5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Asthram Recipe: ഓണാട്ടുകരയുടെ മണ്ഡലക്കാല സ്പെഷ്യൽ അസ്ത്രം കഴിച്ചിട്ടുണ്ടോ? തയ്യാറാക്കുന്നത് ഇങ്ങനെ

Onattukara Special Asthram Recipe: കപ്പ, ചേന മത്തങ്ങ, പച്ചകായ, തുടങ്ങി പല പച്ചക്കറികളും ഇതിന് ചേർക്കാവുന്നതാണ്. വൃശ്ചിക മാസത്തിൽ 41 ദിവസത്തെ വൃതം നോറ്റ് ആദ്യമായി മലയ്ക്ക് പോകുന്ന കന്നിഅയ്യപ്പൻരെ യാത്രയയ്ക്കുന്ന അന്നേ ദിവസം ഉച്ചയ്ക്കാണ് കഞ്ഞിയും അസ്ത്രവും വിളമ്പുക. വളരെയധികം ആരോ​ഗ്യ​ഗുണങ്ങളുള്ള അസ്ത്രം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Asthram Recipe: ഓണാട്ടുകരയുടെ മണ്ഡലക്കാല സ്പെഷ്യൽ അസ്ത്രം കഴിച്ചിട്ടുണ്ടോ? തയ്യാറാക്കുന്നത് ഇങ്ങനെ
അസ്ത്രവും കഞ്ഞിയും (Image Credits: Social Media)
neethu-vijayan
Neethu Vijayan | Updated On: 22 Nov 2024 08:35 AM

ഇന്നത്തെ ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി എന്നീ താലൂക്കൂകളുടെ ഭാഗങ്ങൾ ചേർന്നാണ് ഓണാട്ടുകര എന്നറിയപ്പെടുന്നത്. ചില കാര്യങ്ങളിൽ വ്യത്യസ്തരാണ് ഈ നാട്ടുകാർ. ആഹാരമായാലും ആചാരമായാലും… അത്തരത്തിൽ ശബരിമല മണ്ഡലകാലത്ത് മാത്രം കണ്ടുവരുന്ന ഒരു വിഭവമാണ് അസ്ത്രവും കഞ്ഞിയും. ചില സ്ഥലങ്ങളിൽ ഈ അസ്ത്രത്തെ പുഴുക്ക് എന്നും അറിയപ്പെടുന്നു. ആദ്യമായി കേൾക്കുന്ന ഒരാൾക്ക് ഇത് ആയുധമാണെന്ന് ഒക്കെ തോന്നിയേക്കാം. എന്നാൽ ആരോ​ഗ്യപരവും വിശപ്പിനെ ശമിപ്പിക്കാനുള്ള രുചികരമായ ഒരു ആയുധം തന്നെയാണ് അസ്ത്രം.

കപ്പ, ചേന മത്തങ്ങ, പച്ചകായ, തുടങ്ങി പല പച്ചക്കറികളും ഇതിന് ചേർക്കാവുന്നതാണ്. വൃശ്ചിക മാസത്തിൽ 41 ദിവസത്തെ വൃതം നോറ്റ് ആദ്യമായി മലയ്ക്ക് പോകുന്ന കന്നിഅയ്യപ്പൻരെ യാത്രയയ്ക്കുന്ന അന്നേ ദിവസം ഉച്ചയ്ക്കാണ് കഞ്ഞിയും അസ്ത്രവും വിളമ്പുക. നാട്ടിലുള്ള ആളുകളെയെല്ലാം ഇതിനായി ക്ഷണിക്കും. കൂടാതെ പ്രസിദ്ധമായ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് പ്രസാദമായി നേദിച്ചു നൽകുന്ന ഒന്നാണ് കഞ്ഞിയും തേങ്ങ ചേർത്ത മുതിര പുഴുക്കും.

മണ്ഡലകാലമല്ലേ എങ്കിൽ ഇനി ഒരു നേരത്തെ ഭക്ഷണം ചൂട് കഞ്ഞിയും അസ്ത്രവും തന്നെ ആവട്ടെ. വളരെയധികം ആരോ​ഗ്യ​ഗുണങ്ങളുള്ള അസ്ത്രം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ചേമ്പ്- 1

പച്ചകായ- 1

മഞ്ഞൾപ്പൊടി- കാൽ ചീസ്പൂൺ

മുളകുപൊടി- അര ടീസ്പൂൺ

ഉപ്പ്- ആവശ്യത്തിന്

വെള്ളം- ഒന്നര കപ്പ്

കടല- 1 കപ്പ് വൻപയർ

തേങ്ങ- ആവശ്യത്തിന്

ജീരകം- അര ടീസ്പൂൺ

ചുവന്നുള്ളി- 5

വെളുത്തുള്ളി- 1

പച്ചമുളക്- 3

കടുക്

വറ്റൽമുളക്

കറിവേപ്പില

ആവശ്യമെങ്കിൽ ചേനയും കപ്പയും എല്ലാം ഉൾപ്പെടുത്താവുന്നതാണ്.

അസ്ത്രം തയ്യാറാക്കുന്ന വിധം

ഒരു ചേമ്പും, പച്ച കായയും കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. അതിലേയ്ക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ശേഷം നന്നായി വെന്ത ഇതിലേക്ക് ഒരു കപ്പ് കടലയോ അല്ലെങ്കിൽ വൻപയറോ വേവിച്ചത് ചേർത്തിളക്കി യോജിപ്പിക്കുക.

പിന്നീട് ചിരകി മാറ്റിയ തേങ്ങയിലേയ്ക്ക് അഞ്ച് ചുവന്നുള്ളി, അര ടീസ്പൂൺ ജീരകം, മൂന്ന് പച്ചമുളക്, എന്നിവ ചേർത്ത് നന്നായി അരച്ചെടുത്ത് അതിലേയ്ക്കു ചേർക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി അതിലേക്ക് കടുകും വറ്റലുമുളകും ചേർത്ത് താളിക്കുക. കറിവേപ്പിലയും ചേർക്കാം. നന്നായി താളിച്ചെടുത്തത് കുറുകി വന്ന പുഴുക്കിലേയ്ക്ക് ചേർത്ത് ഇളക്കിയെടുക്കാം.