Anamudi Elephant Reserve: ഏറ്റവും കൂടുതൽ ആനകൾ ആനമുടിയിലോ?; അറിയാം ആന സങ്കേതത്തിൻ്റെ പ്രത്യേകതകൾ
Travel To Anamudi Elephant Reserve: സമുദ്രനിരപ്പിൽ നിന്നും 8,843 അടി ഉയരത്തിൽ പശ്ചിമഘട്ടത്തിൽ ഒരു വലിയ കൊമ്പനാനയുടെ തലയെടുപ്പോടെ നിൽക്കുന്ന മേഖലയാണ് ആനമുടി. വിനോദ സഞ്ചാരികൾക്ക് എന്നും കൗതുകമുണർത്തുന്ന ഒരു വനമേഖലകൂടിയാണിത്.

തിരുവനന്തപുരം: ആനകൾ എന്നും മനുഷ്യർക്ക് ഒരു അത്ഭുത ജീവിയാണ്. ആനയെ കണ്ടാൽ അല്പം പേടിയും ഒപ്പം സ്നേഹവും നമുക്കെല്ലാവർക്കും തോന്നാറുണ്ട്. കേരളത്തിൽ ആനകളെ കാണാൻ പറ്റിയ നിരവധി സ്ഥലങ്ങളാണുള്ളത്. അതിലൊന്നാണ് ആനമുടി ആന സങ്കേതം. കഴിഞ്ഞ വർഷം വനം വകുപ്പ് ഔദ്യോഗികമായി പുറത്തു വിട്ട കണക്കു പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആനകളെ കണ്ടെത്തിയത് ആനമുടി ആന സങ്കേതത്തിലാണെന്നാണ് കണക്കാക്കുന്നത്.
ആനമുടി എലിഫൻറ് റിസർവിൽ ഏകദേശം 4160 ആനകളെയാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ വയനാട്, നിലമ്പൂർ, ആനമുടി, പെരിയാർ എന്നീ നാല് ആന സങ്കേതങ്ങളാണുള്ളത്. ഇവയെല്ലാം ഔദ്യോഗികമായി സംസ്ഥാന സർക്കാർ രൂപീകരിക്കുന്നത് 2002 ലാണ്. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ വനമേഖലകളിൽ വ്യാപിച്ചുകിടക്കുന്നതാണ് ആനമുടി ആനസങ്കേതം.
പാലക്കാട് ചുരത്തിൻറെ തെക്കുവശത്തും കോട്ടയം-കുമിളി റോഡിൻറെ വടക്കു വശത്തുമായാണ് ആനമുടി സങ്കേതത്തിൻറെ ശരിക്കുള്ള സ്ഥാനമെന്ന് പറയാം. എന്നാൽ ഇതിൻ്റെ തെക്ക് ഭാഗമാകട്ടെ തമിഴ്‌നാട്ടിലെ ആനമല ആന സങ്കേതത്തോടും ചേർന്നു കിടക്കുന്നതാണ്. ഈ സങ്കേതത്തിൻറെ ഭൂരിഭാഗവും ഹൈറേഞ്ചുകൾ, നെല്ലിയാമ്പതി മലനിരകൾ, ആനമല മല നിരകളുടെ കേരളത്തിൻറെ ഭാഗം തുടങ്ങിയവ ചേർന്നുകിടക്കുന്നു.
കൂടാതെ പാലക്കാട്, ഇടുക്കി ജില്ലകളുടെ മഴനിഴൽ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്. സമുദ്രനിരപ്പിൽ നിന്നും 8,843 അടി ഉയരത്തിൽ പശ്ചിമഘട്ടത്തിൽ ഒരു വലിയ കൊമ്പനാനയുടെ തലയെടുപ്പോടെ നിൽക്കുന്ന മേഖലയാണ് ആനമുടി. വിനോദ സഞ്ചാരികൾക്ക് എന്നും കൗതുകമുണർത്തുന്ന ഒരു വനമേഖലകൂടിയാണിത്.
വരയാടുകളെ സംരക്ഷിക്കുന്ന ഇരവികുളം, 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി എന്നിയാണ് ആനമുടിയുടെ പ്രത്യേകത. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാമെങ്കിലും നവംബർ മുതൽ മേയ് വരെയുള്ള സമയം ഏറ്റവും അനുയോജ്യമെന്ന് പറയണം. കാരണം തണുപ്പും കോടയും ആസ്വദിക്കാൻ ഈ മാസങ്ങളാണ് അനുയോജ്യം.
ട്രക്കിങ്ങിനുള്ള സൗകര്യങ്ങളുണ്ടെങ്കിലും വനംവകുപ്പിൽ നിന്നും പ്രത്യേകം അനുമതി ലഭിച്ചാൽ മാത്രമെ ഇത് സാധ്യമാവുകയുള്ളൂ. രണ്ടു മുതൽ മൂന്നു മണിക്കൂർ വരെയാണ് ട്രക്ക് ചെയ്യാനുള്ള അവസരം നൽകുന്നത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ട്രക്കിങ്ങിന് ഏറ്റവും ഉചിതം. മഴക്കാലങ്ങളിലുള്ള യാത്ര അപകടകരമായതിനാൽ അത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.