Christmas 2024: ക്രിസ്മസ് വിപണി ഉയർന്നു, ഇനി പ്ലം കേക്ക് ഭരിക്കും; ഒന്ന് വീട്ടിൽ പരീക്ഷിച്ചാലോ?
Plum Cake Recipe: ക്രിസ്മസിനെ വരവേൽക്കാൻ നാട് ഒരുങ്ങി കഴിഞ്ഞു. ആഘോഷത്തിന് മാറ്റ് കൂട്ടണമെങ്കിൽ പ്ലം കേക്ക് നിർബന്ധമാണ്. ഈ ക്രിസ്മസിന് വീട്ടിൽ രുചികരമായി തയ്യാറാക്കിയ കേക്ക് അതിഥികൾക്ക് സമ്മാനിച്ചാലോ...
പ്ലം കേക്കില്ലാതെ ക്രിസ്മസ് ആഘോഷം പൂർത്തിയാകില്ല. പ്ലം കേക്കിന് വീര്യം കൂടിയ റം കൂടിയേ തീരൂ… ദിവസങ്ങളോളം റമ്മിൽ സോക്ക് ചെയ്ത് വച്ച കറുത്ത മുന്തിരി, കശുവണ്ടി, ട്യൂട്ടി ഫ്രൂട്ടി എന്നിവയും നിർബന്ധം. ബ്രൗൺ നിറത്തിനായി പഞ്ചസാര ഉരുക്കി ചേർക്കണം. മെെദയും വെണ്ണയും പഞ്ചാസരയുമെല്ലാം കൃത്യമായി ചേർത്താൽ അര മണിക്കൂറിനുള്ളിൽ രുചികരമായ പ്ലം കേക്ക് റെഡി.
ആവശ്യമായ ചേരുവകൾ
ഡ്രെെ ഫ്രൂട്ട്സ്- 250 gm
റം – 150 ml
ജാതിപത്രി – 3 എണ്ണം
കറുവപ്പട്ട – 3 നീളത്തിലുള്ള ഒന്ന്
ചുക്ക് – 3 നീളത്തിലുള്ള ഒന്ന്
പഞ്ചസാര – ½ കപ്പ് (125 gm)
വെള്ളം – 1 ടേബിൾസ്പൂൺ
ചൂടുവെള്ളം – ½ കപ്പ് (125 ml)
കശുവണ്ടി – ¼ കപ്പ്
മൈദ – 1½ കപ്പ് (200 gm) + 2 ടേബിൾസ്പൂൺ
ബേക്കിംഗ് പൗഡർ – 1½ ടീസ്പൂൺ
വെണ്ണ – 200 gm
ബ്രൗൺ ഷുഗർ – ¾ കപ്പ് (125 gm)
മുട്ട – 4 എണ്ണം
വനില എസ്സെൻസ് – ½ ടീസ്പൂൺ
നാരങ്ങാനീര് – 1ടീസ്പൂൺ
ഉപ്പ് – ¼ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഡ്രെെ ഫ്രൂട്ട്സുകളെല്ലാം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വയ്ക്കുക. ഭരണിയിലേക്ക് മാറ്റിയ ഇതിലേക്ക് റം ചേർക്കുക. മുറുകെ അടച്ചതിന് ശേഷം ഒന്ന് കുലുക്കി കൊടുക്കുക. ഒരു മാസത്തോളം ഡ്രെെ ഫ്രൂട്ട്സ് റമ്മിൽ കുതിർത്ത് വയ്ക്കുക. അത്രയും നാൾ കുതിർത്ത് വയ്ക്കാൻ സാധിച്ചില്ലെങ്കിൽ ഒരാഴ്ചയെങ്കിലും റമ്മിൽ സോക്ക് ചെയ്ത് വയ്ക്കണം. മൂന്ന് ദിവസം കൂടുമ്പോൾ ഇളക്കി കൊടുക്കണം. ഇങ്ങനെ സോക്ക് ചെയ്ത് വച്ച ഡ്രെെ ഫ്രൂട്ട്സ് ഉപയോഗിച്ച് എങ്ങനെയാണ് പ്ലം കേക്ക് ഉണ്ടാക്കുന്നതെന്ന് നോക്കാം…
ജാതിപത്രി, കറുവപ്പട്ട, ചുക്ക് എന്നിവ മിക്സിയിൽ പൊടിക്കുക. ഒരു പാനിൽ മുകളിൽ പറഞ്ഞിരിക്കുന്ന അളവിൽ പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഉരുക്കിയെടുക്കുക. ബ്രൗൺ കളറായി ഉരുക്കി കഴിയുമ്പോൾ ഇതിലേക്ക് കാൽ കപ്പ് തിളച്ച ചൂടുവെള്ളം ഒഴിക്കുക. 10 സെക്കന്റ് കഴിയുമ്പോൾ വീണ്ടും കാൽകപ്പ് വെള്ളമൊഴിച്ച് ഒരു മിനിറ്റ് ഇളക്കി തണുക്കാനായി വയ്ക്കുക.
