Rosalind Franklin and DNA: ശാസ്ത്രലോകത്തെ ഏറ്റവും വലിയ ചതി; മഹത്തരമായൊരു കണ്ടു പിടുത്തത്തിന് പിന്നിലെ കഥ
Story of DNA: കഴിവും അധ്യാനവുമുണ്ടായിട്ടും തന്റെ കണ്ടെത്തൽ അപഹരിക്കപ്പെട്ടിട്ടും നിസ്സഹായയായി നിന്നുപോയ പ്രതിഭ. കാലം തെറ്റു തിരുത്തിയപ്പോഴേക്കും വൈകിക്കിട്ടിയ നീതി കാത്തു നിൽക്കാതെ 37-ാം വയസ്സിൽ ലോകത്തോട് വിടപറഞ്ഞവൾ...
പെണ്ണിന് കടന്നുചെല്ലാൻ കഴിയാത്ത ഇരുണ്ട കാലമുണ്ടായിരുന്നു ഒരിക്കൽ ശാസ്ത്രലോകത്ത്. മേരി ക്യൂറിയെപ്പോലെ ചിലർ അവിടെ കസേരയിട്ട് ഇരുപ്പുറപ്പിച്ചെങ്കിലും അന്നത്തെ ഇരുട്ടിൽ വീണുപോയ പലരുമുണ്ട്. ശാസ്ത്രലോകത്തെ ഏറ്റവും വലിയ ഒരു ചതിയെന്നു വിളിക്കാവുന്ന അല്ലെങ്കിൽ ന്യായീകരണങ്ങളും ഉപകഥകളും ഇന്നും നിരത്തപ്പെടുന്ന ഒരു കണ്ടെത്തലാണ് ഡി.എൻ.എയുടെ ചുറ്റുഗോവണി മാതൃക. ജെയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കും ഇത് കണ്ടെത്തിയ പേരിൽ ഇന്നും ലോകം മുഴുവൻ ഇന്നും അറിയപ്പെടുമ്പോൾ…. നോബേൽ സമ്മാനം നേടിയപ്പോൾ… ശാസ്ത്രം മനപ്പൂർവ്വം മറന്നു പോയ പേരാണ് റോസ്ലിൻഡ് ഫ്രാങ്ക്ളിൻ്റേത്.
കഴിവും അധ്യാനവുമുണ്ടായിട്ടും തന്റെ കണ്ടെത്തൽ അപഹരിക്കപ്പെട്ടിട്ടും നിസ്സഹായയായി നിന്നുപോയ പ്രതിഭ. കാലം തെറ്റു തിരുത്തിയപ്പോഴേക്കും വൈകിക്കിട്ടിയ നീതി കാത്തു നിൽക്കാതെ 37-ാം വയസ്സിൽ ലോകത്തോട് വിടപറഞ്ഞവൾ… ആ രസതന്ത്രജ്ഞയെപ്പോലെ തിരസ്കരിക്കപ്പെട്ട പലരും ശാസ്ത്രലോകത്തുണ്ടെങ്കിലും ഫ്രാങ്ക്ളിൻ്റെ കഥ ഏറെ വ്യത്യസ്തമാണ്.
ഇത് അവളുടെ കഥ
“wronged heroine”, the “dark lady of DNA”, the “forgotten heroine”, “feminist icon”, “Sylvia Plath of molecular biology” എന്നെല്ലാം വാഴ്ത്തപ്പെട്ട റോസ്ലിൻഡ്. ലണ്ടനിലെ നോട്ടിങ് ഹില്ലിലെ ഒരു ജൂത കുടുംബത്തിലാണ് അവൾ ജനിച്ചത്. സെന്റ് പോൾസ് ഹൈസ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ക്യാംബ്രിഡ്ജിലെ ന്യൂൻഹാം കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടുകയും പിന്നീട് ബ്രിട്ടീഷ് കൽക്കരി ഗവേഷണ കേന്ദ്രത്തിൽ കൽക്കരിയിലെ സുഷിരങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്തു.
ഡോക്ടറേറ്റ് നേടിയ ശേഷം ലണ്ടനിലെ കിഗ്ൻസ് കോളേജിൽ റോസ്ലിൻ്ഡ് ഗവേഷകയായി. മാംസ്യങ്ങളുടെയും, കൊഴുപ്പുകളുടെയും എക്സ്-റേ ഡിഫ്രാക്ഷൻ ഘടന പഠിക്കുവാനാണ് നിയോഗിച്ചിരുന്നതെങ്കിലും ഡി.എൻ.എ യുടെ ഘടനയെയാണ് അടിയന്തരമായി പഠനവിധേയമാക്കേണ്ടതെന്ന് ഉൾവിളിയുണ്ടായതിനേത്തുടർന്ന് ആ വഴിയ്ക്ക് അവൾ തിരിഞ്ഞു. തന്റെ വിദ്യാർഥിയായ റേമണ്ട് ഗോസ്ലിങിനോടൊപ്പം അവർ ഡി.എൻ.എയെപ്പറ്റി ഗവേഷണം ആരംഭിച്ചു.
