Summer Hair Care: വേനൽച്ചൂടിൽ മുടിയെ സംരക്ഷിക്കാം; ഈ നാടൻ വഴികൾ പരീക്ഷിക്കൂ
Hair Care Tips For Summer : അമിതമായി ചൂടും പൊടിയും അടിക്കുന്നത് മുടിയുടെ വളർച്ചയെയാണ് ബാധിക്കുന്നത്. അതിനാൽ മുടി വേണ്ട സംരക്ഷണം നാടൻരീതിയിൽ എങ്ങനെ വേണമെന്ന് ഒന്ന് നോക്കാം

Representational Image
വേനൽക്കാലത്തെ മുടിക്കൊഴിച്ചിൽ പലരെയും അലട്ടുന്ന പ്രശ്നമാണ്. അമിതമായ വിയർപ്പും പൊടിയും മൂലം താരൻ, മുടികൊഴിച്ചിൽ, മുടിയുടെ അറ്റം പിളരുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു. കൂടാതെ, ശിരോചർമ്മത്തിലെ വേരുകളെ ദുർബലപ്പെടുത്തുകയും മുടിക്കൊഴിച്ചിൽ രൂക്ഷമാവുകയും ചെയ്യുന്നു. അമിതമായി വെയിലിൽ ഏൽക്കുന്നത് മുടിയുടെ സ്വാഭാവികം നിറം ഇല്ലാതാക്കാനും കാരണമാകും. അതുകൊണ്ട് തന്നെ വേനൽക്കാലത്ത് മുടിയെ പരിപാലിക്കേണ്ടത് അനിവാര്യമാണ്. മുടിക്ക് ഉണ്ടാകുന്ന കേടുപാടുകളെ പരിഹരിക്കാൻ സഹായിക്കുന്ന ചില നാട്ടുവഴികളെ പരിചയപ്പെട്ടാലോ….
- തുളസിയും ചെമ്പരത്തിലയും പൂവും ചേർത്ത് അരച്ച് തലയോട്ടിയിൽ പുരട്ടുന്നത് താരകറ്റാൻ സഹായിക്കും.
- നല്ലൊരു പ്രകൃതിദത്ത മോയിസ്ചറൈസാണ് കറ്റാർവാഴ. മുടിയിൽ ജലാംശം നിലനിർത്തി മുടി പൊട്ടുന്നത് തടയാൻ കറ്റാർവാഴ മുടിയിൽ തേക്കാം.
- നെല്ലിക്കയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ഉണക്കിയ നെല്ലിക്ക ചേർത്ത് കാച്ചിയ വെളിച്ചെണ്ണ തലയിൽ പുരട്ടാം.
- ഒരു മുട്ടയും അല്പം തേനും തൈരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിൽ പുരട്ടാവുന്നതാണ്. മുട്ടയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
- നന്നായി പഴുത്ത വാഴപ്പഴം പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് അല്പം തൈര് കൂടി ചേർത്ത് മിക്സ് ചെയ്ത് തലമുടിയിൽ പുരട്ടാം. വാഴപ്പരത്തിൽ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
- ചീര ഇല ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ പതിവായി തല കഴുകുന്നതും മുടി വളരാൻ സഹായിക്കും.
- ഉലുവ ഉണക്കി പൊടിച്ചത് പുളിച്ച കഞ്ഞിവെള്ളത്തിൽ ചേർത്ത് തലമുടി കഴുകാവുന്നതാണ്. കൂടാതെ ഉലുവ ഉണക്കിയത് വെളിച്ചെണ്ണയിൽ ചേർത്ത് പേസ്റ്റാക്കി തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിന് ശേഷം കഴുകി കളയാം.
- ആവണക്കെണ്ണയും ഗുണകരമാണ്. ആവണക്കെണ്ണ തലയോട്ടിൽ പുരട്ടിയ ശേഷം ചൂട് വെള്ളത്തിൽ മുക്കിയ തോർത്തുപയോഗിച്ച് കെട്ടിവെച്ച് അരമണിക്കൂറിന് ശേഷം തല കഴുകാം.
- ഒരു പിടി കറിവേപ്പില, മൈലാഞ്ചിയില, നാല് നെല്ലിക്ക, രണ്ട് ടേബിൾസ്പൂൺ ഉലുവ, തൈര് എന്നിവ മിക്സ് ആക്കി 20 മിനിറ്റ് തലയിൽ പുരട്ടാവുന്നതാണ്.
- ഇവയെ കൂടാതെ വേനൽക്കാലത്ത് നിങ്ങളുടെ മുടിയെ സംരക്ഷിക്കാൻ സൗന്ദര്യവർദ്ധകവസ്തുക്കൾ പരിമിതപ്പെടുത്തുക. മുടി കളർ ചെയ്യുന്നത് പരമാവധി ഒഴിവാക്കുക.
- പതിവായി ഷാംപൂ ഉപയോഗിക്കുന്നത് നല്ലതല്ല. വേനൽക്കാലത്ത് നല്ല വീര്യം കുറഞ്ഞ ഷാം തിരഞ്ഞെടുക്കുക.
- അൾട്രാവയലറ്റ് രശ്മികളിൽ നിന്നും മുടിയ സംരക്ഷിക്കാൻ സൺസ്ക്രീൻ അടങ്ങിയ ശരിയായ ഹെയർ കണ്ടീഷണറുകൾ തിരഞ്ഞെടുക്കുക.
- ധാരാളം വെള്ളം കുടിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് അനിവാര്യമാണ്. കുടിവെള്ളത്തിൽ നിന്ന് മുടിക്ക് വലിയതോതിൽ പ്രയോജനം ലഭിക്കുന്നു. കൂടാതെ പോഷക ഗുണങ്ങൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തിൽ ചേർക്കുക.
ALSO READ: ദിവസവും ഉള്ളി പച്ചയ്ക്ക് കഴിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് എന്ത്?
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)