ADHD Symptoms: എന്താണ് ഫഹദ് ഫാസിലിനെ ബാധിച്ച എഡിഎച്ച്‌ഡി: രോഗലക്ഷണങ്ങളും കാരണവും അറിയാം
സാധാരണ കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ് എഡിഎച്ച്ഡി.
തനിക്ക് എഡിഎച്ച്ഡി എന്ന രോഗാവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ രംഗത്തെത്തിയിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാമെന്നും എന്നാൽ തനിക്ക് 41-ാം വയസ്സിലാണ് ഈ രോഗം കണ്ടെത്തിയതെന്നും ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറഞ്ഞു.
കോതമംഗലത്തെ പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകവെയാണ് ഫഹദ് ഇക്കാര്യം തുറന്ന് പറഞ്ഞത്. പല പ്രവശ്യം എഡിഎച്ച്ഡി എന്ന് കേട്ടിട്ടുണ്ടെങ്കിലും പലർക്കും ഈ രോഗത്തെപ്പറ്റി വ്യക്തമായ ധാരണയില്ല എന്നത് സത്യമാണ്.
എന്താണ് എഡിഎച്ച്ഡി?
സാധാരണ കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം അഥവാ എഡിഎച്ച്‌ഡി. ഇതുള്ളവർക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല എന്നതാണ് പ്രധാനമായും ഈ രോഗത്തിൻ്റെ പ്രശ്നം.
ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകതെ വരുന്ന ഇൻഅറ്റൻഷൻ, ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്ത് ചാടി ഓരോന്ന് ചെയ്യുന്ന ഇംപൾസിവിറ്റി, ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന ഹൈപ്പർ ആക്ടിവിറ്റി എന്നിവയാണ് എഡിഎച്ച്‌ഡിയുടെ പ്രധാന ലക്ഷണങ്ങൾ.
അവസാനമായി പറഞ്ഞ ഹൈപ്പർ ആക്ടിവിറ്റി പല കുട്ടികളിലും ചെറുപ്പത്തിൽ ഉണ്ടാകാറുണ്ട്. എന്നാൽ ചിലരിൽ മുതിർന്നാലും അത് മാറിയില്ല എന്ന് വരില്ല.
എഡിഎച്ച്ഡി ലക്ഷണങ്ങൾ
1. മറവി
മറവിയാണ് എഡിഎച്ച്ഡി ലക്ഷണങ്ങളിൽ ഒന്നാമൻ. ഹ്രസ്വകാല ഓർമ്മ നഷ്ടപ്പെടുന്ന അവസ്ഥ എഡിഎച്ച്‌ഡി ലക്ഷണമാണ്. ഉദാഹരണത്തിന്
ഫോൺ ഫ്രിഡ്‌ജിൽ വച്ച് മറക്കുക, ഏതെങ്കിലും മുറിയിലേക്ക് കയറിയ ശേഷം എന്തിനായിരുന്നു അങ്ങോട്ട് പോയതെന്ന് മറക്കുക എന്നിങ്ങനെയുള്ള മറവി. വിവരങ്ങളെ ശേഖരിച്ച് വയ്‌ക്കാനുള്ള തലച്ചോറിന്റെ ശേഷിക്കുള്ള പ്രശ്നമാണ് ഈ ഓർമ്മക്കുറവിന്റെ കാരണം.
2. സമയക്ലിപ്‌തത ഇല്ലായ്‌മ
തലച്ചോറിന്റെ പ്രീഫ്രോണ്ടൽ കോർട്ടക്‌സ് സജീവമല്ലാത്തതിനെ തുടർന്നോ ഇതിനെ ഉദ്ദീപിപ്പിക്കുന്ന ഡോപ്പമീൻ തകരാറുകളെ തുടർന്നോ ഒക്കെയാണ് സമയക്ലിപ്‌തത ഇല്ലായ്‌മ സംഭവിക്കുന്നത്.
ഇത് മൂലം ചെയ്‌തു തീർക്കേണ്ട ജോലിയുടെ അടിയന്തിര സ്വഭാവത്തെ പറ്റി എഡിഎച്ച്‌ഡി രോഗികൾക്കു മനസ്സിലാകില്ല. ഇതിനാൽ ജോലികൾ ചെയ്യാതെ തള്ളിവച്ച് തള്ളിവച്ച് അവസാന നിമിഷം തിടുക്കപ്പെട്ട് ചെയ്യേണ്ടി വരുന്നു.
