5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Palakkad Hidden Spot: പ്രകൃതി സ്നേഹികളുടെ പറുദീസ; കണ്ടിരിക്കണം പാലക്കാട്ടെ ഈ സ്ഥലങ്ങൾ

Hidden Tourist Places In Palakkad: മലമ്പുഴ അണക്കെട്ട്, ടിപ്പു സുൽത്താൻ കോട്ട, കൽപ്പാത്തി പൈതൃക ഗ്രാമം, കാഞ്ഞിരപ്പുഴ ഡാം ഗാർഡൻ, നെല്ലിയാമ്പതി എന്നിവ പാലക്കാടൻ മണ്ണിലെ കണ്ണഞ്ചിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പാലക്കാടിന്റെ ഭംഗി ആദ്യം ഒപ്പിയെടുത്തത് മലയാള സിനിമകൾ തന്നെയാണ്.

Palakkad Hidden Spot: പ്രകൃതി സ്നേഹികളുടെ പറുദീസ; കണ്ടിരിക്കണം പാലക്കാട്ടെ ഈ സ്ഥലങ്ങൾ
Palakkad Image Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 15 Mar 2025 12:04 PM

അന്നത്തെ പാലക്കാട്ടുശ്ശേരിയാണ് ഇന്ന് നമ്മുടെ പാലക്കാട്. കേരളത്തിൻ്റെ ഹൃദയഭാഗത്തുള്ള നെൽവയലുകളുടെയും ​ഗ്രാമീണ ഭം​ഗയുടെയും സൗന്ദര്യം വിളിച്ചോതുന്ന പാലക്കാടിൻ്റെ മണ്ണിലൂടെയാകാം ഇന്നത്തെ യാത്ര. മലമ്പുഴ അണക്കെട്ട്, ടിപ്പു സുൽത്താൻ കോട്ട, കൽപ്പാത്തി പൈതൃക ഗ്രാമം, കാഞ്ഞിരപ്പുഴ ഡാം ഗാർഡൻ, നെല്ലിയാമ്പതി എന്നിവ പാലക്കാടൻ മണ്ണിലെ കണ്ണഞ്ചിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പാലക്കാടിന്റെ ഭംഗി ആദ്യം ഒപ്പിയെടുത്തത് മലയാള സിനിമകൾ തന്നെയാണ്.

പാലക്കാടൻ ഗ്രാമീണ ശാലീനതയിൽ പച്ചച്ചേല ചുറ്റിയ കൃഷിയിടങ്ങളെല്ലാം കണ്ണുകൾക്ക് കുളിർമയേകുന്ന കാഴ്ച്ചതന്നെയാണ്. മലനിരകളാകട്ടെ ദൂരെ മേഘങ്ങളേ ചുംബിച്ചു നിൽകുന്നു. കേരളത്തനമിയം പാരമ്പര്യവും പ്രകൃതിഭം​ഗിയും ചേർത്തൊരു വൈബാണ് മനസ്സിലെങ്കിൽ, ഒന്നും നോക്കണ്ട ഇത്തവണ പാലക്കാട്ടേക്ക് വിട്ടോളൂ. നെല്ലിയാമ്പതിയും മലമ്പുഴയും ധോണിയും കൊല്ലങ്കോടുമെല്ലാം ചേർന്ന് ഒരു അവധി ആഘോഷത്തിന് വേണ്ടതെല്ലാം പാലക്കാടൻ മണ്ണിലുണ്ടെന്ന് സാരം.

