Kerala Famous Dam: ക്ലൈമറ്റ് വാക്ക്, കുട്ടവഞ്ചിസവാരി; കേരളത്തിലെ ഡാമുകളിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് എന്തെല്ലാം?
Kerala Famous Dam Ecotourism: ഇടുക്കി ഡാമല്ലാതെ കേരളത്തിൻ്റെ സൗന്ദര്യവും പ്രകൃതിയുടെ വശ്യതയും തൂകി നിൽക്കുന്ന മറ്റ് നിരവധി ചെറുതും വലുതുമായ ഡാമുകളും ഇവിടെയുണ്ട്. പീച്ചി, ചിമ്മിനി, തെന്മല, നെയ്യാർ, ഇടുക്കി, ചെറുതോണി, മലമ്പുഴ തുടങ്ങി നിരവധി ഡാമുകളാണ് കേരളത്തിലുള്ളത്.

ഡാമുകളെന്ന് പറഞ്ഞാൽ ആദ്യം ഓർമ്മവരിക നമ്മുടെ ഇടുക്കി ഡാം തന്നെയാണ്. സന്തോഷത്തിനും അഭിമാനത്തിനും അപ്പുറം അതോർക്കുമ്പോൾ അല്പം വേദനയും തോന്നാറുണ്ട്. കേരളത്തിലെ 2018ലെ വെള്ളപ്പൊക്കവും ഡാം തുറന്നുവിടലും ഒന്നും നാം ഒരിക്കലും മറക്കുകയില്ല. എന്നാൽ ഇടുക്കി ഡാമല്ലാതെ കേരളത്തിൻ്റെ സൗന്ദര്യവും പ്രകൃതിയുടെ വശ്യതയും തൂകി നിൽക്കുന്ന മറ്റ് നിരവധി ചെറുതും വലുതുമായ ഡാമുകളും ഇവിടെയുണ്ട്. പീച്ചി, ചിമ്മിനി, തെന്മല, നെയ്യാർ, ഇടുക്കി, ചെറുതോണി, മലമ്പുഴ തുടങ്ങി നിരവധി ഡാമുകളാണ് കേരളത്തിലുള്ളത്.
പീച്ചി ഡാം
തൃശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ മണലിപ്പുഴയിലാണ് പീച്ചി ഡാം സ്ഥിതി ചെയ്യുന്നത്. ജലസേചനപദ്ധതി, ശുദ്ധജലവിതരണം എന്നിവയ്ക്കായാണ് പ്രധാനമായും ഈ അണക്കെട്ട് ഉപയോഗിക്കുന്നത്. തടഞ്ഞുനിർത്തിയ വെള്ളവും അതിനോട് ചേർന്ന് കിടക്കുന്ന കാടുകളും പ്രദേശത്തെ അതിമനോഹരമാക്കുന്നു. ബൊട്ടാണിക്കൽ ഗാർഡനുകൾ, കുട്ടികളുടെ പാർക്ക്, ഡാം പൂർണമായി കാണാൻ കഴിയുന്ന നക്ഷത്രബംഗ്ലാവ്, കുട്ടവഞ്ചി സവാരി എന്നിങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട് പീച്ചിയിൽ.
ചിമ്മിനി ഡാം
തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചിമ്മിനി ഡാം ഒരു വന്യജീവിസങ്കേതം കൂടിയാണ്. ചാലക്കുടി താലൂക്കിൽ പശ്ചിമഘട്ടത്തിനോട് ചേർന്നുള്ള പ്രകൃതിരമണീയമായ സ്ഥലമാണ് ചിമ്മിനി ഡാം. സമീപപ്രദേശങ്ങളായ ചൊക്കന, കുണ്ടായി ഭാഗങ്ങളിലെ വനഭംഗിയും വെള്ളച്ചാട്ടങ്ങളും ചിമ്മിനി ഡാമിന് കൂടുതൽ ഭംഗി നൽകുന്നു. വെള്ളത്തിലും കരയിലുമായി നടത്തുന്ന ആംഫി ട്രക്കിങ് കുട്ടവഞ്ചിയാത്രയും വനയാത്രയും ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണങ്ങളാണ്.
നെയ്യാർ ഡാം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് നെയ്യാർ. 1958-ലാണ് ഈ ഡാം പണികഴിപ്പിച്ചത്. 128 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന വന്യജീവി സങ്കേതമാണ് ഈ ഡാമിൻ്റെ പ്രധാന ആകർഷണീയത്. ബോട്ട് സവാരിയും, വനത്തിലൂടെയുള്ള യാത്രയും എല്ലാം വിനോദ സഞ്ചാരികൾക്കായി നെയ്യാറിൽ ഒരുക്കിയിട്ടുണ്ട്.
തെന്മല ഡാം
പരപ്പാർ ഡാം എന്നും അറിയപ്പെടുന്ന തെന്മല അണക്കെട്ട് കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം ഡെസ്റ്റിനേഷൻ കൂടിയാണ് തെന്മല അണക്കെട്ട്. കേരളത്തിലെ കൊല്ലം ജില്ലയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിൻ്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന തെന്മല യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രം കൂടിയാണ്. പ്രകൃതിസൗന്ദര്യത്തിനും സാഹസിക വിനോദങ്ങൾക്കും ഒരുപോലെ അവസരം നൽകുന്ന ഒരു മേഖലകൂടിയാണ് തെന്മല.