Summer Tips: എങ്ങനെ നേരിടണം ഈ കൊടും ചൂടിനെ; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ
ചൂട് കൂടുന്നത് നിര്‍ജലീകരണം, വിശപ്പ് കുറയല്‍, ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മന്ദത എന്നിവയെ ബാധിക്കും
കേരളത്തില്‍ ചൂട് ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സൂര്യാഘാതമേറ്റ് നിരവധിയാളുകളാണ് ആശുപത്രികളില്‍ എത്തിയിരിക്കുന്നത്. മാത്രമല്ല ചൂട് കൂടിയതോടെ ശരീരത്തില്‍ ജലാംശം നഷ്ടപ്പെട്ട് കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. ചൂട് കനത്തതോടെ പല ശാരീരിക അസുഖങ്ങളും നമ്മളെ തേടിയെത്തിയിട്ടുണ്ട്.
അതീവ ശ്രദ്ധ പുലര്‍ത്തിയിട്ട് ഇല്ലെങ്കില്‍ ജീവിക്കാന്‍ സാധിക്കില്ലെന്ന അവസ്ഥയിലാണ് നമ്മള്‍. പകല്‍ 11 മണി മുതല്‍ 3 മണി വരെയാണ് ചൂട് ഏറ്റവും കഠിനമാവുക എന്ന് പറയുന്നുണ്ടെങ്കിലും വെയില്‍ ഉദിക്കുന്നത് മുതല്‍ തന്നെ ചൂട് സഹിക്കാന്‍ പറ്റുന്നില്ല.
ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധിക്കുന്നത് മുതല്‍ മുഖത്തിടുന്ന സണ്‍സ്‌ക്രീനില്‍ വരെ ശ്രദ്ധിക്കാതെ നമുക്ക് ജീവിക്കാന്‍ പറ്റില്ല. ചൂട് കൂടുന്നത് നിര്‍ജലീകരണം, വിശപ്പ് കുറയല്‍, ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മന്ദത എന്നിവയെ ബാധിക്കും. വൃക്ക, കരള്‍, ഹൃദയം, തലച്ചോര്‍ എന്നിവയുടെ മെല്ലെ താളം തെറ്റി തുടങ്ങും. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ക്ക് ഈ അവസ്ഥ കുറച്ച് കൂടി മോശമാകും.
വേനല്‍കാലത്ത് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം
ദിവസം ഒന്നോ രണ്ടോ തവണ കുളിക്കാം. ചൂടുവെള്ളത്തിലുള്ള കുളി ഒഴിവാക്കണം. കൂടുതല്‍ സമയം ശരീരത്തില്‍ വെള്ളം വീഴുന്ന രീതിയില്‍ കുളിക്കുക. ഷവര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
സോപ്പിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക. സോപ്പിന് പകരം ചെറുപയര്‍, കടല, ഇഞ്ച പൊടികള്‍ എന്നിവ ഉപയോഗിക്കാം. തലയ്ക്ക് തണുപ്പ് കിട്ടുന്നതിന് തലയില്‍ താളി തേയ്ക്കാം. വെളിച്ചെണ്ണയും നല്ലെണ്ണയും ഉപയോഗിക്കാം. പക്ഷെ ചൂടുള്ള എണ്ണകള്‍ ഒഴിവാക്കണം.
പരമാവധി അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കോട്ടണ്‍ വസ്ത്രങ്ങളാണ് ഏറ്റവും മികച്ചത്.
വേനലില്‍ നമ്മുടെ സ്വന്തം കഞ്ഞി തന്നെയാണ് ഏറ്റവും നല്ല ഭക്ഷണം. കഞ്ഞി ശരീരത്തെ നന്നായി തണുപ്പിക്കും. ചമ്മന്തി, പയര്‍, ഇലക്കറികള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. എരിവ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുക. മസാലകളും നന്നായി കുറയ്ക്കാം.
