Rameshwaram Pamban Bridge: രാമേശ്വരവും പാമ്പിൻ പാലവും! ഈ യാത്രയിൽ കാണേണ്ട സ്ഥലങ്ങൾ വേറെയുമുണ്ട്
Rameshwaram Pamban Bridge Travel: രാമായണത്തിലൂടെ പ്രശസ്തമായ രാമേശ്വരത്തേക്ക് താർത്ഥാടകർ മാത്രമല്ല വിനോദസഞ്ചാരികളും എത്താറുണ്ട്. പ്രശസ്തമായ ശ്രീരാമനാഥ ക്ഷേത്രവും പാമ്പിൻ പാലവും സ്ഥിതി ചെയ്യുന്നത് ഈ നഗരത്തിലാണ്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാമ്പൻ പാലം രാജ്യത്തിന് സമർപ്പിച്ചത്.

New Pamban Bridge
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള പുരാതനമായ പുണ്യ നഗരമാണ് രാമേശ്വരം. രാമായണത്തിലൂടെ പ്രശസ്തമായ രാമേശ്വരത്തേക്ക് താർത്ഥാടകർ മാത്രമല്ല വിനോദസഞ്ചാരികളും എത്താറുണ്ട്. പ്രകൃതി സൗന്ദര്യത്താലും തീർത്ഥാനത്തിനും സാഹസികതയ്ക്കും എല്ലാം ഒരുപോലെ അനുയോജ്യമായ സ്ഥലം. പ്രശസ്തമായ ശ്രീരാമനാഥ ക്ഷേത്രവും പാമ്പിൻ പാലവും സ്ഥിതി ചെയ്യുന്നത് ഈ നഗരത്തിലാണ്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാമ്പൻ പാലം രാജ്യത്തിന് സമർപ്പിച്ചത്. അതിനാൽ ഇനി വരും ദിവസങ്ങളിൽ ഇവിടേയ്ക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടുമെന്നതിൽ സംശയമില്ല.
എന്നാൽ രാമേശ്വരത്ത് പോയാൽ വേറെയുമുണ്ട് കാഴ്ച്ചകൾ. ഗന്ധമാദന പർവതം, രാമസേതു, ധനുഷ്കോടി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കേണ്ടത് തന്നെയാണ്. നിങ്ങളുടെ യാത്രയിൽ ഈ സ്ഥലങ്ങളിൽ കണ്ടിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളുടെ വിശദവിവരങ്ങൾ വായിച്ചറിയാം.
രാമനാഥസ്വാമി ക്ഷേത്രം
രാമേശ്വരത്തേക്കുള്ള ഏതൊരു യാത്രയിലും തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ് രാമനാഥസ്വാമി ക്ഷേത്രം. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. സങ്കീർണ്ണമായ ഇടനാഴികൾ, കൂറ്റൻ ഹാളുകൾ, ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഇടനാഴി എന്നീ വാസ്തുവിദ്യാ അത്ഭുതങ്ങളാണ് ഈ ക്ഷേത്രത്തിൻ്റെ ആകർഷണീയത. ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ക്ഷേത്രത്തിനുള്ളിൽ 22 ജലാശയങ്ങളാണുള്ളത്. അവിടെ കുളിച്ചാൽ ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തമാകുമെന്നാണ് കരുതുന്നത്.
രാമസേതു
ആദാമിന്റെ പാലം എന്നും രാമസേതു അറിയപ്പെടുന്നു. രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രാമസേതു. സീതാദേവിയെ രാവണൻ്റെ പക്കൽ നിന്ന് മോചിപ്പിക്കാൻ ശ്രീരാമനും അദ്ദേഹത്തിന്റെ സംഘവും ശ്രാലങ്കയിലേക്ക് പോകാനാണ് ഈ പാലം നിർമ്മിച്ചത്. 1480 വരെ ഇത് സമുദ്രനിരപ്പിന് മുകളിലായിരുന്നുവെന്നാണ് ക്ഷേത്രരേഖകൾ സൂചിപ്പിക്കുന്നത്. പ്രകൃതിദുരന്തങ്ങൾ കാരണം ഇത് പിന്നീട് കടലിൽ മുങ്ങിപ്പോയി. 48 കിലോ മീറ്റർ നീളമുള്ള ഈ പാലം പ്രകൃതിദത്തമായ ചുണ്ണാമ്പുകല്ലുകളാലാണ് പണിക്കഴിപ്പിച്ചിരിക്കുന്നത്.
പാമ്പൻ പാലം
പാമ്പൻ ദ്വീപിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം. കൂടാതെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ കടൽ പാലമെന്ന വിശേഷണവും ഈ പാലത്തിന് സ്വന്തമാണ്. കാലങ്ങളായി, പാമ്പൻ ദ്വീപും ഇന്ത്യയും തമ്മിലുള്ള ഏക ഗതാഗത ശൃംഖല ഇത് മാത്രമായിരുന്നു. 1870കളിൽ ബ്രിട്ടീഷ് സർക്കാർ ശ്രീലങ്കയിലേക്കുള്ള വ്യാപാര ബന്ധം വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാലം നിർമ്മിച്ചത്. എന്നാൽ പഴയ പാമ്പൻ പാലത്തിന് ആധുനിക ഗതാഗതത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വന്നതോടെയാണ് പുതിയ പാലം നിർമ്മിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. പുതിയ പാലത്തിലൂടെ അതിവേഗ ട്രെയിനുകൾക്കും സഞ്ചരിക്കാം.
പഞ്ചമുഖി ഹനുമാൻ ക്ഷേത്രം
രാമനാഥസ്വാമി ക്ഷേത്രത്തിനടുത്തുള്ള പഞ്ചമുഖി ഹനുമാൻ ക്ഷേത്രം കാണേണ്ട മറ്റൊരു സ്ഥലമാണ്. അഞ്ച് മുഖമുള്ള ഹനുമാൻ വിഗ്രഹം മുതൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ വരെ ഇവിടുത്തെ പ്രധാന ആകർഷണമാണ്. രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയാണ് പഞ്ചമുഖ ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.