Kasaragod Ranipuram: വന്യജീവികളുടെ വിഹാരകേന്ദ്രം, പച്ചപ്പിന്റെ റാണി; കുറഞ്ഞ ചെലവിൽ റാണിപുരം കാണാം
Kasaragod Ranipuram Trekking Destination: കർണ്ണാടകയോട് ചേർന്നു കിടക്കുന്ന ഒരു വന പ്രദേശം കൂടിയാണ് റാണിപുരം. പണ്ടുകാലത്ത് മാടത്തുമല എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 750 മീറ്ററോളം ഉയർത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. വന്യജീവികളുടെ വിഹാര കേന്ദ്രം കൂടിയാണിവിടം.

പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒരു യാത്ര അത് മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ്. സാഹസികത ആഗ്രഹിക്കുന്നവരാണെങ്കിൽ പിന്നെ പറയുകയും വേണ്ട. അത്തരത്തിൽ നമ്മുടെ കേരളത്തിലുമുണ്ട് നിരവധി സ്ഥലങ്ങൾ. അങ്ങനെയൊരു സ്ഥലമാണ് കാസർഗോഡുള്ള റാണിപുരം. പശ്ചിമഘട്ടത്തിന്റെ പച്ചപ്പിൽ അതിമനോഹരമായ സൗന്ദര്യം തൂവുന്ന പ്രകൃതിദൃശ്യം. റാണിപുരം കുന്നുകൾ പ്രകൃതി സ്നേഹികളെയും സാഹസിക സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന ഒരിടമാണ്.
കർണ്ണാടകയോട് ചേർന്നു കിടക്കുന്ന ഒരു വന പ്രദേശം കൂടിയാണ് റാണിപുരം. പണ്ടുകാലത്ത് മാടത്തുമല എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ഊട്ടിയെന്നും മിനി ഊട്ടിയെന്നുമൊക്കെ ചിലർ റാണിപുരത്തെ വിശേഷിപ്പിക്കാറുണ്ട്. മഴക്കാടുകളും വനങ്ങളും ഒപ്പം പുൽമേടുകളും ചേർന്ന കുന്നിൽ നിരകളാണ് റാണിപുരത്തിൻ്റെ പ്രത്യേകത. റാണിപുരത്തേക്ക് ബസ് സർവീസുണ്ട്. അതിനാൽ എത്തിപ്പെടാൻ അത്ര ബുദ്ധിമുട്ടില്ല.
സാഹസികർക്ക് അല്പം വെല്ലുവിളി നിറഞ്ഞ ട്രക്കിങ്ങും, അതിമനോഹരമായ കാഴ്ചകളും, ജീപ്പിലൂടെയുള്ള ആടിയുലഞ്ഞ യാത്രയും ആസ്വദിക്കാൻ ഇതിലും നല്ലൊരു സ്ഥലം വേറെയില്ല. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 750 മീറ്ററോളം ഉയർത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. വന്യജീവികളുടെ വിഹാര കേന്ദ്രം കൂടിയാണിവിടം. പ്രത്യേകിച്ച് കാട്ടാനകളുടെ. അടുത്തിടെ ഈ മേഖലയിൽ പുള്ളിപ്പുലിയെയും കണ്ടിട്ടുണ്ട്. അതിനാൽ അങ്ങോട്ടേയ്ക്കുള്ള യാത്ര അല്പം ജാഗ്രതയോടെയാവണം.
ഊട്ടിയിലേത് പോലെയുള്ള കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് മിനി ഊട്ടിയെന്നും കേരളത്തിലെ ഊട്ടിയെന്നുമൊക്കെ റാണിപുരത്തെ അറിയപ്പെടാനുള്ള കാരണം. പശ്ചിമഘട്ട സംരക്ഷിത പ്രദേശങ്ങളിൽ ഒന്ന് കൂടിയാണ് റാണിപുരം. കാസർഗോഡ് കാഞ്ഞങ്ങാട് നിന്ന് ഏകദേശം 45 കിലോമീറ്റർ യാത്ര ചെയ്താൽ നമ്മുടെ സ്വന്തം റാണിപുരത്ത് എത്താം.
അപൂർവയിനം പക്ഷികളെയും സസ്യജാലങ്ങളേയും ഇവിടെ കാണാൻ കഴിയും. ഉറപ്പായും ഇവിടെക്കുള്ള നിങ്ങളുടെ യാത്ര അതിമനോഹരമായിരിക്കും. നിങ്ങൾക്ക് അവിടെ തങ്ങണമെങ്കിൽ കെടിഡിസിയുടെ ഗസ്റ്റ് ഹൌസുകൾ റാണിപുരത്ത് ലഭ്യമാണ്. പനത്തടിയിൽ നിന്നും ജീപ്പുവഴി റാണിപുരത്തേക്ക് പോകുന്നതാണ് ഏറ്റവും എളുപ്പത്തിൽ ഈ പ്രദേശത്തേക്ക് എത്താനുള്ള മാർഗം.