Goa Tourist Place: ഗോവയിലെ യാത്ര തുടങ്ങേണ്ടത് ഇവിടെ നിന്ന്?: ബാഗെടുത്തോളൂ ഒരു അടിപൊളി ട്രിപ്പ് പോയേക്കാം
Must Visit Goa Tourist Places: എന്നാൽ ആദ്യമായി ഗോവയിൽ പോകുന്ന ഒരാൾക്ക് യാത്ര എവിടെ നിന്നു തുടങ്ങണം, എവിടെ അവസാനിപ്പിക്കണം എന്നതിൽ വലിയ ധാരണ ഉണ്ടാവില്ല. അങ്ങനെയുള്ളവരുടെ ശ്രദ്ധയ്ക്ക്... ഗോവയിൽ കാണിരിക്കേണ്ട ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

ഒരു ബീച്ച് ട്രിപ് പോയാലോ… ഇങ്ങനൊരു വാക്കു കേട്ടാൽ മനസ്സിലേക്ക് ആദ്യമെത്തുന്നത് ഗോവയാണ്. അവധികാലം കുടുംബത്തിനൊപ്പമാണെങ്കിലും കൂട്ടുകാർക്ക് ഒപ്പമാണെങ്കിലും നിങ്ങൾക്ക് ഒരുപോലെ ആഘോഷിക്കാൻ പറ്റിയ സ്ഥലമാണ് ഗോവ. ബീച്ചുകൾക്ക് പേരുകേട്ട ഗോവയിൽ കാണാനും അറിയാനും നിരവധി സ്ഥലങ്ങൾ വേറെയുമുണ്ട്. കടലിൻ്റെ ഓരം ചേർന്നുള്ള രാത്രി കാഴ്ച്ചകൾ അതിമനോഹരമാണ്.
എന്നാൽ ആദ്യമായി ഗോവയിൽ പോകുന്ന ഒരാൾക്ക് യാത്ര എവിടെ നിന്നു തുടങ്ങണം, എവിടെ അവസാനിപ്പിക്കണം എന്നതിൽ വലിയ ധാരണ ഉണ്ടാവില്ല. അങ്ങനെയുള്ളവരുടെ ശ്രദ്ധയ്ക്ക്… ഗോവയിൽ കാണിരിക്കേണ്ട ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.
ഓൾഡ് ഗോവ
ഗോവയുടെ ചരിത്രവും സംസ്കാരവും ഉറങ്ങുന്ന മണ്ണിലാവണം ആദ്യ സന്ദർശനം. അതിന് ഓൾഡ് ഗോവ തന്നെയാണ് നല്ലത്. സെൻറ് ഫ്രാൻസിസ് അസ്സീസിയിലെ ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രൽ, മ്യൂസിയം ഓഫ് ക്രിസ്ത്യൻ ആർട്ട് എന്നിവയാണ് ഓൾഡ് ഗോവയിൽ നിങ്ങൾ കണ്ടിരിക്കേണ്ട സ്ഥലം. ഗോവയിൽ യാത്ര ചെയ്യാൻ നിങ്ങൾക്ക് വണ്ടികൾ വാടകയ്ക്ക് കിട്ടുന്നതാണ്. അതിനാൽ എങ്ങനെ എത്തിപ്പെടുമെന്നുള്ള ആശങ്ക വേണ്ട.
നോർത്ത് ഗോവ
ഗോവയിൽ അടിച്ചുപൊളിക്കാൻ പറ്റിയ മറ്റൊരു സ്ഥലമാണ് നോർത്ത് ഗോവ. ഏറ്റവും മനോഹരമായ ക്ലബ്ബുകളും ബീച്ചുകളും ഭക്ഷണം കഴിക്കാനുള്ള നല്ല അടിപൊളി ഹോട്ടലുകളുമെല്ലാം ഇവിടെയുണ്ട്. വണ്ടി ഇല്ലാത്തവരാണെങ്കിൽ നിങ്ങൾക്ക് ഇവിടേക്ക് ധാരാളം പ്രാദേശിക ബസ് സർവീസുകളും ലഭ്യമാണ്. ലിറ്റിൽ വാഗേറ്റർ ബീച്ച്, ബനാന ബോട്ട് സവാരി, പാരാ സെയിലിങ് എന്നിങ്ങനെ സാഹസികമായ വിനോദങ്ങളും ഇവിടെ ആസ്വദിക്കാം. ചപ്പോര കോട്ട ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
പനാജിയും ഡോണ പോളയും
ഗോവയുടെ ഹൃദയഭാഗമാന്നാണ് പനാജി അറിയപ്പെടുന്നത്. മനോഹരമായ കടൽത്തീരങ്ങൾക്കും, ഷോപ്പിങിനും ഭക്ഷണത്തിനും ഏറ്റവും പേരുകേട്ട സ്ഥലമാണിത്. സഞ്ചാരികളെ ആകർഷിക്കാൻ തക്ക എല്ലാം ഇവിടെയുണ്ട്. ഗോവയുടെ മറ്റൊരു സൗന്ദര്യമാണ് ഡോണ പോള. 360 ഡിഗ്രി കാഴ്ച നൽകുന്ന ഡോണ പോള വ്യൂ പോയിൻറിൽ നിന്നും സെൽഫി എടുക്കുന്നത് സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദമാണ്.
തെക്കൻ ഗോവ
നോർത്ത് ഗോവയെ അപേക്ഷിച്ച് നോക്കുമ്പോൾ കൂടുതൽ ശാന്തമായ ഒരിടമാണ് തെക്കൻ ഗോവ. ഗോവൻ ഭക്ഷണവിഭവങ്ങൾക്ക് പേരുകേട്ട സ്ഥലമാണിത്. എന്നാൽ ബീച്ച് വൈബ് കൂടുതൽ ആസ്വദിക്കാൻ പാട്ടുകളോ, ക്ലബ്ബുകളോ കടൽ ഭക്ഷണങ്ങൾ ലഭിക്കുന്ന റെസ്റ്റോറന്റുകളോ ഇവിടെയില്ല. ശാന്തമായ ഒരു ദിനം ആഗ്രഹിക്കുന്നവർക്ക് തെക്കൻ ഗോവയിലേക്ക് ഒരു ട്രിപ്പ് ആകാം.
കാബോ ഡി രാമ കോട്ട
കാബോ ഡി രാമ കോട്ട ഗോവയിലെ മറ്റൊരു അത്ഭുതമാണ്. 18000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ഈ കോട്ട കാണാതെ പോകുന്നത് വൻ നഷ്ടമാണ്. കോട്ടയോട് ചേർന്ന് ഒരു ചെറിയ ബീച്ച് ഉണ്ട്. സൂര്യാസ്തമയം കാണാൻ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നായി ഇവിടം അറിയപ്പെടുന്നു.