5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Forts In Kerala: ബേക്കൽ കോട്ട മുതൽ ചന്ദ്ര​ഗിരി വരെ; ചരിത്രമുറങ്ങുന്ന കേരളത്തിലെ കോട്ടകളിലൂടെ ഒരു യാത്ര

Historic and Ancient Forts In Kerala: കേരളത്തിൽ മാത്രമല്ല മിക്ക സംസ്ഥാനങ്ങളിലേയും പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി ഒരു കോട്ടയുണ്ടാകും.യുദ്ധങ്ങളും പിടിച്ചടക്കലുകളും നിറഞ്ഞ ചരിത്രത്തിൻറെ അവശേഷിപ്പായാണ് ഇന്ന് കോട്ടകൾ സംരക്ഷിക്കപ്പെടുന്നത്. അത്തരത്തിൽ നമ്മുടെ കൊച്ചുകേരളത്തിൽ കണ്ടിരിക്കേണ്ട ചില കോട്ടകളെ ഏതെല്ലാമെന്ന് നോക്കാം.

Forts In Kerala: ബേക്കൽ കോട്ട മുതൽ ചന്ദ്ര​ഗിരി വരെ; ചരിത്രമുറങ്ങുന്ന കേരളത്തിലെ കോട്ടകളിലൂടെ ഒരു യാത്ര
Forts In KeralaImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 29 Mar 2025 13:25 PM

സൈനികതന്ത്രം, ആക്രമണ പാടവം, ധീരത എന്നിവയുടെ കഥകൾ പേറുന്നവയാണ് കേരളത്തിലെ പല ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കോട്ടകൾ. പണ്ടു കാലത്ത് പട്ടാള കേന്ദ്രങ്ങളായിരുന്ന ഇവ ഇന്ന് സംസ്കാരത്തിൻ്റെ ചരിത്രത്തിൻ്റെയും മണ്ണുകൂടിയാണ്. കേരളത്തിൽ മാത്രമല്ല മിക്ക സംസ്ഥാനങ്ങളിലേയും പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി ഒരു കോട്ടയുണ്ടാകും. അവയിൽ ലോക പൈതൃക പട്ടികയിൽ വരെ ഇടം പിടിച്ചയവയുണ്ട്. യുദ്ധങ്ങളും പിടിച്ചടക്കലുകളും നിറഞ്ഞ ചരിത്രത്തിൻറെ അവശേഷിപ്പായാണ് ഇന്ന് കോട്ടകൾ സംരക്ഷിക്കപ്പെടുന്നത്. അത്തരത്തിൽ നമ്മുടെ കൊച്ചുകേരളത്തിൽ കണ്ടിരിക്കേണ്ട ചില കോട്ടകളെ ഏതെല്ലാമെന്ന് നോക്കാം.

ബേക്കൽ കോട്ട

കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമായ 400 വർഷത്തോളം പഴക്കമുള്ള ഒന്നാണ് ബേക്കൽ കോട്ട. എത്രയൊക്കെ കോട്ടകൾ ഉണ്ടെങ്കിലും ബേക്കൽ കോട്ടയോളം തലയെടുപ്പുള്ള മറ്റൊന്ന് കേരളത്തിൽ ഇല്ലെന്ന് തന്നെ പറയാം. പടയോട്ടങ്ങളുടെ മരണമില്ലാത്ത ചരിത്രമുറങ്ങുന്ന മണ്ണാണ് ബേക്കൽ കോട്ടയിലേത്. ഏകദേശം 35 ഏക്കറിലായി ബേക്കൽ കോട്ട വ്യാപിച്ചുകിടക്കുന്നു. ഏതാണ്ട് 50 അടിയോളം ഉയരത്തിലായി കടലിലേക്ക് തള്ളി നിൽക്കുന്ന വാച്ച് ടവർ കോട്ടയിലെ കാണേണ്ട കാഴിച്ചയാണ്. കടൽനിരപ്പിൽ നിന്നും ഏതാണ്ട് 300 അടി ഉയരത്തിലുള്ള ഒരു കുന്നിൻ മുകളിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്.

