Toddy Shop Fish Curry: നാവില്‍ കൊതിയൂറും ഷാപ്പിലെ മുളകിട്ട മത്തിക്കറി വീട്ടിൽ ട്രൈ ചെയ്താലോ? ഉഗ്രൻ റെസിപ്പി ഇതാ..
Toddy Shop sardine Fish Curry Recipe:നല്ല എരിവും പുളിയും സമാസമം കൂട്ടി വറ്റിച്ചെടുത്താൽ പിന്നെ ചോറിന് കറിയായി മറ്റൊന്നും വേണ്ട. അത്തരത്തിലുള്ള ഷാപ്പിലെ മുളകിട്ട മീന്‍ കറി ഇനി നമ്മുക്ക് വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കിയാലോ?
മലയാളികളുടെ പ്രിയ വിഭവങ്ങളുടെ ലിസ്റ്റിൽ മീൻ കറി എന്നും മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കും. എന്ത് ഉണ്ടെങ്കിലും മീൻ ഇല്ലെങ്കിൽ മലയാളികൾക്ക് ഒരു സുഖമില്ല. മീൻ ഇല്ലാതെ ഭക്ഷണം ഇറങ്ങാത്തവരും നമ്മുടെ കൂട്ടത്തിൽ കാണും. അതുകൊണ്ട് തന്നെ എവിടെ സീ ഫുഡ് ലഭിക്കുന്നോ അത് തേടി പോകുന്നവരാണ് മിക്കവരും. എന്നാൽ ബെസ്റ്റ് സീ ഫുഡ് ലഭിക്കണമെങ്കിൽ കള്ള് ഷാപ്പിൽ തന്നെ പോകണം. നല്ല എരിവും പുളിയും സമാസമം കൂട്ടി വറ്റിച്ചെടുത്താൽ പിന്നെ ചോറിന് കറിയായി മറ്റൊന്നും വേണ്ട. അത്തരത്തിലുള്ള ഷാപ്പിലെ മുളകിട്ട മീന്‍ കറി ഇനി നമ്മുക്ക് വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കിയാലോ?
ആവശ്യമുള്ള ചേരുവകള്‍:
മത്തി, ആവശ്യത്തിന് വെളിച്ചെണ്ണ,കടുക്, ഉലുവ, ഇഞ്ചി,വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി, കുടംപുളി (വെള്ളത്തില്‍ കുതിർത്ത് വച്ചത്) കറിവേപ്പില, മഞ്ഞള്‍ പൊടി, മുളക് പൊടി,ഉപ്പ്.
Also Read:ഇതുമതി ഒരുപ്ലേറ്റ് ചോറ് അകത്താക്കാൻ! കൊതിപ്പിക്കും രുചിയിൽ മത്തി അച്ചാർ ഈസി റെസിപ്പി
തയ്യാറാക്കുന്ന വിധം
നമ്മുടെ ആവശ്യത്തിനുള്ള മത്തി നന്നായി കഴുകി വൃത്തിയാക്കി വരഞ്ഞെടുക്കുക, ഇങ്ങനെ ചെയ്യുന്നതിലൂടെ മീനിന് അകത്തേക്ക് മസാല പെട്ടെന്ന് പിടിക്കും. ഇതിനു ശേഷം ഉണ്ടാകാൻ ഉദേശിക്കുന്ന പാത്രം അടുപ്പിലേക്ക് വെക്കുക. ഇവിടെ ഉത്തമം മൺ ചട്ടിയിൽ വെക്കുന്നതാകും. ഇതിൽ ഉണ്ടാക്കുന്നതിനു പ്രത്യേക സ്വാദാണ്. ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അല്‍പം ഉലുവയിട്ട് പൊട്ടിക്കുക. പിന്നാലെ കടുക് ചേര്‍ക്കുക. തുടര്‍ന്ന് ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് ഇളക്കുക. അല്പം നിറം മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് മുളക് പൊടി, അല്‍പം കശ്‌മീരി മുളക് പൊടി എന്നിവ ചേര്‍ത്തിളക്കുക.
മസാല ചേർത്തതിന്റെ പച്ചമണം മാറുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ് വച്ച തക്കാളി ചേർക്കുക. തക്കാളി വെന്തു കഴിഞ്ഞാൽ ആദ്യം കുതിർത്ത് വച്ച കുടംപുളി ചേര്‍ക്കുക. തുടർന്ന് പാകത്തിന് ഉപ്പ ചേർത്ത് ഇളക്കുക. കുറച്ച് സമയം അടച്ച് വച്ച് വേവിക്കുക. അല്പം സമയം കഴിഞ്ഞ് ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ച മത്തി ചേർക്കുക. തുടർന്ന് വീണ്ടും അടച്ച് വച്ച് ചെറിയ തീയില്‍ വേവിക്കുക. മത്തി വേവായി കഴിഞ്ഞാല്‍ അതിന് മുകളില്‍ അല്‍പം ഉലുവ വറുത്ത് പൊടിച്ചതും മല്ലിയില അരിഞ്ഞതും ചേര്‍ത്ത് വാങ്ങി വയ്‌ക്കാം. ഉലുവ കുറച്ച് മാത്രം ഇടുക. കൂടി പോയാൽ കറിക്ക് ഒരു കയ്പ്പ് അനുഭവപ്പെടും. സ്വാദ് അല്പം കൂടാൻ കറിയിലേക്ക് അല്‍പം വെളിച്ചെണ്ണ ചേര്‍ക്കാം. ഇതോടെ ഷാപ്പിലെ മുളകിട്ട മീൻകറി റെഡി.