അവയുടെ പ്രത്യേകതകളും വിശദമായി അറിയാം.
പത്തുരൂപ നോട്ട്
ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും ചരിത്രപരവുമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഒഡിഷയിലെ കൊണാർക്കിൽ സ്ഥിതി ചെയ്യുന്ന സൂര്യ ക്ഷേത്രം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ക്ഷേത്രമാണ് കൊണാർക്ക്. വാസ്തുവിദ്യകളുടെ ഒരു വിസ്മയമെന്നും ഇതിനെ വിശേഷിപ്പിക്കാം. പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ഏഴ് കുതിരകൾ വലിക്കുന്ന മനോഹരമായ ഒരു രഥത്തിൻറെ രൂപത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ഇരുപത് രൂപ നോട്ട്
നിങ്ങളുടെ കൈയിലിരിക്കുന്ന ഇരുപതു രൂപ നോട്ട് മറിച്ചു നോക്കിയാൽ രാജ്യത്തെ മറ്റൊരു അവശ്വസനീയമായ കാഴ്ച കാണാം. ഔറംഗബാദിലെ എല്ലോറയിലെ മനോഹരമായ കൈലാസ ക്ഷേത്രമാണ് ഇതിലുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഏകശിലാ ക്ഷേത്രം എന്നറിപ്പെടുന്ന ഇത് ചരനന്ദ്രി കുന്നുകളിലെ പാറകളിൽ വെട്ടി കൊത്തിയെടുത്തതാണ്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് ദിനംപ്രതി എത്തുന്നത്. യുനെസ്കോ ലോക പൈതൃക കേന്ദ്രമായി എല്ലോറ ഗുഹകളെ 1983 ലാണ് പ്രഖ്യാപിച്ചത്.
അമ്പതു രൂപ നോട്ട്
50 രൂപയുടെ നോട്ടെടുത്താൽ കാണുന്നത് ഹംപിയിലെ വിത്തല ക്ഷേത്ര കോംപ്ലക്സിലെ പ്രശസ്തമായ ശിലാരഥത്തിന്റേതാണ്. എഡി 1500 കാലഘട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം കൂടിയായിരുന്നു ഹംപി. ഹംപിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്മാരകങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു. കർണാടകയിലെ ഹംപിയിൽ ഏകദേശം 250 ഓളം പുരാതന സ്മാരകങ്ങളും ക്ഷേത്രങ്ങളും ഉള്ളതായി കണക്കാക്കുന്നു.
100 രൂപ നോട്ട്
ഗുജറാത്തിലെ പഠാനിൽ സ്ഥിതി ചെയ്യുന്ന റാണി കി വാവാണ് 100 രൂപയിൽ ഒളിഞ്ഞിരിക്കുന്നത്. ക്വീൻസ് സ്റ്റെപ് വെൽ എന്നും റാണി കി വാവ് അറിയപ്പെടുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ രാജാവായ ഭീം ദേവിന്റെ ഓർമയ്ക്കായി റാണി കി വാവ് നിർമ്മിച്ചത്. 1980 കളിൽ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഈ സ്ഥലം കണ്ടെത്തിയത്. സരസ്വതി നദിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ചെളി നിറഞ്ഞ് കിടന്നിരുന്ന സ്ഥലമായിരുന്നു ഇത്.
200 രൂപ നോട്ട്
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബുദ്ധമത സ്മാരകങ്ങളിൽ ഒന്നായ സാഞ്ചി സ്തൂപമാണ് 200 രൂപ നോട്ടിലെ ചരിത്ര സ്മാരകം. മധ്യപ്രദേശിലെ സാഞ്ചി പട്ടണത്തിലാണ് ഈ സ്തൂപം സ്ഥിതി ചെയ്യുന്നത്. അശോക ചക്രവർത്തിയുടെ ഉത്തരവ് അനുസരിച്ചാണ് സാഞ്ചി സ്തൂപ നിർമ്മിച്ചത്. ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾക്ക് മുകളിലാണ് സാഞ്ചി സ്തൂപം എന്നാണ് വിശ്വസിക്കപ്പെടുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ 1989 ലാണ് സാഞ്ചി സ്തൂപം ഇടം പിടിച്ചത്.
500 രൂപ നോട്ട്
ഡൽഹിയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഒരു സ്ഥലമാണ് ചെങ്കോട്ട. 1639 ൽ മുഗൾ രാജവംശത്തിലെ അഞ്ചാമത്തെ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തിയാണ് ചെങ്കോട്ട പണികഴിപ്പിച്ചത്. എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നത് ചെങ്കോട്ടയിലാണ്. ചാന്ദിനി ചൌക് മെട്രോ സ്റ്റേഷനിൽ നിന്ന് വളരെ അടുത്തായാണ് ചെങ്കോട്ട സ്ഥിതി ചെയ്യുന്നത്.