Train Travel: ഒരിക്കലെങ്കിലും പോകണം…! അതിമനോഹരമാണീ ഇന്ത്യൻ ട്രെയിൻ യാത്രകൾ
Indian Train Travel Experience: മറ്റെല്ലാ യാത്രകളെയും അപേക്ഷിച്ച് ട്രെയിൻ യാത്രകൾക്ക് എന്തോ ഒരു പ്രത്യേകത ഉള്ളതായി നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ട്രെയിനിലെ വിൻഡോ സീറ്റിലിരുന്ന് നോക്കിയാൽ നമ്മുടെ നാടിന് വല്ലാത്തൊരു സൗന്ദര്യമാണ്.

Train Travel
യാത്രകൾ അത് എങ്ങനെ ആണെങ്കിലും അതിമനോഹരമാണ്. മനുഷ്യരിലും സംസ്‌കാരത്തിലും ഭാഷയിലും ഭക്ഷണത്തിലും സ്ഥലങ്ങളിലും എല്ലാം നിരവധി വൈവിധ്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. മറ്റെല്ലാ യാത്രകളെയും അപേക്ഷിച്ച് ട്രെയിൻ യാത്രകൾക്ക് എന്തോ ഒരു പ്രത്യേകത ഉള്ളതായി നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ട്രെയിനിലെ വിൻഡോ സീറ്റിലിരുന്ന് നോക്കിയാൽ നമ്മുടെ നാടിന് വല്ലാത്തൊരു സൗന്ദര്യമാണ്. പ്രത്യേകിച്ച് ചില സ്ഥലങ്ങളിലൂടെയുള്ള യാത്ര, അത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം ആകും നമുക്ക് നൽകുന്നത്. അത്തരത്തിൽ അനുഭവിച്ചറിയേണ്ട ഇന്ത്യയിലെ ഏറ്റവും മനോഹരമായ റെയിൽ പാതകളിലൂടെയുള്ള ചില യാത്രകൾ ഏതെല്ലാമെന്ന് നോക്കാം.
ജൽപായ്ഗുരി-ഡാർജിലിംഗ്
പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരി സ്റ്റേഷൻ മുതൽ ഡാർജിലിംഗ് വരെയുള്ള തീവണ്ടി യാത്ര വർണനകൾക്കും അതീതമാണ്. ചില ബോളിവുഡ് സിനിമകളിലൂടെ മാത്രമാണ് ഈ കാഴ്ച്ച മിക്കവർക്കും അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ അത് നേരിട്ട് യാത്രചെയ്ത് അനുഭവിക്കേണ്ട ഒന്നാണ്. മനോഹരമായ തേയില തോട്ടങ്ങൾ നിറഞ്ഞ കുന്നുകൾക്കിടയിലൂടെ ടോയ് ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ മറ്റേതോ ലോകത്ത് ചെന്ന ഒരു അനുഭൂതിയാണ് കിട്ടുന്നത്.
പുലർച്ചെ അഞ്ചേമുക്കാലിന് ആരംഭിക്കുന്ന ട്രെയിൻ യാത്ര വൈകിട്ട് അഞ്ചര വരെ തുടരും. സീറ്റുകൾ നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. 68 കിലോമീറ്ററോളും നീണ്ടുകിടക്കുന്ന ഈ മനോഹരമായ റൂട്ടിലൂടെ കടന്നുപോകുന്ന ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ ട്രെയിൻ യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട ഒന്നാണ്.
ബെംഗളൂരു -ഗോവ
കർണാടകയിലെ ബെംഗളൂരു മുതൽ ഗോവ വരെയുള്ള റെയിൽ പാതത മറ്റൊരു അവിസ്മരണീയമായ യാത്രാനുഭവമാണ് നിങ്ങൾക്ക് നൽകുന്നത്. ട്രെയിൻ യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഇതിലും മനോഹരമായൊരു കാഴ്ച്ചവിരുന്ന വേറെയില്ല. 14 മണിക്കുറുകളോളം ഈ പാതയിലൂടെ യാത്ര ചെയ്യാൻ സാധിക്കും. 680 കിലോമീറ്ററോളം ദൈർഘ്യമേറിയ പാതയാണിത്.
ജോധ്പൂർ -ജയ്‌സാൽമീർ
മഞ്ഞും പച്ചപ്പും എല്ലാം അവിടെ നിൽക്കട്ടെ… മരുഭൂമിയുടെ സൗന്ദര്യം ആസ്വാദിക്കാൻ രാജസ്ഥാനിലെ, ജോധ്പൂർ – ജയ്‌സാൽമീർ പാതയിലൂടെ തന്നെ സഞ്ചരിക്കണം. 280 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന റെയിൽ പാതയിൽ അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ മരുഭൂമി പ്രദേശം മാത്രമാണുള്ളത്. ഈ റൂട്ടിൽ നേരിട്ട് ഏഴോളം ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.
കൽക്ക- ഷിംല
ഹരിയാനയിലെ കൽക്ക മുതൽ ഹിമാചൽപ്രദേശിലെ ഷിംലവരെയുള്ള റെയിൽ യാത്ര മറക്കാൻ കഴിയാത്ത അനുഭവമാണ്. ഏകദേശം നൂറ് കിലോമീറ്ററിനുടുത്തുള്ള ഈ യാത്രയ്ക്ക് അഞ്ച് മുതൽ ഏഴ് മണിക്കൂർവരെ സമയം വേണ്ടിവരും. പൈൻ കാടുകൾ, വർണ്ണാഭമായ പുൽമേടുകൾ, അരുവികൾ തുടങ്ങിയ കാഴ്ച്ചകൾ കൺകുളിർക്കെ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.