5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pazhoor Padippura: ആ പ്രശ്നം മടക്കിയില്ല, അന്ന് കണിയാർ ആത്മഹത്യ ചെയ്തു; ബുധനും, ശുക്രനും പിന്നെ അനങ്ങിയില്ല | പിഴയ്ക്കാത്ത പാഴൂർ മാഹാത്മ്യം

Pazhoor Padippura: പരശുശാമൻ സ്ഥാപിച്ച 108 ശിവാലയങ്ങളിൽ ഒന്നുകൂടിയാണ് ഇത്. എറണാകുളം ജില്ലയിലെ പിറവത്തുള്ള പാഴൂർ ഗ്രാമത്തിൽ മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം വൈക്കം ശിവക്ഷേത്ര മാതൃകയിൽ പണിതീർത്തതാണ്.

Pazhoor Padippura: ആ പ്രശ്നം മടക്കിയില്ല, അന്ന് കണിയാർ ആത്മഹത്യ ചെയ്തു; ബുധനും, ശുക്രനും പിന്നെ അനങ്ങിയില്ല | പിഴയ്ക്കാത്ത പാഴൂർ മാഹാത്മ്യം
പാഴൂർ പടിപ്പുര
aswathy-balachandran
Aswathy Balachandran | Updated On: 12 May 2024 07:07 AM

പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിൽ പതിക്കേണ്ട മൂവാറ്റുപുഴയാറ് കിഴക്കോട്ടൊഴുകി എത്തുന്ന അത്ഭുതത്തെപ്പറ്റി കേട്ടിട്ടുണ്ടോ? കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ െഎതിഹ്യമാലയിൽ 754-ാം പേജിലും 55-ാം പേജിലും നിറ‍ഞ്ഞു നിൽക്കുന്ന പാഴൂരിനെപ്പറ്റി അറിയാത്തവരുണ്ടോ? വിധാതാവെഴുതിയ വിധി ലിഖിതമറിയാൻ പാഴൂർ പുഴ കടന്നു പടിപ്പുരയിലെത്തുന്നവരിലൂടെ ഈ നാട് പ്രശസ്തമാണ്. കഥകളേറെ പറയാനുണ്ട്. അതിലെ അതിശയോക്തിയും മിത്തും കഥകൾക്ക് മാറ്റു കൂട്ടുന്നു.

തലക്കുളത്ത് ഭട്ടതിരിയും പാഴൂർ പടിപ്പുരയും

പാഴൂരിപടിപ്പുരയെപ്പറ്റി പറയുമ്പോൾ തുടങ്ങേണ്ടത് തലക്കുളത്ത് ഭട്ടതിരിയിൽ നിന്നുമാണ്. പ്രശസ്ത ജ്യോതിശാസ്ത്ര പണ്ഡിതനായ തലക്കുളത്തു ഭട്ടതിരിയുടെ അത്ഭുത പ്രവചനങ്ങളുടെ കഥകൾ ഏറെയുണ്ട്. അതിൽ പ്രധാനം ഭട്ടതിരിയുടെ ശിരോലിഖിതം മാറ്റിയ, പാഴൂരിനെ പ്രശസ്തമാക്കിയ കഥയാണ്. ഒരാൾക്ക് ഉപകാരം ചെയ്യാൻ അദ്ദേഹം നടത്തിയ പ്രവചനം കാരണം ഫലം അനുഭവിക്കേണ്ടി വന്നത് ഭട്ടതിരി തന്നെയായിരുന്നു.

പാഴൂർ പുഴയും ക്ഷേത്രവും

അധപതനം വന്നു പോകട്ടെ എന്ന് വിഷ്ണുപാർഷദന്മാർ അത് കാരണം അദ്ദേഹത്തെ ശപിച്ചു. ജാതകഫലം അനുഭവിക്കാതിരിക്കാൻ സ്വദേശം വിട്ട് ഭട്ടതിരി പാഴൂർ വന്ന് താമസിച്ചു. അങ്ങനെ ഒരു ദിവസം പാഴൂർപ്പുഴയിൽ തോണിയിൽ സുഹൃത്തുക്കളുമൊത്ത് കളിക്കാനായി പോയി. അന്ന് പകലും രാത്രിയും തോണിയിൽ കഴിയാനായിരുന്നു ഉദ്ദേശം. രാത്രി ആയതോടെ ശക്തമായ മഴയും കാറ്റും അപ്രതീക്ഷിതമായി ഉണ്ടാവുകയും കാറ്റിലും ഓളത്തിലും പെട്ട് തോണി മറിയാൻ തുടങ്ങുകയും ചെയ്തു.

