Kochi Scenic Road Trips: പ്രകൃതിയെ ഇണങ്ങിയൊരു വാരാന്ത്യ യാത്ര പോയാലോ! അതും നമ്മുടെ കൊച്ചിയിൽ നിന്ന്
Experience Kochi Scenic Road Trips: കൊച്ചി ഒരു തിരക്കേറിയ നഗരമാണ്. എന്നാൽ ആ തിരക്കിൽ നിന്നൊരു അകലം പാലിക്കാൻ നിങ്ങൾ ആഗ്രഹിന്നുവെങ്കിൽ പോകാൻ പറ്റിയ കുറച്ച് സ്ഥലങ്ങളെക്കുറിച്ചും റോഡ് യാത്രകളെക്കുറിച്ചുമാണ് ഇവിടെ പറയാൻ പോകുന്നത്.

തിരക്കേറിയ ജീവിതത്തിൽ നിന്ന് അല്പം മാറി നിൽക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. എല്ലാ വാരാന്ത്യത്തിലും ഒരു വൺ ഡേ ട്രിപ്പെങ്കിലും പോകുന്നത് മനസ്സിനും ശരീരത്തിനും വളരെയധികം നല്ലതാണ്. കൊച്ചി ഒരു തിരക്കേറിയ നഗരമാണ്. എന്നാൽ ആ തിരക്കിൽ നിന്നൊരു അകലം പാലിക്കാൻ നിങ്ങൾ ആഗ്രഹിന്നുവെങ്കിൽ പോകാൻ പറ്റിയ കുറച്ച് സ്ഥലങ്ങളെക്കുറിച്ചും റോഡ് യാത്രകളെക്കുറിച്ചുമാണ് ഇവിടെ പറയാൻ പോകുന്നത്. പ്രകൃതി സൗന്ദര്യം, ചരിത്രപരമായ ഓർമ്മകൾ, ബീച്ച് നൈറ്റ് തുടങ്ങി നിങ്ങൾക്ക് മികച്ച യാത്രാനുഭവങ്ങൾ നൽകുന്ന ഒരുപിടി സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
മൂന്നാർ
കൊച്ചിയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ യാത്ര ചെയ്താൽ മൂന്നാറിലെത്താം. കേരളത്തിലെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് മൂന്നാർ. വിനോദ സഞ്ചാരികൾ ഒഴികിയെത്തുന്ന കേരളത്തിൻ്റെ കശിമീരിലേക്കുള്ള റോഡ് യാത്ര അതിമനോഹരമാണ്. മൂന്നാറിലേക്കുള്ള നിങ്ങളുടെ യാത്രയിൽ തേയിലത്തോട്ടങ്ങളുടെ പ്രകൃതിദൃശ്യങ്ങളും വെള്ളച്ചാട്ടങ്ങളും ഗാപ് റോഡുകളും മനോഹരമായ പർവതക്കാഴ്ചകളും നിങ്ങളെ അതിശയിപ്പിക്കുന്നതാണ്.
വാളറ വെള്ളച്ചാട്ടം, ചീയപ്പാറ വെള്ളച്ചാട്ടം എന്നിവയുൾപ്പെടെയുള്ള മനോഹരമായ സ്ഥലങ്ങളിലും ഈ യാത്രയിൽ സന്ദർശിക്കാം. മൂന്നാറിൽ എത്തുയാൽ, ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടെ, മാട്ടുപ്പെട്ടി അണക്കെട്ട്, എക്കോ പോയിന്റ് എന്നിവ മറ്റൊരു കാഴ്ച്ചയാണ്. മനോഹരമായ കാലാവസ്ഥയും അതിലുപരി കോടമഞ്ഞിൽ പൊതിഞ്ഞ പ്രകൃതിയും നിങ്ങൾക്ക് വാരാന്ത്യ യാത്രയ്ക്ക് അനുയോജ്യമായ ഇടമാണ്.
