Equinox: ഗോപുര വാതിലുകളിലൂടെ സൂര്യരശ്മികൾ കടക്കും; ഇക്കൊല്ലത്തെ രണ്ടാമത്തെ വിഷുവം ഇന്ന്; എന്താണ് വിഷുവം
September Equinox Today:വിഷുവ ദിനത്തിൽ അസ്തമയസൂര്യൻ ആദ്യം ഏറ്റവും മുകളിലത്തെ ഗോപുരവാതിലിന്റെ മദ്ധ്യത്തിൽ പ്രവേശിക്കും.തുടർന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ഗോപുരവാതിലിലൂടെ കടക്കും.
തിരുവനന്തപുരം: ഇന്ന് (സെപ്റ്റംബർ 23) ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഒരു അത്ഭുത പ്രതിഭാസം സംഭവിക്കും. ക്ഷേത്രത്തിന്റെ ഗോപുര വാതിലുകൾ ഒന്നൊന്നായി കടന്ന് സൂര്യൻ മറയുന്ന പ്രതിഭാസമാണ് സംഭവിക്കുന്നത്. വർഷത്തിൽ രണ്ട് തവണയാണ് ഇത്തരത്തിലുള്ള അത്ഭുത പ്രതിഭാസം നടക്കുന്നത്. കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ 23 , മാർച്ച് 20 തീയതികളിലാണ് ഇത് സംഭവിക്കുന്നത്. വിഷുവം’ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഇന്നേ ദിവസം ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ആയിരങ്ങളാണ് തടിച്ചുകൂടാറുള്ളത്. സൂര്യൻ മധ്യരേഖ കടന്നു പോകുന്ന ജോതി ശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തെയാണ് വിഷുവം എന്നു പറയുന്നത്. ഈ ദിവസം രാത്രിയും പകലും തുല്യമായിരിക്കും.
വിഷുവ ദിനത്തിൽ അസ്തമയസൂര്യൻ ആദ്യം ഏറ്റവും മുകളിലത്തെ ഗോപുരവാതിലിന്റെ മദ്ധ്യത്തിൽ പ്രവേശിക്കും.തുടർന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ഗോപുരവാതിലിലൂടെ കടക്കും. അസ്തമയസൂര്യൻ മൂന്നാമത്തെ ഗോപുരവാതിലിൽ പ്രവേശിക്കുമ്പോഴാണ് കണ്ണിനു കുളിർമയേകുന്ന ദൃശ്യം കാണാനാവുക. തുടർന്ന് നാലാമത്തെയും അഞ്ചാമത്തെയും ഗോപുരവാതിലുകളിൽ പ്രവേശിച്ച് അപ്രത്യക്ഷമാകും. എന്നാൽ മറ്റ് ദിവസങ്ങളില്‍ ഗോപുരവാതിലില്‍ നിന്ന് മാറിയാണ് സൂര്യാസ്തമയം ഉണ്ടാകാറുള്ളത്. വിഷുവത്തിൽ ഇവിടെ മാത്രം ഇത്തരത്തിലുള്ള പ്രതിഭാസം ദർശിക്കാൻ കാരണം പദ്മനാഭ സ്വാമി ക്ഷേത്ര ഗോപുരവാതില്‍ കൃത്യമായ കിഴക്കും കൃത്യമായ പടിഞ്ഞാറുമായി നിര്‍മ്മിച്ചിരിക്കുന്നതുകൊണ്ടാണ്.
എന്താണ് വിഷുവം
സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ് വിഷുവം (Equinox) എന്നു പറയുന്നത്. ഇതു വർഷത്തിൽ രണ്ട് തവണയാണ് സംഭവിക്കുന്നത്. മാർച്ച് 20നും സെപ്റ്റംബർ 23നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ ക്രാന്തിവൃത്തവും (ecliptic) ഖഗോളമദ്ധ്യരേഖയും (ഘടികാമണ്ഡലം) (celestial equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് വിഷുവങ്ങൾ എന്ന് പറയുന്നത്. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളിൽ ചൂട് കൂടുതലായിരിക്കും. ഈ സമയം മഴമേഘങ്ങൾ കുറവായതിനാലാണ് താപനിലയിൽ വർധനവ് ഉണ്ടാകുന്നത്. മേടവിഷുവം തുലാവിഷുവം എന്നീങ്ങനെ രണ്ട് എണ്ണം ഉണ്ട്. ആദ്യ വിഷുവത്തിനു കൃത്യം ആറുമാസത്തിനുശേഷം, അതായത് കന്നി 7ന് (സെപ്റ്റംബര്‍ 23). ഇതിനെയാണ് തുലാവിഷുവം എന്ന് പറയുന്നത്.