Amappara Tourism: ആമപ്പാറ നിങ്ങളെ കാത്തിരിക്കുന്നു; പാറകള്‍ക്കിടയിലൂടെ സാഹസിക യാത്ര പോകാം
How To Reach Amappara: രാമക്കല്‍മേടിനോട് ചേര്‍ന്ന് കിടക്കുന്ന അതിമനോഹരമായ സ്ഥലമാണ് ആമപ്പാറ. ആമയുടെ രൂപത്തോട് സാമ്യമുള്ളതിനാലാണ് ആ പേര് ലഭിച്ചത്. അതിനാല്‍ തന്നെ ആമയുടെ പ്രതിമയും അവിടെ ഒരുക്കിയിട്ടുണ്ട്. പാറകള്‍ക്കിടയിലൂടെ സാഹസികമായി അവിടെ സഞ്ചരിക്കാം. ജീപ്പിലാണ് ആമപ്പാറയില്‍ എത്തേണ്ടത്.

ആമപ്പാറ
എല്ലായ്‌പ്പോഴും ഇടുക്കി സുന്ദരിയാണ്. കാടും മലയും വന്യജീവികളുമെല്ലാം നമ്മെ അവിടേക്ക് മാടിവിളിക്കുകയാണ്. യാത്ര പോകാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് എക്‌സ്‌പ്ലോര്‍ ചെയ്യുന്നതിനായി നിരവധി സ്ഥലങ്ങള്‍ ഇടുക്കിയിലുണ്ട്. അക്കൂട്ടത്തില്‍ സാഹസിക യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാണ് ഇടുക്കി ജില്ലയിലെ ആമപ്പാറ.
രാമക്കല്‍മേടിനോട് ചേര്‍ന്ന് കിടക്കുന്ന അതിമനോഹരമായ സ്ഥലമാണ് ആമപ്പാറ. ആമയുടെ രൂപത്തോട് സാമ്യമുള്ളതിനാലാണ് ആ പേര് ലഭിച്ചത്. അതിനാല്‍ തന്നെ ആമയുടെ പ്രതിമയും അവിടെ ഒരുക്കിയിട്ടുണ്ട്. പാറകള്‍ക്കിടയിലൂടെ സാഹസികമായി അവിടെ സഞ്ചരിക്കാം. ജീപ്പിലാണ് ആമപ്പാറയില്‍ എത്തേണ്ടത്. അതിനാല്‍ തന്നെ ട്രക്കിങ് നടത്താനും മികച്ച ഇടം തന്നെ. ശക്തമായ കാറ്റ് കൂടി ഇവിടെ അനുഭവപ്പെടും.
ആമപ്പാറയുടെ അകത്തേക്ക് കയറാന്‍ സാധിക്കുന്ന രണ്ട് ചെറിയ ഗുഹകളുണ്ട്. ഒരു ഗുഹയിലൂടെ കഷ്ടിച്ച് ഒരാള്‍ക്ക് മാത്രമേ കടക്കാന്‍ സാധിക്കൂ. ഈ നേരിയ വഴിയിലൂടെ സാഹസികമായി കയറിയാന്‍ മറ്റൊരു വശത്തേക്ക് ഇറങ്ങാന്‍ സാധിക്കുന്നതാണ്. നടന്നും നിരങ്ങിയും കിടന്നും ഇരുന്നുമെല്ലാമാണ് ഈ വഴിയിലൂടെ കന്നുപോകാന്‍.
അപ്പുറത്ത് എത്തിക്കഴിഞ്ഞാല്‍ ആദ്യം വന്ന ഗുഹയ്ക്ക് സമാന്തരമായിട്ടുള്ള ഗുഹയിലൂടെ തിരിച്ചിറങ്ങണം. ഈ യാത്ര ആദ്യത്തേതിനേക്കാള്‍ ബുദ്ധിമുട്ടേറിയതാണ്. ഈ ഗുഹയിലൂടെ നടന്ന് നീങ്ങാന്‍ കഴിയില്ല. ഇവിടെ നിന്ന് പുറത്തേക്ക് എത്തണമെങ്കില്‍ ഇരുന്നു നിരങ്ങിയുമെല്ലാമാണ് പോകേണ്ടത്. ഈ വഴിയിലൂടെ നിങ്ങള്‍ക്ക് പോകാന്‍ സാധിക്കില്ല എങ്കില്‍ വന്ന വഴിയിലൂടെ തിരിച്ചിറങ്ങാവുന്നതാണ്.
ഇത്രയേറെ കഷ്ടപ്പെട്ട് പാറയിടുക്കിലൂടെ സഞ്ചരിച്ച് മറുവശത്തെത്തി കഴിഞ്ഞാല്‍ നയനമനോഹരമായ പ്രകൃതിഭംഗി നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നതാണ്. പാറപ്പുറത്തെ കാഴ്ചകളും മനോഹരം തന്നെ.
ആമപ്പാറയില്‍ എത്തിച്ചേരുന്നതിനായി നെടുങ്കണ്ടത്ത് നിന്ന് രാമക്കല്‍മേടിലേക്കുള്ള റോഡിലുള്ള തൂക്കുപാലത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ സഞ്ചരിക്കണം. ശേഷം തോവാളപ്പടി ജങ്ഷനിലെത്തി ചേര്‍ന്ന് അവിടെ നിന്നും ജീപ്പില്‍ ആമപ്പാറയിലെത്താവുന്നതാണ്.