ആലപ്പുഴ
ആലപ്പള്ളി പട്ടണം കിഴക്കിന്റെ വെനീസ് എന്നാണ് അറിയപ്പെടുന്നത്. കാരണം ശാന്തമായ കായലുകളും ക്രൂയിസിംഗ് ഹൗസ്‌ബോട്ടുകളുമാണ് അവിടുത്തെ പ്രധാന ആകർഷണം. കൊച്ചിയുടെ തെക്കൻ തീരങ്ങളിൽ നിന്ന് 64 കിലോമീറ്റർ അകലെയാണ് ആലപ്പുഴ. പച്ചപുതച്ച നെൽപ്പാടങ്ങളും താറാകൂട്ടങ്ങളും കുട്ടനാടിൻ്റെ ഗ്രാമീണ സൗന്ദര്യവും ആലപ്പുഴയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
വേമ്പനാട് തടാകത്തിലൂടെ ഹൗസ്ബോട്ട് യാത്രകൾ ആസ്വദിക്കാനും കായൽ ഭക്ഷണങ്ങൾ കഴിക്കാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മനോഹരമായ സ്ഥലമാണ് ആലപ്പുഴ. മാരാരി ബീച്ചിലേക്ക് പോകുകയാണെങ്കിൽ സൂര്യാസ്തമയം കാണാനും കടൽ ഭക്ഷണങ്ങൾ ആസ്വദിക്കാനും പരമ്പരാഗത കരകൗശല വസ്തുക്കളും സ്വന്തമാക്കാനും നിങ്ങൾക്ക് സാധിക്കും.
തേക്കടി
കൊച്ചിയിൽ നിന്ന് 170 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. പെരിയാർ വന്യജീവി സങ്കേതം തേക്കടിയിലെ പ്രശസ്തമായ ആകർഷണമാണ്. കുന്നുകളുടെയും വനങ്ങളുടെയും പ്രകൃതിദൃശ്യങ്ങൾ യാത്രയിലുടനീളം നിങ്ങൾക്ക് കാണാൻ സാധിക്കും. തേക്കടിയിലെ സഞ്ചാരികൾക്ക് ആനകളെ കാണാനും മാനുകളെയും നിരവധി പക്ഷിജാലകങ്ങളെ കാണാനും ബോട്ടിൽ പെരിയാർ തടാകം ചുറ്റാനും കഴിയും. ട്രെക്കിംഗും ഈ സ്ഥലം അനുയോജ്യമാണ്. സുഗന്ധദ്രവ്യ തോട്ടങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് തേക്കടി.
വാഗമൺ
കൊച്ചിയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ യാത്ര ചെയ്താൽ നിങ്ങൾക്ക് വാഗമൺ എത്തിച്ചേരാം. ഏഷ്യയിലെ സ്കോട്ട്ലൻഡ് എന്നാണ് വിദേശികൾ ഈ സ്ഥലത്തെ വിശേഷിപ്പിക്കുന്നത്. മൊട്ടക്കുന്നുകളും, കോടമഞ്ഞും ഏതൊരാൾക്കും ആസ്വദിക്കാവുന്ന കാലാവസ്ഥയുമാണ് ഈ സ്ഥലത്തിൻ്റെ പ്രധാന ആകർഷണം. പോകുന്ന വഴികളിലും അതിമനോഹരമായ കാഴ്ച്ചയാണ് നിങ്ങളെ കാത്തിരിക്കുന്നത്. സൂയിസൈഡ് പോയിന്റ്, മുരുകൻ കുന്ന്, പാരാഗ്ലൈഡിംഗ് തുടങ്ങി നിരവധി സാഹസികമായ ആസ്വാദന പ്രദേശങ്ങളും ഇവിടെയുണ്ട്. ഇടുക്കിയുടെ നാടൻ ഭക്ഷണം ആസ്വദിക്കാൻ തീർച്ചയായും നല്ല സ്ഥലമാണ് വാഗമൺ.
കുമരകം
കൊച്ചിയിൽ നിന്ന് വെറും 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കുമരകം, വേമ്പനാട് തടാകത്തോട് ചേർന്ന് മനോഹരമായ ഒരിടമാണ്. പക്ഷിസങ്കേതത്തിനും മനോഹരമായ കായലുകളും ഇവിടുത്തെ പ്രധാന ആകർഷണമാണ്. കുമരകത്തേക്ക് പോകുന്ന വഴിയിൽ ഗ്രാമീണ കാഴ്ചകൾ കാണാനും ഭക്ഷണം ആസ്വദിക്കാനും നിങ്ങൾക്ക് അവസരമുണ്ട്. ശൈത്യകാലത്തിന്റെ മധ്യത്തിൽ സൈബീരിയൻ കൊക്കുകളും മറ്റ് ദേശാടന പക്ഷികളും കുമരകം പക്ഷിസങ്കേതത്തിൽ വിരുന്നെത്തുന്നു. റിസോർട്ടുകളിലുള്ള താമസവും ആയുർവേദ ചികിത്സകൾക്കും ഏറ്റവും ഉചിതമായ സ്ഥലം.