3. ചിലകാര്യങ്ങളിൽ അമിതമായ ഊന്നൽ
മുന്നിൽ വരുന്ന ചില കാര്യങ്ങളിൽ അമിതമായ ഊന്നലും ശ്രദ്ധയും നൽകുന്നതും എഡിഎച്ച്‌ഡി ലക്ഷണങ്ങളിൽ ഒന്നാണ്. ഈ അവസ്ഥയിൽ ചെയ്യുന്ന ആ പ്രവർത്തിയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ തന്നെ ബുദ്ധിമുട്ടായെന്ന് വരാം. വീട് പൂട്ടി പുറത്തിറങ്ങിയിട്ടും സംശയം തീരാതെ മൂന്നും നാലും അഞ്ചും തവണയൊക്കെ തിരികെ പോയി വീണ്ടും പരിശോധിക്കുന്നതൊക്കെ എഡിഎച്ച്‌ഡി ലക്ഷണമാണ്.
4. സ്ഥിരതയില്ലാത്ത മനസ്സ്
സ്ഥിരതയില്ലാത്ത അലഞ്ഞു തിരിഞ്ഞു നടക്കുന്ന മനസ്സ് ഇതിൻ്റെ മറ്റൊരു ലക്ഷണമാണ്. തലച്ചോറിലെ ഡീഫോൾട്ട് മോഡ് നെറ്റ്‌വർക്കിന്റെ അമിത പ്രവർത്തനം മൂലമാണ് തലച്ചോർ അറിയാതെ ഈ പകൽകിനാവുകളിലേക്ക് വഴുതി പോകുന്നത്.
സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ വിഷയത്തിൽ നിന്ന് തെന്നി മാറി മറ്റെന്തൊക്കെയോ സംസാരിക്കുക, ചിലപ്പോൾ മറുവശത്തിരിക്കുന്ന ആളിനെ തന്നെ ശ്രദ്ധിക്കാതെ വെറെ എന്തൊക്കെയോ ചിന്തിച്ച് കൊണ്ട് തെന്നി മാറുക എന്നിവയെല്ലാം എഡിഎച്ച്‌ഡിക്ക് ഉദാഹരണമാണ്.
5. നിരാകരണങ്ങൾ അസ്വസ്ഥമാക്കും
എഡിഎച്ച്‌ഡി രോഗികൾക്ക് എന്തെങ്കിലും കാര്യത്തിൽ നേരിടുന്ന നിരാകരണങ്ങളെ കൈകാര്യം ചെയ്യൽ ബുദ്ധിമുട്ടായിരിക്കും. പ്രതികൂലമായ വിധിയാണ് ഉണ്ടാകാൻ പോകുകയെന്ന അമിത ചിന്ത, ഉത്‌കണ്‌ഠ, സമ്മർദ്ദം എന്നിവ ഇവർക്കുണ്ടാകും. ന്യൂറോട്രാൻസ്‌മിറ്ററുകളിലെ അസന്തുലനമാണ് ഇത്തരം വൈകാരിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.
എഡിഎച്ച്ഡിയുടെ കാരണം
എഡിഎച്ച്ഡി വരാനുള്ള കാരണങ്ങൾ ഇന്നും അജ്ഞാതമാണ്. എന്നാൽ നമ്മുടെ ജനിതകത്തിന് ഇതിൽ മുഖ്യ പങ്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ജനിതകപരമായ ഘടകങ്ങൾക്ക് പുറമേ തലച്ചോറിന് വരുന്ന പരുക്കുകൾ, ഗർഭാവസ്ഥയിലോ ശൈശവാവസ്ഥയിലോ ലെഡ് വിഷവസ്തുക്കളുമായുള്ള സമ്പർക്കം പോലുള്ള പാരിസ്ഥിതിക കാരണങ്ങൾ, മാസം തികയാതെയുള്ള ജനനം, ജനനസമയത്തെ കുറഞ്ഞ ഭാരം എന്നിവയെല്ലാണ് എഡിഎച്ച്ഡി രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഗർഭിണിയായിരിക്കേ അമ്മ മദ്യവും പുകയിലയും ഉപയോഗിക്കുന്നത് കുട്ടികൾക്ക് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കാമെന്നും പഠനങ്ങൾ പറയുന്നുണ്ട്. പല ഘട്ടങ്ങളിലൂടെയാണ് ഒരാൾക്ക് എഡിഎച്ച്ഡി ഉണ്ടോയെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. ഇതിന് ഒന്നിലധികം പരിശോധനകളും വേണ്ടി വന്നേക്കാം. ബിഹേവിയർ തെറാപ്പിയും മരുന്നുകളുമെല്ലാം അടങ്ങുന്നതാണ് ഇതിനുള്ള ചികിത്സ.