Famous Palaces: കവടിയാർ മുതൽ കോയിക്കൽ കൊട്ടാരം വരെ; ഇത് അനന്തപുരിയുടെ കഥ പറയുന്ന കൊട്ടാരങ്ങൾ
Thiruvananthapuram Famous Palaces: ചരിത്രത്തിൻ്റെ സംസ്കാരത്തിൻ്റെയും വാസ്തുവിദ്യയുടെയും ഏറ്റവും മനോഹരമായ വിസ്മയങ്ങളാണ് ഇവിടുത്തെ കൊട്ടാരങ്ങൾ. കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ ചരിത്രത്തിൽ തന്നെ പ്രധാന്യമർഹിക്കുന്ന തിരുവനന്തപുരത്തെ ചില കൊട്ടാരങ്ങളെക്കുറിച്ചറിയാം.

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് കാഴ്ച്ചകൾ കാണാനെത്തുന്നവരെ അതിശയിപ്പിക്കുന്ന ഒന്നാണ് അനന്തപുരിയുടെ കഥ പറയുന്ന കൊട്ടാരങ്ങൾ. വൈകുന്നേരങ്ങളിൽ സായാഹ്നത്തിൻ്റെ ഇളം കാറ്റിൽ സൂര്യാസ്തമയം ആസ്വദിക്കാൻ ബീച്ചുകളും കായൽ കാഴ്ചകളും എല്ലാം തലസ്ഥാനത്തിൻ്റെ സൗന്ദര്യങ്ങളാണ്. കൂടാതെ ചരിത്രത്തിൻ്റെ സംസ്കാരത്തിൻ്റെയും വാസ്തുവിദ്യയുടെയും ഏറ്റവും മനോഹരമായ വിസ്മയങ്ങളാണ് ഇവിടുത്തെ കൊട്ടാരങ്ങൾ. കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ ചരിത്രത്തിൽ തന്നെ പ്രധാന്യമർഹിക്കുന്ന തിരുവനന്തപുരത്തെ ചില കൊട്ടാരങ്ങളെക്കുറിച്ചറിയാം.
കനകക്കുന്ന്
തിരുവനന്തപുരത്തിന്റെ മുഖമുദ്ര എന്നുതന്നെ വേണം കനകക്കുന്ന കൊട്ടാരത്തെ വിശേഷിപ്പിക്കാൻ. നഗരത്തിൻ്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന കനകക്കുന്ന് കൊട്ടാരം ചരിത്രത്തിൻറെ ഒട്ടേറെ അധ്യായങ്ങൾക്ക് വിഷയമാണ്. ശ്രീമൂലം തിരുന്നാൾ മഹാരാജാവാണ് ഈ കൊട്ടാരം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ട കൊട്ടാരം അക്കാലത്തെ ചരിത്രത്തെ വിളിച്ചോതുന്ന ഒന്നാണ്. ഒരു ഹെറിറ്റേജ് മോണ്യുമെന്റായാണ് ഇത് അറിയപ്പെടുന്നത്. കൊട്ടാരം എന്നതിൽ നിന്ന് മാറി ഇന്ന് തിരുവനന്തപുരത്തെ കലാ സാംസ്കാരിക സദസ്സുകൾ നടക്കുന്ന ഒരു സംഗമ വേദിയാണ് ഇവിടം.
കവടിയാർ
ചിത്തിര തിരുന്നാൾ ബാലരാമവർമ്മ 1931 ൽ പണികഴിപ്പിച്ച കവടിയാർ കൊട്ടാരം തിരുവനന്തപുരത്തിന്റെ മറ്റൊരി സാംസ്കാരിക ചരിത്രമാണ്. വാസ്തു വിദ്യയ്ക്ക് ഏറെ പേരുകേട്ട കൊട്ടാരമാണിത്. ഇതിൽ ഏകദേശം 150 ൽ അധികം മുറികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. തന്‌റെ അനുജത്തിയായ കാർത്തിക തിരുന്നാൾ ലക്ഷ്മി ഭായിയുടെയും ലെഫ്റ്റനന്റ് കേണൽ ഗോദവർമ്മ രാജയുടെയും വിവാഹത്തിന്റെ ഭാഗമായി പണികഴിപ്പിച്ചതാണ് ഈ കൊട്ടാരമെന്നും പറയുന്നു. രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്തുക്കളുടെ പരിധിയിൽ വരുന്നതിനാൽ ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ലഭിക്കുകയില്ല. നിലവിൽ കൊട്ടാരത്തിലെ പിൻഗാമികളാണ് ഇവിടെ കഴിയുന്നത്.
കുതിര മാളിക
കുതിര മാളിക എന്നറിയപ്പെടുന്ന പുത്തൻമാളിക കൊട്ടാരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തൊട്ടടുതാണ് സ്ഥിതി ചെയ്യുന്നത്. 1840 കളിൽ സ്വാതി തിരുന്നാളാണ് ഈ കൊട്ടാരം നിർമ്മിച്ചത്. കേരളീയ വാസ്തു ശൈലിയിലാണ് ഇതിൻ്റെ നിർമ്മാണം. 22 ഏക്കർ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കൊട്ടാരത്തിന്റെ മുകളിലെത്തെ നിലയിൽ പുറമേ 122 കുതിരകളെ തടിയിൽ കൊത്തിവെച്ചിട്ടുള്ളതിനാലാണ് കൊട്ടാരത്തിനു കുതിര മാളിക എന്ന പേരു കിട്ടിയത്.
കോയിക്കൽ കൊട്ടാരം
1670 കളിൽ നിർമ്മിച്ച കോയിക്കൽ കൊട്ടാരം വേണാട് രാജവംശത്തിന്റെ ഏറ്റവും പഴക്കമുള്ള കൊട്ടാരങ്ങളിൽ ഒന്നാണ്. കേരളീയ വാസ്തുവിദ്യയുടെ എല്ലാ സവിശേഷതകളും ഉൾക്കൊണ്ടാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. കേരള സർക്കാരിന്റെ കീഴിൽ ചരിത്ര സംരക്ഷിത സ്മാരകമായാണ് കോയിക്കൽ കൊട്ടാരം ഇന്ന് സംരക്ഷിക്കപ്പെടുന്നത്. കോയിക്കൽ കൊട്ടാരത്തിൽ ഒരു ഫോക്ലോർ മ്യൂസിയവും പുരാതനമായ നാണയങ്ങളുടെ ഒരു മ്യൂസിയവും സ്ഥിതി ചെയ്യുന്നുണ്ട്