8 ഇഞ്ചിന്റെ ബേക്കിംഗ് ട്രേയിൽ ബട്ടർ പുരട്ടി ബട്ടർ പേപ്പർ വയ്ക്കുക. റമ്മിൽ തയ്യാറാക്കി വച്ചിരിക്കുന്ന ഡ്രെെ ഫ്രൂട്ട്സിലേക്ക് ചെറുതായി മുറിച്ച് വച്ചിരിക്കുന്ന കാൽകപ്പ് കശുവണ്ടി ചേർക്കുക. ആദ്യം ഒരു ടേബിൾ സ്പൂൺ മെെദ ചേർത്ത് ഇളക്കണം. വീണ്ടും ഒരു ടേബിൾ സ്പൂൺ മെെദ ചേർത്ത് ഇളക്കുക. ശേഷം ഇത് മാറ്റി വയ്ക്കുക.
ഒന്നര കപ്പ് മെെദയിലേക്ക് 1.5 ടേബിൾസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് ഇളക്കുക. 200 ഗ്രാം ബട്ടർ ഒരു പാത്രത്തിൽ ബീറ്റ് ചെയ്ത് എടുക്കുക. ബീറ്റ് ചെയ്ത് വച്ചിരിക്കുന്ന ബട്ടറിലേക്ക് 125 ഗ്രാം ബ്രൗൺ ഷുഗർ ചേർക്കുക. ഈ കൂട്ട് വീണ്ടും രണ്ട് മിനിറ്റ് നേരം ബീറ്റ് ചെയ്യുക. ശേഷം മുട്ട ചേർത്ത് ബീറ്റ് ചെയ്യുക. മുകളിൽ പറഞ്ഞിരിക്കുന്ന അളവുകളിൽ വാനില എസ്സൻസ്, ഉപ്പ്, നാരങ്ങാ നീര്, ചുക്ക്- ജാതിപത്രി- കറുവപ്പട്ട പൊടി, ഉരുക്കി വച്ചിരിക്കുന്ന പഞ്ചാസര എന്നിവ ചേർത്ത് രണ്ട് മിനിറ്റോളം ബീറ്റ് ചെയ്യുക.
ഓവൻ 200 ഡിഗ്രി സെൽഷ്യസിൽ 20 മിനിറ്റ് പ്രീഹീറ്റ് ചെയ്യാൻ വയ്ക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് കുറെശേ മിക്സ് വച്ചിരിക്കുന്ന മെെദ ചേർത്ത് മിക്സ് ആക്കിയെടുക്കുക. ഇതിലേക്ക് ഡ്രെെ ഫ്രൂട്ട്സും ബാക്കി വന്നിരിക്കുന്ന ഒരു ടേബിൾ സ്പൂൺ റമ്മും ചേർക്കുക. ഇതും ഒന്ന് മിക്സായി എടുത്തതിന് ശേഷം ബേക്കിംഗ് പാനിലേക്ക് മാറ്റുക. ടാപ് ചെയ്ത് കൊടുത്തതിന് ശേഷം ഓവനിൽ വച്ച് 180 ഡിഗ്രി സെൽഷ്യസിൽ 40 മിനിറ്റിൽ ബേക്ക് ചെയ്തെടുക്കുക. ശേഷം മൂന്ന് മണിക്കൂറിന് ശേഷം റം തടവി കൊടുക്കുക. സ്വാദിഷ്ടമായ റിച്ച് പ്ലം കേക്ക് തയ്യാർ.