Health Tips: നിങ്ങളുടെ നഖങ്ങളിൽ വെള്ള പാടുണ്ടോ? ഇത് പുതുവസ്ത്രം ലഭിക്കാനല്ല…; ഈ രോഗലക്ഷണം അവഗണിക്കരുത്
Nails Health Condition: ചിലപ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും ഭക്ഷണക്രമത്തിലെ പോരായ്മകളും നഖങ്ങളിലെ രൂപമാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിച്ചില്ലെങ്കിൽ അത് നമ്മുടെ നഖങ്ങളിൽ പ്രതിഫലിക്കും. നഖങ്ങൾ കാട്ടിത്തരുന്ന ലക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.
നഖത്തിനെ ഏറെ ശ്രദ്ധിക്കുന്നവരും എന്നാൽ അവയെ തീരെ ശ്രദ്ധിക്കാത്തവരും നമുക്കിടയിലുണ്ട്. ചിലരുടെ നഖങ്ങൾ പെട്ടെന്ന് പൊട്ടിപോകാറുണ്ട്. വളർച്ചയുടെ ഒരു ഘട്ടത്തിലെത്തിയാൽ അവ ദുർബലമായി പൊട്ടിപോകുകയാണ് ചെയ്യുന്നത്. ഈ പ്രശ്നം പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ വളരെ സാധാരണമാണ്. കാലാവസ്ഥയിലെ ചില മാറ്റങ്ങളും ഇതിന് കാരണമാകാറുണ്ട്.
എന്നാൽ ചിലപ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും ഭക്ഷണക്രമത്തിലെ പോരായ്മകളും നഖങ്ങളിലെ രൂപമാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിച്ചില്ലെങ്കിൽ അത് നമ്മുടെ നഖങ്ങളിൽ പ്രതിഫലിക്കും. നഖങ്ങൾ കാട്ടിത്തരുന്ന ലക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. നഖങ്ങളിലെ മാറ്റങ്ങളും അവ എങ്ങനെ നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നോക്കാം.
നേർത്ത മൃദുലമായ നഖങ്ങൾ
കനം കുറഞ്ഞതും മൃദുവായതുമായ നഖങ്ങൾ പലരിലും കണ്ടുവരുന്ന ഒന്നാണ്. ഇത്തരം നഖങ്ങൾ എളുപ്പത്തിൽ പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. നേർത്തതും മൃദുവായതുമായ നഖങ്ങളാണെങ്കിൽ , അത് വിറ്റാമിൻ ബിയുടെ കുറവ് സൂചിപ്പിക്കുന്നതായാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കൂടാതെ, നിങ്ങളുടെ ശരീരത്തിൽ കാൽസ്യം, ഇരുമ്പ്, ഫാറ്റി ആസിഡുകൾ എന്നിവയുടെ കുറവും ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
വെളുത്ത പാടുകൾ
നഖങ്ങളിൽ ഉണ്ടാകുന്ന വെളുത്ത പാടുകളെ ല്യൂക്കോണിച്ചിയ (leukonychia) എന്നും അറിയപ്പെടുന്നു. നഖങ്ങളിലുണ്ടാകുന്ന ഈ വെളുത്ത പാടുകളെ പുതു വസ്ത്രങ്ങൾ ലഭിക്കാനുള്ള അടയാളമായി കാണാറുണ്ട്. യതാർത്ഥത്തിൽ അവ വെറും പാടുകൾ അല്ല, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയൊരു സൂചനയാണ് ഇത് നൽകുന്നത്. നഖങ്ങളിലെ വെളുത്ത പാടുകൾ സിങ്കിൻ്റെ കുറവായോ ഫംഗസ് അണുബാധയുടെയോ ലക്ഷണമാകാമെന്നാണ് വിദഗ്ധർ പറയുന്നത്. ചില സന്ദർഭങ്ങളിൽ, ശരീരത്തിലുണ്ടാകുന്ന അലർജിയെയും വെളുത്ത പാടുകൾ സൂചിപ്പിക്കുന്നു.
മഞ്ഞ നഖങ്ങൾ
സാധാരണയായി കാണുന്ന മറ്റൊന്നാണ് മഞ്ഞ നഖങ്ങൾ. അമിതമായ പുകവലി മൂലം ചിലപ്പോൾ നഖങ്ങളിൽ മഞ്ഞ നിറം കാണപ്പെടുന്നു. കൂടാതെ, ഇത് ഒരു ഫംഗസ് അണുബാധ, ശ്വാസകോശ സംബന്ധമായ അസുഖം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അല്ലെങ്കിൽ തൈറോയ്ഡ് രോഗം എന്നിവയെയും സൂചിപ്പിക്കുന്നു. നഖങ്ങളിലെ മഞ്ഞനിറം പ്രമേഹത്തിൻ്റെ ലക്ഷണമാകാനുള്ള സാധ്യതയും തള്ളികളയാനാവില്ല. അതിനാൽ, കൃത്യമായ ഒരു പരിശോധന നടത്തുന്നത് നല്ലതാണ്.
സ്പൂൺ ആകൃതിയിലുള്ള നഖങ്ങൾ
പേര് സൂചിപ്പിക്കുന്നത് പോലെ, ഇത്തരത്തിലുള്ള നഖങ്ങൾ ഒരു സ്പൂൺ ആകൃതിയിലാണ് കാണപ്പെടുന്നത്. സാധാരണപോലെ വളരുന്നതിനുപകരം, അവ വളഞ്ഞ് രീതിയിൽ – ഒരു സ്പൂൺ പോലെ വരുന്നു. ഈ ഒരു രീതിയാണ് നിങ്ങളുടെ നഖങ്ങളെങ്കിൽ, വിളർച്ച, ഹൈപ്പോതൈറോയിഡിസം അല്ലെങ്കിൽ കരൾ പ്രശ്നങ്ങൾ എന്നിവയുടെ ലക്ഷണങ്ങളായേക്കാം. ഈ അവസ്ഥ മാറ്റിയെടുക്കാൻ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക.