History Of Santa Claus : കഥകൾ പലവിധമുലകിൽ സുലഭം; ആരാണ് ഫാദർ ക്രിസ്മസ് അഥവാ സാന്താക്ലോസ്?
The Evolution Of Santa Claus History And Myth : ക്രിസ്മസിനെത്തുന്ന സാന്താക്ലോസിനെ നമുക്കൊക്കെ അറിയാം. ചുവന്ന വസ്ത്രങ്ങളണിഞ്ഞ്, വെളുത്ത താടിയും തടിച്ച ശരീരവുമായി പുഞ്ചിരി തൂകുന്ന സാന്താക്ലോസിൻ്റെ ചരിത്രമറിയാമോ? ഐതിഹ്യവും ചരിത്രവുമൊക്കെ കെട്ടുപിണഞ്ഞുകിടക്കുന്ന കഥയാണത്.
ഡിസംബറിൻ്റെ തണുപ്പൻ രാപകലുകൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. രണ്ടാഴ്ചയ്ക്കപ്പുറം ക്രിസ്മസാണ്. ലോകരക്ഷകനായെത്തിയ യേശുക്രിസ്തുവിൻ്റെ ജന്മദിനം. നക്ഷത്രം, പുൽക്കൂട്, ക്രിസ്മസ് ട്രീ, കരോൾ, കേക്ക്, വൈൻ തുടങ്ങി ക്രിസ്മസിൻ്റെ ആഘോഷങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് സാന്താക്ലോസ്. ഓണത്തിന് മഹാബലിയെന്നപോലെ ക്രിസ്മസിൻ്റെ അടയാളമാണ് സാന്താക്ലോസ്. സത്യത്തിൽ സാന്താക്ലോസ് ആരാണ്? എന്താണ് ക്രിസ്മസുമായി അദ്ദേഹത്തിനുള്ള ബന്ധം? പരിശോധിക്കാം.
സെൻ്റ് നിക്കോളാസ്, ഫാദർ ക്രിസ്മസ് തുടങ്ങി വിവിധ പേരുകളിലറിയപ്പെടുന്ന സാന്താക്ലോസിൻ്റെ ചരിത്രത്തിന് 1700ലധികം വർഷങ്ങളുടെ പഴക്കമുണ്ട്. എഡി മൂന്നോ നാലോ നൂറ്റാണ്ടിൽ തുർക്കിയിലെ പത്താറ എന്ന സ്ഥലത്തെ ലിസിയ എന്ന പ്രദേശത്ത് ജനിച്ച നിക്കോളാസ് ആണ് പിന്നീട് വിശുദ്ധ നിക്കോളാസ് ആയും സാന്താക്ലോസ് ആയും മാറിയത്. 19ആം വയസിലാണ് അദ്ദേഹം വൈദികനായത്. ഏറെ വൈകാതെ പത്താറയ്ക്ക് സമീപമുള്ള മിറ എന്ന സ്ഥലത്തായി ബിഷപ്പായി അദ്ദേഹം സ്ഥാനമേറ്റു. അക്കാലത്ത്, റോമാസാമ്രാജ്യം ക്രിസ്ത്യാനികൾക്ക് മേൽ അതിക്രൂരമായ പീഡനങ്ങൾ അഴിച്ചുവിടുന്ന സമയമായിരുന്നു. ഇങ്ങനെ അടിച്ചമർത്തപ്പെടുന്നവർക്ക് നിക്കോളാസ് തുണയായി. അവർക്ക് വേണ്ടി അദ്ദേഹം ശബ്ദമുയർത്തി. ഇതോടെ റോമൻ സാമ്രാജ്യത്തിൻ്റെ ശത്രുവായ അദ്ദേഹത്തെ ഡയക്ലീഷൻസ് ചക്രവർത്തി വധശിക്ഷ വിധിച്ച് ജയിലിലടച്ചു. പിന്നാലെ റോം ഭരണാധികാരിയായി എത്തിയ കോൺസ്റ്റാൻ്റിൻ ചക്രവർത്തി മതപീഡനങ്ങൾ അവസാനിപ്പിച്ചു. സ്വയം ക്രിസ്ത്യാനിയായ അദ്ദേഹം രാജ്യത്തെ ഔദ്യോഗിക മതമായി ക്രിസ്തുമതത്തെ അംഗീകരിച്ചു. അങ്ങനെ നിക്കോളാസ് മെത്രാൻ തടവിൽ നിന്ന് മോചിപ്പിക്കപ്പെട്ടു.
അശരണർക്ക് എപ്പോഴും സഹായഹസ്തം നീട്ടിയിരുന്ന അദ്ദേഹം കുട്ടികൾക്കും ദരിദ്രർക്കും അവരറിയാതെ ക്രിസ്മസ് സമ്മാനങ്ങൾ നൽകിയിരുന്നു. അദ്ദേഹത്തെപ്പറ്റിയുള്ള അപദാനങ്ങളും ഐതിഹ്യങ്ങളും ഏറെയുണ്ട്. അവയിലൊക്കെയും പാവപ്പെട്ടവരെ സഹായിക്കാനുള്ള അദ്ദേഹത്തെ മനസാണ് വിവരിക്കപ്പെടുന്നത്. മരണത്തിന് ശേഷവും അദ്ദേഹത്തെപ്പറ്റിയുള്ള കഥകൾ ജനം പാടിനടന്നു.
പതിനഞ്ചാം നൂറ്റാണ്ടിലാണ് വിശുദ്ധ നിക്കോളാസ് സാന്താക്ലോസ് ആയി മാറുന്നത്. അമേരിക്കയിലെ ന്യൂയോർക്കിൽ കുടിയേറിയ പ്രൊട്ടസ്റ്റൻ്റ് മതക്കാർ ക്രിസ്തുമതത്തിൽ ജീവിച്ചിരുന്നൊരു വൈദികൻ എന്നതിനപ്പുറം നിക്കോളാസിനെ ഒരു ക്രിസ്മസ് കഥാപാത്രമാക്കി മാറ്റി. അങ്ങനെ വിശുദ്ധ നിക്കോളാസ് ക്രിസ്മസ് വിശുദ്ധനായി, ക്രിസ്മസ് തലേന്ന് വിശുദ്ധ നിക്കോളാസ് സമ്മാനങ്ങളുമായി വീടുകളിലെത്തുമെന്ന് കുട്ടികൾ വിശ്വസിച്ചു. ഇവിടെനിന്നാണ് ലോകമെങ്ങും സാന്താക്ലോസ് എത്തിപ്പെട്ടത്. യൂറോപ്യന്മാർ എത്തിച്ചേർന്ന നാടുകളിലെല്ലാം ക്രിസ്മസിനൊപ്പം സാന്താക്ലോസും സഞ്ചരിച്ചു. സെൻ്റ് നിക്കോളാസിനെ ഡച്ചുകാർ സിന്റർക്ലോസ് എന്നാണ് വിളിച്ചിരുന്നത്. ഇത് പിന്നീട് സാന്റിക്ലോസ് എന്നും സാന്താക്ലോസ് എന്നും ആയിമാറി.
