Lakes In India: കായൽ ഭംഗി ആസ്വദിച്ചൊരു കിടിലൻ യാത്ര പോകാം; അതും ഓൾ ഇന്ത്യയായി
Beautiful Lakes In India: കേരളത്തിൽ മാത്രമല്ല ഇത്തരത്തിൽ കായൽ ഭംഗി ആസ്വദിക്കാൻ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും നിരവധി സ്ഥലങ്ങളുണ്ട്. നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചില കായലുകളെക്കുറിച്ചറിയാം.

Lakes In India
ശാന്തമായൊഴുകുന്ന കായയിലൂടെയുള്ള യാത്ര വളരെ മനോഹരമാണ്. കായൽ കാറ്റേറ്റും കായൽ ഭക്ഷണം ആസ്വദിച്ചും യാത്ര ചെയ്യാൻ നിരവധി വിനോദ സഞ്ചാരികളാണ് ദിവസേന വിവിധയിടങ്ങളിലേക്ക് എത്തുന്നത്. കേരളത്തിൽ മാത്രമല്ല ഇത്തരത്തിൽ കായൽ ഭംഗി ആസ്വദിക്കാൻ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും നിരവധി സ്ഥലങ്ങളുണ്ട്. നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചില കായലുകളെക്കുറിച്ചറിയാം.
ദാൽ തടാകം (ജമ്മു & കശ്മീർ): ശ്രീനഗറിൽ സ്ഥിതി ചെയ്യുന്ന ദാൽ തടാകം കാശ്മീരിന്റെ കിരീടത്തിലെ രത്നമായാണ് അറിയപ്പെടുന്നത്. ശാന്തമായ ജലാശത്തിലൂടെയുള്ള ഹൗസ് ബോട്ട് യാത്രതന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. മഞ്ഞുമൂടിയ പർവതങ്ങളാലും ഹൗസ് ബോട്ടുകളാലും ചുറ്റപ്പെട്ട ദാൽ തടാകം രാജ്യത്തെ ഏറ്റവും മനോഹരമായ തടാകങ്ങളിൽ ഒന്നാണ്. വേനൽക്കാലത്തെ യാത്രകളിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണിത്.
വേമ്പനാട് കായൽ (കേരളം): കേരളത്തിലെ ഏറ്റവും നീളം കൂടിയ കായലാണ് വേമ്പനാട് കായൽ. സുന്ദരമായ വേമ്പനാട്ട് കായലിന്റെ സൗന്ദര്യം ആസ്വദിക്കാനാണ് വിനോദ സഞ്ചാരികൾ ആലപ്പുഴയിൽ എത്തിച്ചേരുന്നത്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാട് കായലിൽ വർഷത്തിൽ ആറു മാസം ഉപ്പു വെള്ളവും ബാക്കി ആറു മാസം ശുദ്ധ ജലവുമാണ് ഉണാകാറുള്ളത്.
ഭീംതാൽ തടാകം (ഉത്തരാഖണ്ഡ്): ഇന്ത്യയിലെ കുമയൂണിലെ നൈനിറ്റാളിനടുത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായൊരു തടാകമാണ് ഭീംതാൽ തടാകം. തിരക്ക് കുറഞ്ഞതും ശാന്തമായ പ്രകൃതിയാലും ചുറ്റപ്പെട്ട ഈ തടാകം വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ്. പ്രകൃതി സൗന്ദര്യവും, ശുദ്ധ ജലവും, ശാന്തമായ അന്തരീക്ഷവും ഇവിടുത്തെ പ്രത്യേകതയാണ്. ചുറ്റുമുള്ള കുന്നുകളും ഇടതൂർന്ന വനങ്ങളും പ്രദേശത്തിൻ്റെ ഭംഗി വർദ്ധിപ്പിക്കുന്നു.
പാങ്കോങ് ത്സോ തടാകം (ലഡാക്ക്): 14,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലഡാക്കിലെ അതിമനോഹരമായ തടാകമാണ് പാങ്കോങ് ത്സോ. നീല നിറത്തിലുള്ള ജലാശയം ഇന്ത്യയിലും ചൈനയിലുമായി വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയിലെ ഏറ്റവും സവിശേഷമായ തടാകങ്ങളിൽ ഒന്നാണ് പാങ്കോങ് ത്സോ തടാകം.
ലോക്തക് തടാകം (മണിപ്പൂർ): ലോകത്തിലെ ഒരേയൊരു ഫ്ലോട്ടിങ് തടാകമാണ് മണിപ്പൂരിലെ ലോക്തക് തടാകം. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമെന്നും ഇത് അറിയപ്പെടുന്നു. വടക്കുകിഴക്കൻ ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിക്കുന്ന മണിപ്പൂരിലെ ലോക്തക് തടാകം മൊയ്‌റാങ്ങിനടുത്താണ് സ്ഥിതി ചെയ്യുന്നത്. മുകളിൽനിന്ന് നോക്കിയാൽ ഈ തടാകം ദ്വീപുകളാൽ നിറഞ്ഞതാണെന്ന് തോന്നും. പക്ഷേ യഥാർഥത്തിൽ അവ സസ്യജാലങ്ങൾ, ജൈവവസ്തുക്കൾ, മണ്ണ് എന്നിവയുടെ ശേഖരമാണ്.
പിച്ചോള തടാകം (രാജസ്ഥാൻ): രാജസ്ഥാനിലെ ഉദയ്പൂരിൽ സ്ഥിതി ചെയ്യുന്ന പിച്ചോള തടാകത്തിന് ചുറ്റും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കുന്നുകളുമാണ്. ആരെയും വിസ്മയിപ്പിക്കുന്ന സൗന്ദര്യവും വാസ്തുവിദ്യയും ഒക്കെയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ബഞ്ചാര വംശജനായ പിച്ചു നിർമ്മിച്ച ഒരു കൃത്രിമ തടാകമാണിത്. ജഗ് നിവാസ്, ജഗ് മന്ദിർ, മോഹൻ മന്ദിർ, അർസി വിലാസ് എന്നിങ്ങനെ നാല് ദ്വീപുകൾ ഈ തടാകത്തിലുണ്ട്. തടാകത്തിൽ നിന്നുള്ള സൂര്യോദയ, സൂര്യാസ്തമയ കാഴ്ചകളാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.