മരണഭയം നിമിത്തം ഒരു വിധം കരയിലെത്തുകയും മുന്നിൽക്കണ്ട വീടുകളിലേക്ക് ഓരോരുത്തരും കയറി നിൽക്കുകയും ചെയ്തു. ഭട്ടതിരി കയറി നിന്ന വീടിൻ്റെ ഉമ്മറത്ത് ഒരു കട്ടിലും അതിൽ പായും ഉണ്ടായിരുന്നു. ക്ഷീണം നിമിത്തം വേ​ഗം ഉറങ്ങിയ ഭട്ടതിരിയുടെ അരികിൽ മദ്യപനായ ഭർത്താവ് തിരിച്ചു വന്നതാണെന്ന് തെറ്റിധരിച്ച് ആ വീട്ടിലെ സ്ത്രീയും ശയിച്ചു. പിന്നീടാണ് ഇരുവർക്കും അബന്ധം മനസ്സിലായത്.

ഒരു കണിയാരുടെ വീടായിരുന്നു അത്. അവിടുത്തെ സ്ത്രീയിൽ ഭട്ടതിരിക്കു ജനിച്ച പരമ്പരയിലൂടെയാണ് പാഴൂർ പടിപ്പുര പ്രശസ്തമാകുന്നത്. ഭട്ടതിരി പ്രായം ചെന്നപ്പോൾ പടിപ്പുരയിൽ എത്തുകയും മരണംവരെ ഇവിടെ താമസിച്ചു എന്നും പറയപ്പെടുന്നു. അവിടെ ഇരുന്നുകൊണ്ടാണ് അദ്ദേഹം പുത്രന് വേണ്ട ഉപദേശങ്ങൾ നൽകിയത്. മരണശേഷം അദ്ദേഹത്തിന്റെ ശരീരം അടക്കം ചെയ്തതും പടിപ്പുരയിൽ തന്നെ. അവിടെയിരുന്നു പ്രശ്നം വയ്ക്കണം എന്ന നിർബന്ധവും അന്നുണ്ടായിരുന്നതായി െഎതിഹ്യമാല പറയുന്നു.

ബുധശുക്രന്മാരുടെ പരീക്ഷണം നടന്ന പടിപ്പുര

പാഴൂർ കണിയാരുടെ പ്രശസ്തി ഉയർന്നപ്പോൾ പരീക്ഷിക്കാനായി സാക്ഷാൽ ബുധ-ശുക്രന്മാർ എത്തിയത്രേ. ബ്രാഹ്മണ വേഷം ധരിച്ചെത്തിയ ബുധ ശുക്രന്മാർ കിഴക്കേ പടിപ്പുരയിലാണ് പ്രശ്നം വയ്ക്കാനായി ഇരുന്നത്. ഇപ്പോൾ ബുധ- ശുക്രന്മാരുടെ സ്ഥാനം എവിടെ എന്നറിയാനാണ് തങ്ങൾ എത്തിയത് എന്ന് പറഞ്ഞു.

പാഴൂർ പടിപ്പുര

കണിയാർ പഞ്ചാം​ഗം നോക്കി പറഞ്ഞത് അവർ അം​ഗീകരിച്ചില്ല. ​ഗണിച്ചു പറഞ്ഞപ്പോൾ പഞ്ചാം​ഗത്തിലെ സ്ഥാനമല്ല കണ്ടത്. ഒന്നുകൂടി ​ഗണിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഇരുവരും സൂത്രത്തിൽ സ്ഥാനം മാറി ഇരുന്നു. വീണ്ടും ​ഗണിച്ചപ്പോൾ വീണ്ടും സ്ഥാനഭ്രംശം കണ്ടു. ഇത് പല തവണ ആവർത്തിച്ചപ്പോൾ നിജസ്ഥിതി കണിയാർ മനസ്സിലാക്കി. ഒരു ​ഗ്രന്ഥം നോക്കി വരാം , എന്നിട്ടേ തിരികെ പോകാവൂ എന്ന് സത്യം ചെയ്യിച്ച ശേഷം കണിയാർ വീടിനകത്തു കയറി ആത്മഹത്യ ചെയ്തെന്നു കഥ.

കണിയാർ വരാത്തതിനാൽ പോകാൻ കഴിയാതെ ബുധ ശുക്രന്മാർ പടിപ്പുരയിൽ ലയിച്ചു ചേർന്നെന്നും അതുകൊണ്ട് പടിപ്പുര അതി വിശിഷ്ഠമായെന്നും െഎതിഹ്യമാലയിൽ പറഞ്ഞു വെക്കുന്നു.