ചൂട് കൂടുമ്പോള്‍ നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണ്. രാവിലെയും വൈകിട്ടും ഓരോ സ്പൂണ്‍ വീതം നെയ്യ് കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കും. വെളിച്ചെണ്ണയും ശരീരത്തിന് തണുപ്പ് നല്‍കുന്ന ഒന്നുതന്നെയാണ്. പാലും മോരും ധാരാളം കഴിക്കുന്നതും നല്ലതാണ്.
പപ്പായയും പൈനാപ്പിളും പരമാവധി വേനലില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലതാണ്. മുന്തിരി, മാങ്ങാ, ഓറഞ്ച്, തണ്ണിമത്തന്‍, ചെറുപഴങ്ങള്‍, നേന്ത്രപ്പഴം പുഴുങ്ങിയത് എന്നിവ കഴിക്കാം.
മാംസാഹരങ്ങള്‍ കഴിക്കുന്നതിന് വേനലില്‍ ചൂട് കൂട്ടുന്നതിന് വഴിവെക്കും. പച്ചക്കറികള്‍ കഴിക്കുന്നതാണ് നല്ലത്. കുമ്പളം, വെള്ളരി, ഇലക്കറികള്‍, കൂവപ്പൊടി എന്നിവ ധാരാളം കഴിക്കാം. ചൂട് കുറയ്ക്കാന്‍ കരിക്ക് കഴിക്കുന്നത് വളരെ നല്ലതാണ്.
എത്രത്തോളം വെള്ളം കുടിക്കാന്‍ പറ്റും അത്രയും വെള്ളം കുടിക്കുക. നാലു മുതല്‍ അഞ്ചു ലീറ്റര്‍ വരെ വെള്ളം ഒരു ദിവസം കുടിക്കാം. റഫ്രിജറേറ്ററിലെ വെള്ളത്തേക്കാളും മണ്‍കൂജയിലെ തണുത്ത വെള്ളമാണ് ഗുണം ചെയ്യുക. മല്ലിവെള്ളവും ശരീരത്തിന് നല്ലതാണ്. സംഭാരം കുടിക്കുന്നത് നല്ലതാണ്.
നേരിട്ടു ഫാനിനു കീഴില്‍ കിടക്കരുത്. ഫാന്‍ ശരീരത്തിലെ വെള്ളം കുറയുന്നതിന് ഇടവരുത്തും. തണുപ്പു ലഭിക്കുന്ന ലോഷനുകള്‍ പുരട്ടുന്നതു നല്ലതാണ്. ദിവസം രണ്ടുനേരം വെച്ച് ഇളനീര്‍ കുഴമ്പ് കണ്ണില്‍ ഒഴിക്കുന്നത് ചൂടു മൂലമുള്ള നേത്ര രോഗങ്ങള്‍ കുറയ്ക്കും.
ചന്ദനം, രാമച്ചം ഇവ കലര്‍ന്ന കുഴമ്പുകള്‍ പുരട്ടി കുളിക്കാം. ആര്യവേപ്പ് ഇല അരച്ചു പുരട്ടി കുളിക്കുന്നതു വേനല്‍ക്കാല രോഗങ്ങളെ അകറ്റും. ഉറക്കം കുറയാതിരിക്കാന്‍ കിടക്കും മുമ്പ് കാല്‍ മുട്ടിനു താഴെ നനച്ച് ഈര്‍പ്പം നില നിര്‍ത്തുന്നതു നല്ലതാണ്.
പുറത്തുപോകുമ്പോള്‍ കുട കൈവശം വെക്കുക. നേരിട്ടുള്ള ചൂട് ശരീരത്തില്‍ ഏല്‍ക്കുന്നതു ഒഴിവാക്കാം. ഇരുചക്രവാഹനത്തിലെ യാത്രകള്‍ കുറയ്ക്കുക. ബസ്, കാര്‍ പോലുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യുക.