ചിട്ടയായ ഭക്ഷണ ശീലം; കൃത്യമായ ഉറക്കം: ഋഷഭ് പന്തിൻ്റെ തിരിച്ചു വരവിനു കാരണം ശരിയായ ആരോഗ്യ പരിപാലനം
പ്രതിദിനം 5 മില്ലി വെർജിൻ ഒലിവ് ഓയിൽ മാത്രമേ ഭക്ഷണത്തിന്റെ ഭാഗമായി അനുവദിച്ചിട്ടുള്ളൂ.
ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ ഋഷഭ് പന്ത് വീണ്ടും മൈതാനത്ത് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള കോൾ അപ്പ് അദ്ദേഹത്തിന് ലഭിച്ച വാർത്ത ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. പുതിയ ടീമിനെ ചൊവ്വാഴ്ചയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചത്.
2023-ൽ ഗുരുതരമായ ഒരു വാഹനാപകടത്തിൽ പെട്ട പന്ത് ശ്രദ്ധേയമായ ഒരു പരിവർത്തന കാലത്തിലൂടെയാണ് കടന്നു പോയത്. 2022 ഡിസംബർ 30-ന് പുലർച്ചെയാണ്, 26-കാരനായ ഋഷഭ് ഡെറാഡൂണിലേക്ക് പോകുന്ന വഴി റൂർക്കിക്ക് സമീപം വച്ചു നടന്ന ഒരു കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
തുടർന്ന്, ഋഷഭിന്റെ വലത് കാൽമുട്ട് ഒടിയുകയും ചെയ്തു. അതെല്ലാം തരണം ചെയ്ത് ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ഋഷഭ്. അതിനായി അദ്ദേഹം നടത്തിയ ചിട്ടയായ ആരോഗ്യ പരിപാലന രീതികളെപ്പറ്റി അറിയാം
ചിട്ടയായ ശീലങ്ങൾ
റിഷഭ് പന്ത് വരാനിരിക്കുന്ന ഐ പി എല്ലി ലേക്ക് ഫിറ്റ്‌നസ് നേടാനുള്ള ശ്രമത്തിൽ തൻ്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളോട് വിട പറയുക മാത്രമല്ല, കൃത്യമായ ഉറക്കം ശീലമാക്കുകയും ചെയ്തു. ഇഷ്ട ഭക്ഷണങ്ങളായ രസ്മലായ്, ചിക്കൻ ഫ്രൈഡ്, ബിരിയാണി എന്നിവയാണ് ചിട്ട പാലിക്കാൻ ഉപേക്ഷിച്ചത്.
എന്നാൽ 5 മില്ലി എക്‌സ്‌ട്രാ വെർജിൻ ഒലിവ് ഓയിലിൽ മാത്രം തയ്യാറാക്കിയ ചില്ലി ചിക്കൻ ഉപേക്ഷിക്കാൻ താരത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ ഡിസംബർ മുതൽ പന്ത് കലോറി കുറവുള്ള ഭക്ഷണ ശീലം പിന്തുടരുന്നതായാണ് റിപ്പോർട്ട്.
ഇതിനായി അദ്ദേഹം സാധാരണയായി പ്രതിദിനം 1400 കലോറി കഴിക്കുന്നതിനു പകരം 1000 കലോറി മാത്രമാണ് കഴിക്കുന്നത്. ശരീര ഭാരം കുറയ്ക്കുകയും ലോകകപ്പിന് തയ്യാറെടുക്കുകയും ചെയ്യുമ്പോൾ പരിക്കേറ്റ വലതു കാലിലെ പേശികളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ഇതിനുള്ള ശ്രമങ്ങൾ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്. പ്രതിദിനം 5 മില്ലി വെർജിൻ ഒലിവ് ഓയിൽ മാത്രമേ ഭക്ഷണത്തിന്റെ ഭാഗമായി അനുവദിച്ചിട്ടുള്ളൂ. അതിൽ ഗോവൻ ഭിണ്ടി പോലുള്ള വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമാണ് അദ്ദേഹം കഴിച്ചത്.
ഉറക്കം ഏറെ പ്രധാനം
കഴിഞ്ഞ നാല് മാസത്തിനിടെ പന്തിന് 16 കിലോ കുറഞ്ഞുവെന്നും കർശനമായ ഉറക്ക0 ഷെഡ്യൂൾ ചെയ്തതു കാരണമാണ് ഇത് സാധ്യമായതെന്നും റിപ്പോർട്ട് പുറത്തു വരുന്നു. രാത്രി 11 മണിയോടെ എല്ലാ തിരക്കും ഒഴിവാക്കി ഉറങ്ങും.
എട്ട്-ഒമ്പത് മണിക്കൂർ തടസ്സമില്ലാത്ത ഉറക്കം ലഭിക്കാൻ ഈ ശീലം ഋഷഭിനെ സഹായിച്ചു. കൂടാതെ ഈ ശീലങ്ങൾ അടുത്ത ദിവസം കർശനമായ പരിശീലനത്തിന് തയ്യാറെടുക്കാനും ഋഷഭിനു ഗുണകരമായി.