പാഴൂർ പെരുംതൃക്കോവിൽ

സതീദേവി ആത്മാഹൂതി ചെയ്തതിൽ മനംനൊന്ത് വിരഹവേദന അനുഭവിക്കുന്ന ശിവൻ.. അതാണ് പാഴൂർ പെരുംതൃക്കോവിലപ്പൻ. പാഴൂർ പടിപ്പുര കടന്നു… പാഴൂർപ്പുഴയും കടന്ന് … ഇക്കരെ എത്തുമ്പോഴാണ് കിഴക്കോട്ടു ദർശനമായിരിക്കുന്ന ക്ഷേത്രം. ഉളിയന്നൂർ പെരുന്തച്ചന്റെ ഉളിതീർത്ത വിസ്മയത്തിൽ തെളിഞ്ഞ ചിറകു മുറിഞ്ഞു വീണ ഗരുഡനും അഷ്ടാവക്രമുനിയുമെല്ലാം കേരളീയ തച്ചുശാസ്ത്രം അനുസരിച്ച് പണിത ക്ഷേത്രത്തിൻ്റെ സവിശേഷത.

പാഴൂർ ക്ഷേത്രം

പരശുശാമൻ സ്ഥാപിച്ച 108 ശിവാലയങ്ങളിൽ ഒന്നുകൂടിയാണ് ഇത്.
എറണാകുളം ജില്ലയിലെ പിറവത്തുള്ള പാഴൂർ ഗ്രാമത്തിൽ മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം വൈക്കം ശിവക്ഷേത്ര മാതൃകയിൽ പണിതീർത്തതാണ്. അതുകൊണ്ടുതന്നെ രണ്ടു ക്ഷേത്രങ്ങളും പെരുതൃക്കോവിൽ ക്ഷേത്രം എന്ന് അറിയപ്പെടുന്നു.

ക്ഷേത്രത്തിന്റെ പുറകുവശത്തായി നിൽക്കുന്ന പ്ലാവിനെ ചുറ്റിപ്പറ്റിയും ഒരു കഥയുണ്ട്. പാതാള വരിക്ക, സ്വർണ വരിക്ക എന്നീ പേരുകളിലാണ് ഈ പ്ലാവ് അറിയപ്പെടുന്നത്. ഒരിക്കൽ ക്ഷേത്രത്തിലെ തിരുമേനി പുഴയിൽ കുടം കഴുകികൊണ്ടിരുന്നപ്പോൾ കൈ വഴുതിപ്പോവുകയും കുടം പുഴയിലേക്ക് പതിക്കുകയും ചെയ്തത്രേ. സ്വർണക്കുടമല്ലേ… കളയാൻ പറ്റില്ലല്ലോ, കുടം എടുക്കാനായി പുഴയിലേക്ക് അദ്ദേഹം ചാടി.

കുടം തേടി മുങ്ങിയ തിരുമേനി ഒടുവിൽ എത്തിച്ചേർന്നത് പാതാളത്തിലായിരുന്നു. ആ സമയം അവിടെ എല്ലാവരും ചക്കപഴം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തിരികെ പോന്നപ്പോൾ തിരുമേനിക്ക് അന്ന് തിരികെ ലഭിച്ച സ്വർണ കുടത്തിനൊപ്പം ഒരു ചക്കക്കുരുവും ലഭിച്ചെന്നു കഥ. അദ്ദേഹം കൊണ്ടുവന്ന ആ ചക്കക്കുരു ക്ഷേത്ര മുറ്റത്തു കുഴിച്ചിടുകയും അതിലുണ്ടാകുന്ന ചക്ക സവിശേഷമാണെന്നും പറയപ്പെടുന്നു. കഥ എന്ത് തന്നെയായാലും ആ ചക്കയ്ക്ക് വേറെങ്ങുമില്ലാത്ത രുചിയും ഗുണവുമുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്.

പാഴൂർ പുഴ എന്ന വിസ്മയം

കാളിയാറും കോതയാറും തൊടുപുഴയാറുമായി ചേരുമ്പോഴാണ് പുഴ മൂവാറ്റുപുഴയാറാകുന്നത്. വേമ്പനാട്ടുകായലിൽ പതിക്കുന്ന ഈ പുഴ വട്ടംകറങ്ങി പെരുംതൃക്കോവിലപ്പനെ വണങ്ങുന്ന കാഴ്ച പാഴൂരിന് മാത്രം സ്വന്തം. ക്ഷേത്രത്തിന് മുന്നിലുള്ള മഴവിൽപ്പാലവും പിന്നിലുള്ള തൂക്കുപാലവും ആധുനികകാലത്തിന്റെ അടയാളങ്ങളായി നിലനിൽക്കുന്നു. പാഴൂരിൽ പുഴയിലേക്ക് തള്ളിനിൽക്കുന്ന മുനമ്പിലാണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ മൂന്നുഭാഗത്തും വെള്ളമാണെന്ന് തോന്നും. കിഴക്കോട്ടൊഴുകുന്ന പുഴയുടെ നടുക്കാണ് ഇവിടുത്തെ ശിവരാത്രി മണപ്പുറം.


