Onam 2024: ഓണ സദ്യക്കൊരു മധുരപ്പച്ചടി; തണ്ണിമത്തൻ പച്ചടി തയ്യാറാക്കിയാലോ?
Water Melon Pachadi: സദ്യയിലെ പ്രധാനപ്പെട്ട കറിയും ആദ്യം വിളമ്പുന്നതുമായ വിഭവമാണ് പച്ചടി. ഈ ഓണത്തിന് വ്യത്യസ്തമായ ഒരു പച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ
വ്യത്യസ്ത ഭക്ഷണ രുചികൾ ആസ്വദിക്കാൻ മടിയില്ലാത്തവരാണ് മലയാളികൾ. ഓണക്കാലത്ത് സദ്യയിൽ എന്ത് പുതുമ കൊണ്ടുവരാനാകുമെന്ന് എല്ലാവരും ചിന്തിക്കാറുണ്ട്. തിരുവിതാംകൂറിലും മധ്യകേരളത്തിലും മലബാറിലുമെല്ലാം സദ്യ വ്യത്യസ്തമാണ്. എന്നാൽ സദ്യയിലെ പച്ചടിയിൽ വലിയ വ്യത്യാസങ്ങളുണ്ടാകാറില്ല. ഓണത്തിന് ഫലവർഗം കൊണ്ടുള്ള പച്ചടി ആയാലോ?
തണ്ണിമത്തന്‍ പച്ചടി
ആവശ്യമായ ചേരുവകൾ
തണ്ണിമത്തന്‍ : 250 ഗ്രാം
തൈര് : അരക്കപ്പ്
തേങ്ങ : 2 ടേബിൾ സ്പൂൺ
കടുക് : ഒരു ടീസ്പൂണ്‍
ജീരകം : ആവശ്യത്തിന്
പച്ചമുളക് : രണ്ട്
മഞ്ഞൾപ്പൊടി : ഒരു നുള്ള്
ഉപ്പ് : പാകത്തിന്
വെള്ളം : ആവശ്യത്തിന്
വെളിച്ചെണ്ണ : രണ്ട് ടീസ്പൂണ്‍
കറിവേപ്പില, ഉണക്കമുളക് : ആവശ്യത്തിന് (താളിക്കാൻ)
തയ്യാറാക്കുന്ന വിധം
തണ്ണിമത്തന്‍ തൊലിയും കുരുവുമെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക. തേങ്ങ, ജീരകം, കടുക്, പച്ചമുളക് എന്നിവ സ്വൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് തൈര് ചേർത്ത് ഇളക്കി മാറ്റിവെക്കാം. അടി കട്ടിയുള്ള പാത്രത്തിൽ എണ്ണെയാഴിച്ച് ചെറിയ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന തണ്ണിമത്തന്‍ വഴറ്റിയെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, വെള്ളം എന്നിവ ചേർത്ത് ചെറു തീയിൽ വേവിച്ചെടുക്കുക. വെന്തുകഴിഞ്ഞാൽ ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ചേർത്തിളക്കി തിളവരും മുമ്പ് വാങ്ങാം. ഇതിലേക്ക് കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ചതും കൂടി ചേർക്കുക.