AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rabies Child Death: പേവിഷബാധ കുത്തിവെപ്പെടുക്കാന്‍ വൈകിയാല്‍ എന്ത് സംഭവിക്കും? മരണം ഒഴിവാക്കാന്‍ ചെയ്യേണ്ടത്‌

Rabies Treatment and Vaccine: മാര്‍ച്ച് 29നാണ് കുട്ടിയെ നായ കടിച്ചത്. ഉടന്‍ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കുത്തിവെപ്പെടുക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പേവിഷബാധ കുത്തിവെപ്പെടുക്കാന്‍ വൈകിയതാണ് മരണകാരണമായി പറയുന്നത്.

Rabies Child Death: പേവിഷബാധ കുത്തിവെപ്പെടുക്കാന്‍ വൈകിയാല്‍ എന്ത് സംഭവിക്കും? മരണം ഒഴിവാക്കാന്‍ ചെയ്യേണ്ടത്‌
പ്രതീകാത്മക ചിത്രം Image Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 29 Apr 2025 11:28 AM

പേവിഷബാധയേറ്റ നായയുടെ ആക്രമണത്തെ തുടര്‍ന്ന് മലപ്പുറം കാക്കത്തടത്തില്‍ അഞ്ചരവയസുകാരി മരണപ്പെട്ടിരിക്കുകയാണ്. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

മാര്‍ച്ച് 29നാണ് കുട്ടിയെ നായ കടിച്ചത്. ഉടന്‍ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കുത്തിവെപ്പെടുക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പേവിഷബാധ കുത്തിവെപ്പെടുക്കാന്‍ വൈകിയതാണ് മരണകാരണമായി പറയുന്നത്.

പേവിഷബാധ അഥവ റാബിസ്

റാബിസ് വൈറസാണ് രോഗം പടര്‍ത്തുന്നത്. മൃഗങ്ങളുടെ തുപ്പല്‍ വഴിയാണ് മനുഷ്യരിലേക്ക് രോഗമെത്തുന്നത്. കടിക്കുമ്പോഴോ നക്കുമ്പോഴോ രോഗാണു മനുഷ്യ ശരീരത്തിലേക്കെത്താം. രോഗാണുക്കള്‍ തലച്ചോറിനെയാണ് ബാധിക്കുന്നത്. രോഗാണുകള്‍ മുറിവ് വഴി തലച്ചോറിലേക്ക് എത്തുമ്പോഴാണ് രോഗലക്ഷങ്ങള്‍ പ്രകടമാകുന്നത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം ചികിത്സ നല്‍കുന്നത് ബുദ്ധിമുട്ടാണ്.

കടിയേറ്റാല്‍ എന്ത് ചെയ്യണം

പേവിഷബാധയേറ്റ മൃഗങ്ങളില്‍ നിന്ന് കടിയേറ്റാല്‍ നല്‍കുന്ന പ്രതിരോധ മരുന്നും ചികിത്സയും പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു.

കാറ്റഗറി 1- മൃഗങ്ങളെ തൊടുകയോ ഭക്ഷണം കൊടുക്കുകയോ ചെയ്യുമ്പോള്‍ അവ മുറിവില്ലാത്ത തൊലിപ്പുറത്ത് നക്കിയാല്‍ ആ ഭാഗം ഒഴുകുന്ന വെള്ളത്തില്‍ 15 മിനിറ്റോളം കഴുകുക. അതിനായി സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിക്കാം. ഈ സാഹചര്യത്തില്‍ പ്രതിരോധ മരുന്നിന്റെ ആവശ്യമില്ല.

കാറ്റഗറി 2- തൊലിപ്പുറത്ത് മാന്തല്‍, രക്തം വരാതെയുള്ള ചെറിയ പോറലുകള്‍ എന്നിവയാണ് ഈ കാറ്റഗറിയില്‍ വരുന്നത്. ഈ ഭാഗം നന്നായി കഴുകുകയും പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും വേണം.

കാറ്റഗറി 3- മുറിവുള്ള തൊലിപ്പുറത്ത് മൃഗങ്ങള്‍ നക്കുക, രക്തം പൊടിയുന്ന മുറിവുകള്‍ ഉണ്ടാകുക, ചുണ്ടിലും നാക്കിലും നക്കുക എന്നിവ ഉണ്ടായാല്‍ വൃത്തിയായി കഴുകിയതിന് ശേഷം ആന്റി റാബീസ് ഇമ്മ്യൂണോഗ്ലോബുലിനും പ്രതിരോധ കുത്തിവെപ്പും എടുക്കണം.

Also Read: Constipation In Newborn: നവജാതശിശുക്കളിലെ മലബന്ധം എങ്ങനെ ഇല്ലാതാക്കാം: പരിഹാരം ഇവിടെയുണ്ട്

ചികിത്സ എങ്ങനെ

പേവിഷബാധയേറ്റ ജീവികളുടെ കടിയേറ്റാല്‍ ഉടന്‍ തന്നെ 15 മിനിറ്റോളം ഒഴുകുന്ന വെള്ളത്തില്‍ കടിയേറ്റ ഭാഗം സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച് കഴുകണം. വെറും കൈ കൊണ്ട് കഴുകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മുറിവുകളില്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവെപ്പ് എടുത്തതിന് ശേഷം മാത്രമേ തുന്നല്‍ ഇടാറുള്ളൂ.

കുത്തിവെപ്പ് എങ്ങനെ

രണ്ട് തരത്തിലാണ് കുത്തിവെപ്പുള്ളത്. മസിലില്‍ എടുക്കുന്നതും തൊലിപ്പുറത്ത് എടുക്കുന്നതുമാണ് അവ. രണ്ടിന്റെയും ഫലം ഒന്ന് തന്നെ. പണ്ടത്തെ പോലെ ഇപ്പോള്‍ പൊക്കിളിന് ചുറ്റും കുത്തിവെപ്പില്ല. മുതിര്‍ന്നവരില്‍ പേശിയിലും കുട്ടികളുടെ തുടയുടെ ഉള്‍വശത്തുമാണ് കുത്തിവെപ്പ്. 0,3,7,14,28 എന്നീ ദിവസങ്ങളിലാണ് കുത്തിവെപ്പ് ഉണ്ടായിരിക്കുക. കടിയേറ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കുത്തിവെപ്പുകള്‍ എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.