കണ്ണൂർ കോട്ട

മലബാർ കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന, ലാറ്ററൈറ്റ്, ത്രികോണാകൃതിയിലുള്ള കോട്ടയാണ് കണ്ണൂർ കോട്ട. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ഡോൺ ഫ്രാൻസെസ്കോ ഡി അൽമാഡാണ് ഇത് നിർമ്മിച്ചത്. കണ്ണൂർ നഗരത്തിൽ നിന്നും മൂന്ന് കിലോ മീറ്റർ മാറി അറബിക്കടലോരത്ത് സ്ഥിതി ചെയ്യുന്ന കോട്ടയ്ക്ക് കണ്ണൂർ സെൻ്റ് ആഞ്ചലോ കോട്ട എന്ന പേരുമുണ്ട്.1505-ൽ നിർമ്മിച്ച ഈ കോട്ട, കണ്ണൂരിലെ പ്രധാന ചരിത്ര സ്മാരകങ്ങളിൽ ഒന്നാണ്. ഇവിടെ മനോഹരമായ കാഴ്ചകളും ചരിത്രപരമായ പ്രാധാന്യവും നൽകുന്ന കാഴ്ച്ചകൾ നമ്മെ ഏറെ ഇഷ്ടപെടുത്തുന്നു.

ടിപ്പു കോട്ട

ടിപ്പുവിന്റെ കോട്ട എന്ന് അറിയപ്പെടുന്ന പാലക്കാട് കോട്ട മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഒരു ചരിത്രസ്മാരകമാണ്. 18-ാം നൂറ്റാണ്ടിൽ ഹൈദരാലി പുനർനിർമ്മിച്ച ഈ കോട്ട ബ്രിട്ടീഷ് അധിനിവേശം വരെയും മൈസൂർ രാജാക്കന്മാരുടെ കൈയ്യിലായിരുന്നു. ടിപ്പു സുൽത്താന്റെ അച്ഛനായ മൈസൂർ രാജാവായിരുന്ന ഹൈദരലി. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് പുരാവസ്തു വകുപ്പിൻ്റെ സംരക്ഷണത്തിലാണ്. കോട്ടയ്ക്ക് അകത്തേക്ക് സന്ദർശകർക്ക് അനുമതി ഉണ്ടെന്നുള്ളത് ഇവിടുത്തെ പ്രത്യേകതയാണ്. വളരെ ചെറിയൊരു വിഗ്രഹമുള്ള ഒരു ചെറിയ ഹനുമാൻ ക്ഷേത്രം കോട്ടയ്ക്കുള്ളിലുണ്ട്.

ചന്ദ്ര​ഗിരി കോട്ട

കാസർകോഡ് ജില്ലയിൽ ചന്ദ്ര​ഗിരിപ്പുഴയുടെ തീരത്തായാണ് ചന്ദ്ര​ഗിരിക്കോട്ട സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ബേഡന്നൂരിലെ ശിവപ്പ നായിക്കാണ് ഈ കോട്ട പണി കഴിപ്പിച്ചത്. കടൽനിരപ്പിൽ നിന്ന് 150 അടിയോളം ഉയരത്തിൽ ഏഴ് ഏക്കറിലായാണ് കോട്ടയുള്ളത്. ഇപ്പോൾ പുരാവസ്തു വകുപ്പിനാണ് ഇതിൻ്റെ സംരക്ഷണ ചുമതല. കോട്ടമുകളിൽ നിന്നുള്ള സൂര്യാസ്തമയം കാണാനാണ് ആളുകൾ ഏറെയും എത്തുന്നത്. കോട്ടയ്ക്ക് തൊട്ടടുത്തുളള ദ്വീപുകളിലേക്ക്‌ ഇവിടെ നിന്ന്‌ ബോട്ട്‌ സർവീസുണ്ട്‌. കൂടാതെ സ്‌പീഡ്‌ ബോട്ട്‌, ഹോസ്‌ബോട്ട്‌ സവാരികൾ, ദ്വീപുകളിൽ ക്യാമ്പിങ്ങ്‌ എന്നിവയും ഇവിടെയെത്തുന്നവർക്ക് ആസ്വദിക്കാം.