Kannur Tourist Spot: കണ്ണൂരിൽ കാണാനെന്തുണ്ട്? ഇപ്പോൾ പോയാൽ തെയ്യം കാണാം; ഈ സ്ഥലങ്ങൾ കാണാതെ പോവരുത്
Kannur Tourist Destinations: മനോഹരമായ കടൽത്തീരങ്ങളും മലനിരകളും കൊടുംകാടും കണ്ണൂരിന് സ്വന്തമാണ്. നമ്മുടെ കൊച്ചു കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാട്. പറശ്ശിനിക്കടവ് മുത്തപ്പനെ കാണാനും, കണ്ണൂർ-തലശ്ശേരി കോട്ടകളുടെ ചരിത്ര വഴികളിലൂടെ സഞ്ചരിക്കാനും ഒട്ടനവധി സഞ്ചാരികളാണ് ദിനംപ്രതി എത്തിച്ചേരുന്നത്.

കണ്ണൂരിൽ കാണാനെന്തുണ്ട്? എന്നാൽ കേട്ടോളൂ ഒരുപാടുണ്ട് കാണാൻ. നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാൽ സമ്പന്നമായ ജില്ലയാണ് കണ്ണൂർ. തെയ്യങ്ങളുടെ നാടെന്നും കണ്ണൂർ ജില്ല അറിയപ്പെടുന്നു. മനോഹരമായ കടൽത്തീരങ്ങളും മലനിരകളും കൊടുംകാടും കണ്ണൂരിന് സ്വന്തമാണ്. നമ്മുടെ കൊച്ചു കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാട്. പറശ്ശിനിക്കടവ് മുത്തപ്പനെ കാണാനും, കണ്ണൂർ-തലശ്ശേരി കോട്ടകളുടെ ചരിത്ര വഴികളിലൂടെ സഞ്ചരിക്കാനും ഒട്ടനവധി സഞ്ചാരികളാണ് ദിനംപ്രതി എത്തിച്ചേരുന്നത്.
കണ്ണൂരിലെ തെയ്യക്കാഴ്ച്ചകളും അതിമനോഹരമാണ്. ഇപ്പോൾ തെയ്യം നിറഞ്ഞാടുന്ന സമയമാണ്. അതിനാൽ ദുരെ നിന്നും നിരവധി ആളുകൾ തെയ്യം കാണാനായി കണ്ണൂരിലേക്ക് എത്തിച്ചേരുന്നുണ്ട്. അങ്ങനെ കണ്ണൂരിൻ്റെ പ്രകൃതി സൗന്ദര്യം ഒപ്പിയെടുത്ത ചില വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചറിയാം.
പൈതൽ മല
വൈതൽ മല എന്നും വിളിക്കപ്പെടുന്ന പൈതൽ മല, കണ്ണൂർ ജില്ലയിലെ പശ്ചിമഘട്ടത്തിൻ്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ്. ഏകദേശം കേരള-കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പൈതൽ മല, കർണാടകയിലെ കുടകു വനമേഖലയിലേക്കാണ് ചെന്നിറങ്ങുന്നത്. കണ്ണൂരുകാരുടെ മൂന്നാൽ എന്നും അറിയപ്പെടുന്നു. മലമുകളിലെ നിരീക്ഷണ ഗോപുരത്തിലൂടെ നോക്കിയാൽ കുടക് വനങ്ങൾ അതിമനോഹരമായി കാണാം. തണുത്ത കാലാവസ്ഥയും മഞ്ഞുമൂടിയ മലനിരകളും തണുത്ത കാറ്റുമാണ് ഈ സ്ഥലത്തിൻ്റെ പ്രത്യേകത. ഏകദേശം രണ്ട് കിലോമീറ്റർ വനയാത്ര അവസാനിക്കുന്നത് പച്ചപ്പരവതാനി വിരിച്ച പുൽമേടുകളിലാണ്.
പാലുകാച്ചി മല
കോടമഞ്ഞിറങ്ങുമ്പോൾ പാലുകാച്ചി മലയുടെ സൗന്ദര്യം ആകെ മാറും. അധികമാരും എത്താത്ത സ്ഥലങ്ങളിലേക്ക് പോകണമെന്നുള്ളവർക്ക് ഇവിടേക്ക് ഓടിയെത്താം. കണ്ണൂരിലെ മട്ടന്നൂരിനടുത്തു ശിവപുരം മാലൂരാണ് പാലുകാച്ചിപ്പാറ സ്ഥിതി ചെയ്യുന്നത്. അകലെ നിന്ന് നോക്കിയാൽ അടുപ്പു കല്ല് കൂട്ടിയതു പോലെയാണ് ഈ മൂന്ന് മലകൾ തോന്നിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇതിനെ പാലുകാച്ചി മല എന്ന് വിളിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2347 അടി ഉയരത്തിൽ പശ്ചിമ ഘട്ട മല നിരകളുടെ ഭാഗമാണ് പാലുകാച്ചി മല.
കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം
കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റം കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന വെള്ളച്ചാട്ടമാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. വടക്കൻ കേരളത്തിന്റെ കൊടൈക്കനാൽ എന്നറിയപ്പെടുന്ന സ്ഥലം കൂടിയാണ് കാഞ്ഞിരക്കൊല്ലി. വനംവകുപ്പിലെ ഇക്കോ-ടൂറിസം പോയിന്റാണ് കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടം. കണ്ണൂരിൽ നിന്നും 60 കിലോ മീറ്റർ താണ്ടിയാൽ ഇവിടെയെത്താം. കൂത്തുപറമ്പ്-ഇരിട്ടി-ഉളിക്കൽ- എന്നീ വഴിയിലൂടെയാണ് കാഞ്ഞിരക്കൊല്ലിയിലെത്തുന്നത്.
തലശ്ശേരി കോട്ട
1708-ൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ചതാണ് കണ്ണൂർ ജില്ലയിലെ തലശ്ശേരി കോട്ട. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബോംബെ ആസ്ഥാനത്തിന് കീഴിലായിരുന്നു തലശേരി കോട്ട നിലനിന്നത്. കൊത്തുപണികൾ നിറഞ്ഞ വാതായനങ്ങളും കടലിലേക്കുള്ള രഹസ്യതുരങ്കങ്ങളും കോട്ടയുടെ ചരിത്രത്തിൻ്റെ പ്രാധാന്യം വിളിച്ചോതുന്നു.