Sledging Toxic Dating Trend: ‘സ്ലെഡ്ജിംഗ്’ എന്ന പേരില്‍ നടക്കുന്ന ഡേറ്റിംഗ് കെണി; ഈ അപകടക്കുഴിയില്‍ വീഴരുതേ ! മുന്നറിയിപ്പ്
What Is Sledging Toxic Dating Trend: ഇത്തരം ഡേറ്റിംഗ് രീതികള്‍ അപകടരമാണെന്ന് ഡേറ്റിംഗ് ആപ്പ് ഹാപ്പ്എനിൽ നിന്നുള്ള വിദഗ്ധയായ ക്ലെയർ റെനിയർ മുന്നറിയിപ്പ് നൽകിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു
‘സ്ലെഡ്ജിംഗ്’ എന്ന പേരില്‍ നടക്കുന്ന ഡേറ്റിംഗ് രീതിയെക്കുറിച്ച് വിദഗ്ധരുടെ മുന്നറിയിപ്പ്. ശൈത്യകാലത്ത് പുതുതലമുറ ഉപയോഗിക്കുന്ന ‘സ്ലെഡ്ജിംഗ്’ എന്ന ഡേറ്റിംഗ് ട്രെന്‍ഡ് രാജ്യാന്തര മാധ്യമങ്ങളിലടക്കം ചര്‍ച്ചയാണ്. ശൈത്യകാലത്തെ നേരംപോക്കായി മാത്രമാണ് ഇത്തരം ഡേറ്റിംഗുകള്‍ നടക്കുന്നതെന്നാണ് മുന്നറിയിപ്പ്.
ശൈത്യകാലത്തേക്ക് മാത്രമായി ചുരുങ്ങുന്ന ഈ ബന്ധങ്ങള്‍ ആത്മാര്‍ത്ഥമല്ലെന്നാണ് വിലയിരുത്തല്‍. പ്രണയിക്കാന്‍ താല്‍പര്യമില്ലെങ്കിലും, തണുപ്പ് കാലത്ത് തനിച്ചാകാതിരിക്കാന്‍ മാത്രമാണ് ‘സ്ലെഡ്ജര്‍മാര്‍’ ഇത്തരം ഡേറ്റിംഗ് തുടരുന്നത്.
ഇത്തരം ഡേറ്റിംഗ് രീതികള്‍ അപകടരമാണെന്ന് ഡേറ്റിംഗ് ആപ്പ് ഹാപ്പ്എനിൽ നിന്നുള്ള വിദഗ്ധയായ ക്ലെയർ റെനിയർ മുന്നറിയിപ്പ് നൽകിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
”പുതുതലമുറ(Gen Z) സ്ലെഡ്ജ് ചെയ്യപ്പെടുന്നതിൻ്റെ സൂചനകൾ നോക്കണം. ഇത് അപകടരമാകാം. ഹ്രസ്വകാല സംതൃപ്തിക്ക് വേണ്ടി ആളുകളുടെ വികാരം വച്ചുള്ള കളിയാണിത്”-ക്ലെയർ റെനിയർ പറഞ്ഞു.
ഡേറ്റിംഗ് നടത്തുന്ന 600-ലധികം പേരുടെ ഒരു സര്‍വേയും ഹാപ്പ്എന്‍ നടത്തി. ലൈംഗികത, ഇടപഴകല്‍ എന്നിവയ്ക്ക് വേണ്ടിയും, എന്തുകൊണ്ടാണ് സിംഗിളായി തുടരുന്നതെന്നുള്ള കുടുംബാംഗങ്ങളുടെ ചോദ്യങ്ങള്‍ മൂലവുമാണ് തങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു 15 ശതമാനം പേരുടെ മറുപടി.
ക്രിസ്മസിന് ശേഷം ഈ ബന്ധം അവസാനിപ്പിക്കുമെന്ന് 25 ശതമാനം പേര്‍ പറഞ്ഞു. എന്നാല്‍ നവംബറില്‍ തന്നെ അങ്ങനെ ചെയ്യാനാണ് 75 ശതമാനം പേരുടെയും തീരുമാനം. ഓഗസ്ത് മുതല്‍ ഡിസംബര്‍ വരെയാണ് 25 ശതമാനം പേര്‍ ബന്ധം നിലനിര്‍ത്തിയത്.
18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവരില്‍ പത്തിലൊരാള്‍ തനിക്ക് യഥാര്‍ത്ഥത്തില്‍ ഇഷ്ടമില്ലാത്ത ഒരാളുമായാണ് ശൈത്യകാലത്ത് ബന്ധം പുലര്‍ത്തുന്നതെന്ന് സര്‍വേയില്‍ കണ്ടെത്തി. ക്രിസ്മസിനും പുതുവത്സരത്തിനും ഇടയില്‍ ബന്ധം അവസാനിപ്പിക്കാനാണ് 15 ശതമാനം പേര്‍ കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശൈത്യകാലത്ത് ഇത്തരം ഡേറ്റിംഗ് എന്തുകൊണ്ട് നടത്തുന്നുവെന്നായിരുന്നു സര്‍വേയിലെ മറ്റൊരു ചോദ്യം. ശൈത്യകാലത്ത് ഒരു പങ്കാളിയെ വേണമെന്ന് 50 ശതമാനം പേര്‍ പറഞ്ഞു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പങ്കാളിയെ വേണമെന്നായിരുന്നു 60 ശതമാനം പേരുടെ മറുപടി. ഏകാന്തത ഒഴിവാക്കാനാണ് ആഗ്രഹമെന്ന് 40 ശതമാനം പേരും പറഞ്ഞു.
സ്‌നേഹപരവും വിശ്വാസയോഗ്യവുമായ ബന്ധങ്ങളാണ് വേണ്ടതെന്നും, ഇത്തരത്തിലാവരുതെന്ന് പെരുമാറ്റമെന്നും ക്ലെയർ റെനിയർ ഓര്‍മിപ്പിച്ചു. ആളുകളുമായി സത്യസന്ധമായ ബന്ധമാണ് കണ്ടെത്തേണ്ടതെന്നും, ഇതുവഴി ആത്മാര്‍ത്ഥയുള്ള പങ്കാളികളെ കണ്ടെത്താനാകുമെന്നും റെനിയർ വ്യക്തമാക്കി. എന്തായാലും ഇത്തരം ബന്ധങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നാണ് വിദഗ്ധ മുന്നറിയിപ്പ്.