ക്ഷേത്രത്തിന് സമീപം രണ്ടായി പിരിയുന്ന പുഴയുടെ ഒരുഭാഗം പാഴൂർ കരയോട് ചേർന്നും മറ്റൊരു ഭാഗം കക്കാട് കരയോടും ചേർന്നുമാണ് ഒഴുകുന്നത്. ഇതിനു നടുവിൽ ശിവരാത്രി മണപ്പുറം. രണ്ടായി പിരിഞ്ഞ് കിഴക്കോട്ടൊഴുകുന്ന പുഴ വീണ്ടും ഒന്നായിത്തീരുന്നത് അരക്കിലോമീറ്ററോളം ഒഴുകിയ ശേഷമാണ്.

മോഹൻലാലിന്റെ ‘പവിത്രം’ ‘നേരറിയാൻ സി.ബി.ഐ’, ജയസൂര്യ അഭിനയിച്ച ‘ഇവർ വിവാഹിതരായാൽ’, ‘ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം’, ദിലീപിന്റെ ‘കൊച്ചിരാജാവ്’ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ഈ പരിസരം കാണാം. വിവാഹ ഷൂട്ടിങ്ങാണ് ഇപ്പോൾ പ്രധാനമായി ഉള്ളത്.

പാഴൂർ പത്തിലെ ഭാ​ഗ്യങ്ങൾ

പത്ത് ഭാ​ഗ്യങ്ങൾ.. ഒാരോ ഭാ​ഗ്യവും ഓാരോ കഥയാണ്. ഈ ഭാ​ഗ്യങ്ങളുടെ കേന്ദ്രം പാഴൂരെന്ന ഭാ​ഗ്യനാടും.

  1. പാഴൂർ പുഴ നേരെയൊഴുകാഞ്ഞതും ഭാഗ്യം
  2. പാഴൂർ പന തെങ്ങാകാത്തതും ഭാ​ഗ്യം
  3. പള്ളിപ്പാട്ട് വാരസ്യാർ ആണാകാത്തതും ഭാഗ്യം
  4. പാഴൂർ കണിയാർ ഭട്ടതിരിയാകാത്തതും ഭാഗ്യം
  5. പാഴൂർ ആശാരി നമ്പൂരിയാകാത്തതും ഭാഗ്യം
  6. പടുതോൾ നമ്പൂതിരിക്ക് കൊല്ലും കൊലയുമില്ലാത്തതും ഭാഗ്യം
  7. പുതുവാമന നമ്പൂതിരിക്ക് ഊരാണ്മയില്ലാത്തതും ഭാഗ്യം
  8. ചാലാശ്ശേരി പണിക്കർക്ക് കിരീടമില്ലാത്തതും ഭാഗ്യം
  9. വടക്കില്ലത്ത് നമ്പൂതിരിക്ക് വാളും പരിചയുമില്ലാത്തതും ഭാഗ്യം
  10. പാഴൂർ പടിപ്പുര പൊന്നാകാത്തതും ഭാഗ്യം.

പാഴൂർ പത്തിൽ പതിരാണോ നെല്ലാണോ ഉള്ളതെന്നു പാഴൂർ മണപ്പുറത്തിരുന്ന അന്തിമയങ്ങുമ്പോൾ ഒന്നാലോചിക്കണം. പുഴയിലേക്ക് സ്വർണം ഉരുക്കിയൊഴിച്ച് തൂക്കുപാലത്തിൽ നിന്ന് താഴേക്ക് … പുഴയിലേക്ക് സൂര്യൻ മടങ്ങുമ്പോൾ പെരുതൃക്കോവിലിൽ ശംഖ്നാദമുയരും.

പാഴൂർ പുഴ

സതിയെ പിരിഞ്ഞ ശിവന്റെ നൊമ്പരം ബാക്കിയാകുമ്പോൾ കിളികൾ പാടുന്നുണ്ടാകും പാഴൂർ പെരുമ. പുഴയിൽ കുളിച്ചെത്തുന്ന തണുത്ത കാറ്റ് മെയ്യും മനസ്സും തണുപ്പിച്ച് കടന്നു പോകുമ്പോൾ മനസ്സ് ശാന്തമാകും. അവിടെ ചോദ്യവും ഉത്തരവും കാണില്ല. അവിടെ ആ നിമിഷം മാത്രം മുന്നിൽ നിറഞ്ഞു നിൽക്കും.