ഫോട്ടോ 51
ജീവശാസ്ത്രത്തിൻ്റെ തലവരമാറ്റിമറിച്ച ഒന്നാണ് ഫോട്ടോ 51. പഠനത്തിൻ്റെ ഭാഗമായി റോസ്ലിൻഡ് എടുത്തതായിരുന്നു ഫോട്ടോ 51 ഉം ഫോം എയും. ഒരു രസതന്ത്രജ്ഞയായി ചിന്തിച്ചപ്പോൾ അവൾ ആദ്യ ശ്രദ്ധിച്ചത് ഫോം എയിലായിരുന്നു. ഫോട്ടോ 51 ലേക്ക് അവളുടെ ശ്രദ്ധ പതിഞ്ഞില്ല. അവിചാരിതമായി ഇത് കണ്ട വാട്സൺ ഇതിലെ സാധ്യത തിരിച്ചറിഞ്ഞ് ഡി എൻ എയുടെ ഘടന കണ്ടെത്തുകയായിരുന്നു. പ്രഗത്ഭ രസതന്ത്രജ്ഞയായ ഫ്രാങ്ക്ളിന് അവളുടെ സ്വന്തം ഡാറ്റ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്ന വാദമുയർത്തിയാണ് വാട്സൺ ഇതിനെ പ്രതിരോധിച്ചത്.
പലവട്ടം ഈ വിഷയത്തിൽ ഇവർ ഏറ്റുമുട്ടി. എന്നാലും ലോകം ഇന്ന് തിരിച്ചറിയുന്നുണ്ട് ഡബിൾ ഹെലിക്‌സിൻ്റെ കണ്ടെത്തലിന് ഫ്രാങ്ക്ലിൻ നൽകിയ സംഭവന എന്തെന്ന്. മുൻ ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയ ഒരു പ്രശ്നം പരിഹരിച്ച് അവൾ എ, ബി ഫോമുകൾ വ്യക്തമായി വേർതിരിച്ചിട്ടുണ്ടെന്നും ശാസ്ത്രലോകം ഇന്ന് വിശ്വസിക്കുന്നു. ഫ്രാങ്ക്ലിന് തന്റെ കണ്ടെത്തലിൻ്റെ പ്രാധാന്യം മനസ്സിലാക്കാൻ കഴിയാതെ പോയത് അവൾ മന്ദബുദ്ധിയായതുകൊണ്ടല്ല, മറിച്ച് അവൾക്ക് അത് പരിചയമില്ലാത്തതുകൊണ്ടാണ് എന്നാണ് അവരുടെ സഹപ്രവർത്തകർ പറയുന്നത്.
കൂടാതെ ആശയങ്ങൾ കൈമാറാൻ സമപ്രായക്കാരാരും അവൾക്കു ചുറ്റുമുണ്ടായിരുന്നില്ല. ഒടുവിൽ തർക്കങ്ങൾ മുറുകിയപ്പോൾ ഇതേ വിഷയത്തിൽ പഠനം നടത്തിയിരുന്ന വിൽക്കിൻസിൻ്റെയും റോഡ്ലിൻഡിന്റേയും ചില പ്രസിദ്ധീകരിക്കാത്ത പരീക്ഷണ ഫലങ്ങളുടെയും ആശയങ്ങളുടെയും പൊതുവായ സ്വഭാവത്തെക്കുറിച്ചുള്ള അറിവാണ്” തങ്ങളെ ഉത്തേജിപ്പിച്ചതെന്ന് വാട്‌സണിനും ക്രിക്കിനും പ്രഖ്യാപിക്കേണ്ടതായി വന്നു. ഫ്രാങ്ക്‌ളിൻ്റെ ഡാറ്റയില്ലാതെ, ഞങ്ങളുടെ ഘടനയുടെ രൂപീകരണം സാധ്യമല്ലായിരുന്നു എന്നും മറ്റൊരു ഘട്ടത്തിൽ അവർ പ്രസ്ഥാവന നടത്തിയതായി പറയപ്പെടുന്നു.
പിന്നീട് നടന്നത്
കൽക്കരി വൈറസ് സംബന്ധിച്ച ഗവേഷണത്തിൻ്റെ പേരിൽ റോസ്ലിൻഡിനെ അംഗീകാരങ്ങൾ തേടിയെത്തിയെങ്കിലും ഡി എൻഎ മോഡൽ വാട്സണും ക്രിക്കും സ്വന്തമാക്കി. 1958-ൽ വെറും 37-ആം വയസ്സിൽ അണ്ഡാശയ അർബുദം ബാധിച്ചാണ് അവർ മരിച്ചത്. 2015 ൽ ലണ്ടൻ സ്റ്റേജിൽ നിക്കോൾ കിഡ്മാൻ അഭിനയിച്ച അന്ന സീഗ്ലറുടെ ഫോട്ടോഗ്രാഫ് 51 എന്ന നാടകത്തിന് ഈ കഥ പ്രമേയമായി.
2020-ൽ ഫ്രാങ്ക്‌ളിൻ്റെ ജന്മശതാബ്ദി ആഘോഷിച്ചപ്പോൾ അവരോടുള്ള ആദര സൂചകമായി ഒരു ബ്രിട്ടീഷ് 50 പെൻസ് നാണയത്തിൽ റോസ്ലിൻഡിന്റെ ചിത്രം ആലേഘനം ചെയ്തു. അന്ന് പരസ്യമായ രഹസ്യ തമാശപോലെ ജനങ്ങൾ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ;
ചോദ്യം: വാട്‌സണും ക്രിക്കും 1953-ൽ എന്താണ് കണ്ടെത്തിയത്?
ഉത്തരം : ഫ്രാങ്ക്‌ളിൻ്റെ ഡാറ്റ.”
കാലങ്ങൾക്കിപ്പുറം ലോകം അവരെ അംഗീകരിക്കുമ്പോൾ പഠിക്കേണ്ട പാഠം വളരെ വലുതാണ്. ഒരു ചതിയും ശാശ്വതമല്ല.