കൊല്ലങ്കോട്‌

നെല്ലിയാമ്പതി മലനിരകളുടെ അടിത്തട്ടിൽ മലയെ താങ്ങിനിർത്തിയപോലൊരു ​ഗ്രാമം. അതാണ് കൊല്ലങ്കോട്. പഴമയും പ്രകൃതിയുടെ പ്രൗഡിയും തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് മാടിവിളിക്കുന്നത്. പച്ചപരവതാനിപോലെ നെൽപ്പാടങ്ങളും പാടവരമ്പുകളിൽ നിരനിരയായി അനുസരണയായി നിൽക്കുന്ന തെങ്ങുകളും കരിമ്പനകളും ഇവയ്ക്ക് പിന്നിൽ മാനം മുട്ടി നിൽക്കുന്ന മലനിരകളും ഈ ​ഗ്രാമത്തിൻ്റെ ഭം​ഗി എടുത്തുകാണിക്കുന്നു. പാലക്കാട്ടെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ പൂച്ചെടികൾ കൊണ്ട് തീർത്ത വേലിക്കെട്ടുകളാണ്. എത്ര ആഡംബര മതിലുകൾ ഉണ്ടായാലും ആ വേലികളിൽ പൂത്തുനിൽക്കുന്ന നാടൻ ചെമ്പരത്തിപൂവിൻ്റെ ഭം​ഗിയോളം ആവില്ല. സീതാർകുണ്ട്‌ വെള്ളച്ചാട്ടവും ചിങ്ങൻചിറയുമെല്ലാം കൊല്ലങ്കോട്‌ ​ഗ്രാമത്തിൻ്റെ മറ്റ് പ്രത്യേകതകളാണ്‌.

വീട്ടിക്കുന്ന് ദ്വീപ്

ഏകാന്തമായൊരു ദ്വീപുണ്ടെങ്കിൽ അത് വീട്ടിക്കുന്ന് ദ്വീപാണ്. പാലക്കാട് ചിറ്റൂരിലെ സംരക്ഷിത പ്രദേശമായ പറമ്പിക്കുളം കടുവാ സങ്കേതത്തിലെ വീട്ടിക്കുന്ന് ദ്വീപാണ് ഈ ജില്ലയുടെ മറ്റൊരു കേന്ദ്ര ഭാ​ഗം. നീലജലാശയത്താൽ ചുറ്റപ്പെട്ട, മുളകൾ നിറഞ്ഞ ഈ ദ്വീപിൽ നിങ്ങൾക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്. പറമ്പിക്കുളം ഡാമിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. അരമണിക്കൂർ ബോട്ടിൽ തുഴഞ്ഞാൽ വീട്ടിക്കുന്നിലെത്താം. 89 കിലോമീറ്റർ വിസ്തൃതിയുള്ള പറമ്പിക്കുളം അണക്കെട്ടിന് നടുവിലാണ് വീട്ടിക്കുന്ന് ദ്വീപുള്ളത്.

കരുവാര വെള്ളച്ചാട്ടം

സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫർസോണിലാണ് കരുവാര വെള്ളച്ചാട്ടം കാണാൻ കഴിയുക. അല്പം സാഹസികമാണെങ്കിലും എത്തിപ്പെട്ടാൽ അതിമനോഹരമായൊരു കാഴ്ച്ചയാണ് നിങ്ങളെ കാത്തിരിക്കുന്നത്. മുക്കാലിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് കരുവാര ആദിവാസി കോളനിയിലേക്കുള്ള റോഡിലൂടെ 3.5 കിലോമീറ്റർ നടക്കണം. പിന്നീട് വീണ്ടും 1.5 കിലോമീറ്ററോളം കാട്ടിലൂടെ നടന്നാൽ കരുവാര വെള്ളച്ചാട്ടത്തിലെത്താം.

അനങ്ങൻമല

ഒറ്റപ്പാലം ഭാ​ഗത്താണോ ചിത്രീകരണം. എങ്കിൽ ആ ചിത്രത്തിൽ അനങ്ങൻമലയുണ്ടെന്നുള്ള കാര്യത്തിൽ സംശയംവേണ്ട. കാരണം അത്ര മനോഹരമായ കാഴിച്ചയാണ് ആ മലമുകളിൽ നിന്ന് നോക്കിയാൽ കാണാവുന്നത്. ട്രക്കിങ്ങും കുട്ടികളുടെ പാർക്കും വിശ്രമകേന്ദ്രങ്ങളും എല്ലാം ഇവിടെയുണ്ട്. ചെറിയൊരു വെള്ളച്ചാട്ടവും ഉണ്ട്. പാറക്കെട്ടിലൂടെ കൂറച്ച് മുകളിലേക്ക് കയറിയാൽ മലയിലെത്താം. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് റോക്ക് ക്ലൈംബിങ്ങിനുള്ള സൗകര്യവും ഉണ്ട്.