ഒരു ഇതിഹാസം പറയുന്നത് സാന്റാക്ലോസിന്റെ താമസം ദൂരെ വടക്ക്, എപ്പോഴും മഞ്ഞ് വീഴുന്ന ദേശത്താണ്. അമേരിക്കൻ സാന്റാക്ലോസിന്റെ താമസം ഉത്തരധ്രുവത്തിലും ഫാദർ ക്രിസ്ത്‌മസിന്റേത് ഫിൻലന്റിലെ ലാപ്‌ലാന്റിലുമാണ്. സാന്റാക്ലോസ് പത്നിയായ മിസിസ് ക്ലോസുമൊത്താണ് ജീവിക്കുന്നത്. ഇദ്ദേഹം ലോകത്തിലെ എല്ലാ കുട്ടികളേയും “വികൃതിക്കുട്ടികൾ”,”നല്ലകുട്ടികൾ” എന്നിങ്ങനെ തരംതിരിക്കുന്നു. പിന്നീട് ഒരു രാത്രികൊണ്ട് നല്ലകുട്ടികൾക്കെല്ലാം മിഠായികൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ നൽകും. ചിലപ്പോൾ വികൃതിക്കുട്ടികൾക്ക് കൽക്കരി, ചുള്ളിക്കമ്പ് എന്നിവ നൽകും. മാന്ത്രിക എൽഫുകളുടെയും തന്റെ വണ്ടി വലിക്കുന്ന എട്ടോ ഒമ്പതോ പറക്കും റെയ്ൻഡിയറുകളുടെയും സഹായത്തോടെയാണ് സാന്റക്ലോസ് ഇത് ചെയ്യുന്നത്.
ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞ് കിടക്കുന്ന കഥാപാത്രമാണ് സാന്താക്ലോസ്. മേല്പറഞ്ഞതാണ് ഇതിലെ ചരിത്രത്തിൻ്റെ പങ്ക്. ഐതിഹ്യത്തിൽ സാന്താക്ലോസിൻ്റെ താമസം മഞ്ഞ് വീഴുന്ന ദേശത്താണ്. അമേരിക്കൻ സാന്താക്ലോസ് ഉത്തരധ്രുവത്തിലും ഇംഗ്ലണ്ടിലും മറ്റുമുള്ള ഫാദർ ക്രിസ്മസ് എന്ന സാന്താക്ലോസ് ഫിൻലന്റിലെ ലാപ്‌ലാന്റിലുമാണ് താമസാം. പറക്കും റെയിൻ ഡിയറുകൾ വലിക്കുന്ന വണ്ടിയിലാണ് സാന്താക്ലോസിൻ്റെ സഞ്ചാരം. സഹായത്തിന് മാന്ത്രിക എൽഫുകൾ. ആ വർഷം ചെയ്ത പ്രവൃത്തികൾ പരിഗണിച്ച് കുട്ടികളെ നല്ല കുട്ടികൾ, വികൃതിക്കുട്ടികൾ എന്നിങ്ങനെ രണ്ടായി തിരിക്കും. നല്ല കുട്ടികൾക്ക് മിഠായിയും കളിപ്പാട്ടങ്ങളുമൊക്കെ നൽകുമ്പോൾ വികൃതിക്കുട്ടികൾക്ക് കൽക്കരിയും ചുള്ളിക്കമ്പുമൊക്കെയാവും നൽകുക. വീടിൻ്റെ ചിമ്മിനിയിലൂടെയാണ് സാന്താക്ലോസ് അകത്തുവരിക. കുട്ടികൾ തയ്യാറാക്കിവച്ചിരിക്കുന്ന സ്റ്റോക്കിങ്സുകളിൽ സമ്മാനം നിറയ്ക്കും.
മുൻപ്, വിശുദ്ധ നിക്കോളാസ് ബിഷപ്പിൻ്റെ വസ്ത്രങ്ങളിലാണ് കാണപ്പെട്ടിരുന്നത്. പഴയ ചിത്രങ്ങളിലും ഈ സ്വാധീനം കാണാം. എന്നാൽ, ആധുനിക സാന്താക്ലോസ് ചുവന്ന വസ്ത്രങ്ങളും തുഇകൽ ബെൽറ്റും അണിഞ്ഞ, തടിച്ച, വെള്ളത്താടിയുള്ള വയോധികനാണ്. 19ആം നൂറ്റാണ്ടിൽ കാർട്ടൂണിസ്റ്റായ തോമസ് നാസ്റ്റ് ആണ് സാന്താക്ലോസിന് ഈ രൂപം നൽകിയത്.