Cancer Vaccine: സൗജന്യ കാൻസർ വാക്സിനുമായി റഷ്യ; 2025-ൽ പുറത്തിറക്കുമെന്ന് പ്രഖ്യാപനം
Russia's mRNA vaccine: ലോകത്ത് കാൻസർ രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022- ലെ കണക്ക് പ്രകാരം ഏകദേശം ആറ് ലക്ഷത്തിലധികം കാൻസർ രോഗികൾ റഷ്യയിൽ ഉണ്ടായിരുന്നു.
മോസ്കോ: ക്യാൻസറിനെ പ്രതിരോധിക്കാനുള്ള സുപ്രധാന നീക്കവുമായി റഷ്യ. ക്യാൻസറിനെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പൗരന്മാർക്ക് 2025 ഓടെ സൗജന്യമായി നൽകാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ക്യാൻസറിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി റഷ്യ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ക്യാൻസർ പോരാളികൾക്ക് ഈ വാക്സിൻ സൗജന്യമായി നൽകാനാണ് ഭരണകൂടത്തിന്റെ തീരുമാനം. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി കാപ്രിനെ ഉദ്ധരിച്ചു കൊണ്ട് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
ക്യാൻസർ കോശങ്ങൾ ഉണ്ടാവുന്നത് തടയാനും മെറ്റാസ്റ്റെയ്‌സുകളെ ഇല്ലാതാകാനും ഈ വാക്സിന് സാധിക്കുമെന്ന് പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞതായി ഗമലെയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആന്റ് മൈക്രോ ബയോളജി ഡയറക്ടർ അലക്സാണ്ടർ ഗിൻറ്റ്സ്‍ബെർഗ് റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് പ്രതികരിച്ചു.
നിലവിൽ രൂപീകരിച്ചിരിക്കുന്ന വാക്സിൻ രാജ്യത്തെ കാൻസർ രോഗികളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ളതാണ്. ശരീരത്തിലെ ട്യൂമറുകളുടെ രൂപീകരണം ഇല്ലാതാൻ ഈ വാക്സിൻ ഉപയോഗിക്കില്ല. മറ്റ് രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത കാൻസർ വാക്സിനുകൾക്ക് സമാനമായി ഓരോ രോഗിയുടെ ആരോഗ്യം പരിശോധിച്ച ശേഷം അതിന് അനുകൂലമായ രീതിയിലാണ് എംആർഎൻഎ വാക്സിന്റെ ഓരോ ഷോട്ടും തയ്യാറാക്കുന്നതെന്ന് വാക്സിൻ മേധാവി പറഞ്ഞു. ഏത് തരത്തിലുള്ള ക്യാൻസറിനാണ് ഈ വാക്സിൻ ഉപയോഗിക്കുക എന്നോ അത് എത്രത്തോളം രോഗികളിൽ ഫലപ്രദമാകുമോ എന്നോന്നും ഇതുവരെയും റഷ്യ വെളിപ്പെടുത്തിയിട്ടില്ല.
ലോകത്ത് കാൻസർ രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022- ലെ കണക്ക് പ്രകാരം ഏകദേശം ആറ് ലക്ഷത്തിലധികം കാൻസർ രോഗികൾ റഷ്യയിൽ ഉണ്ടായിരുന്നു. ഈ വർഷം ആദ്യം ഒരു ടെലിവിഷൻ ഷോയിൽ ക്യാൻസർ വാക്സിൻ അന്തിമ ഘട്ടത്തിലാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു.
HPV വാക്സിൻ പോലെയുള്ള പ്രിവൻ്റീവ് വാക്സിനുകൾ മനുഷ്യ ശരീരത്തിലെ കോശങ്ങളെ ക്യാൻസർ പോലുള്ള രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ പ്രിവൻ്റീവ് വാക്സിനുകൾക്ക് ട്യൂമർ വളർച്ചയെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നുണ്ടെന്നാണ് ഓങ്കോളജി വിദഗ്ധർ പറയുന്നത്. കോവിഡിന്റെ സമയത്തും റഷ്യ സ്വയം വാക്സിൻ നിർമ്മിച്ചിരുന്നു. സ്‌പുട്‌നിക് വി എന്ന പേരുള്ള ഈ വാക്സിൻ നിരവധി രാജ്യങ്ങൾക്ക് വിൽക്കുകയും ചെയ്തിരുന്നു.