5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: മോടിപിടിപ്പിക്കലിന് തുടക്കം…; ഓണത്തിൻ്റെ രണ്ടാം നാളായ ചിത്തിര ദിവസത്തിൻ്റെ പ്രത്യേകതകൾ അറിയാം

Chithira Day 2024: ഓണാഘോഷത്തിന്റെ ആരംഭത്തോടെ വീടും പരിസരവും വൃത്തിയാക്കുവാൻ തുടങ്ങുക എന്നത് കേരളത്തിൽ നിലനിൽക്കുന്ന ഒരു പതിവു കാഴ്ചയാണ്. മാവേലി തമ്പുരാൻ എഴിന്നെള്ളുമ്പോൾ കടന്നുവരുന്ന വഴിയിൽ ഒരു പുല്ലുപോലും ഉണ്ടാകാൻ പാടില്ലെന്നാണ് വിശ്വാസം.

Onam 2024: മോടിപിടിപ്പിക്കലിന് തുടക്കം…; ഓണത്തിൻ്റെ രണ്ടാം നാളായ ചിത്തിര ദിവസത്തിൻ്റെ പ്രത്യേകതകൾ അറിയാം
ചിത്തിര 2024
neethu-vijayan
Neethu Vijayan | Updated On: 07 Sep 2024 06:54 AM

ആചാരാനുഷ്ഠാനങ്ങളോടെ മലയാളക്കര ഒന്നാകെ ആഘോഷിക്കുന്ന ഓണമിങ്ങെത്തി. ഇനി എട്ടാം ദിനമായ തിരുവോണത്തിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്ന സമയമാണ് ഇപ്പോൾ. മഹാബലി തമ്പുരാന് വരവേൽപ്പേകാൻ മലയാളികൾ ഓണം പരക്കംപാച്ചിലിലാണ്. ഇന്നലെ സെപ്റ്റംബർ ആറ്. അത്തം ദിവസത്തിന് തുടക്കമായി. ഇന്ന് ഓണത്തിൻ്റെ രണ്ടാം ദിവസമായ ചിത്തിരയാണ് (Chithira Day). ഓണപാച്ചിലിൽ മലയാളികൾക്ക് വീടും പരിസരവും വൃത്തിയാക്കാൻ വേണ്ടി ഒരു ദിവസം…. കേൾക്കുമ്പോൾ ഒരു കൗതുകം തോന്നുമെങ്കിലും ഈ ദിവസം മഹാബലിയെ വരവേൽക്കാൻ വീട് പരിസരവും മോടിപിടിപ്പിക്കാനുള്ളതാണ്.

ഓണാഘോഷത്തിന്റെ ആരംഭത്തോടെ വീടും പരിസരവും വൃത്തിയാക്കുവാൻ തുടങ്ങുക എന്നത് കേരളത്തിൽ നിലനിൽക്കുന്ന ഒരു പതിവു കാഴ്ചയാണ്. മാവേലി തമ്പുരാൻ എഴിന്നെള്ളുമ്പോൾ കടന്നുവരുന്ന വഴിയിൽ ഒരു പുല്ലുപോലും ഉണ്ടാകാൻ പാടില്ലെന്നാണ് വിശ്വാസം. വീടും പരിസരവും മോശമായി കിടന്നാൽ ആ വീട്ടിൽ മാവേലി തിരുവോണത്തിന് കയറാതെ പോകുമത്രേ… അതുകൊണ്ടാണ് ഓണാഘോഷത്തിന്റെ രണ്ടാം ദിവസം കേരളത്തിലെ ജനങ്ങൾ തങ്ങളുടെ വീടുകൾ വൃത്തിയാക്കുവാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. വീടും വൃത്തിയാക്കി, പറമ്പ് ചെത്തിയൊരുക്കി മാവേലി തമ്പുരാനെ വരവേൽക്കാൻ മലയാളികൾ തയാറെടുക്കുന്ന ദിവസമായാണ് ചിത്തിരയെ കാണുന്നത്.

കൂടാതെ ഓണത്തോട് അനുബന്ധിച്ച് നിരവധി പലഹാരങ്ങൾ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങുന്ന സമയാണ് ചിത്തിര. അതിനാൽ തന്നെ വലിയ പാത്രങ്ങളും തട്ടിൻ പുറത്തെ കുട്ടകളുമടക്കം എടുത്ത് വൃത്തിയാക്കുകയും വെയിലത്തുവയ്ക്കുകയും ചെയ്യുക എന്നത് ഈ ദിവസത്തെ പ്രധാന ജോലിയാണ്. വർഷത്തിലൊരിക്കൽ വീടും പരിസരവും വൃത്തിയാക്കാൻ വേണ്ടി ആളുകൾ ഈ ദിവസം തിരഞ്ഞെടുത്തതും ആവാം.

ALSO READ: അത്തം മുറ്റത്തെത്തി…പൂവിളിയുണര്‍ന്നു; കേരളത്തില്‍ പൊന്നോണനാളുകള്‍

ചിത്തിര ദിവസത്തിലെ പൂക്കളം

അത്തം മുതൽ പത്തുദിവസം പൂക്കളം ഒരുക്കുന്നതിനുമുണ്ട് ചില ചിട്ടവട്ടങ്ങൾ. എന്നാൽ പ്രാദേശികമായി ചില മാറ്റങ്ങൾ ഉണ്ടാകാം. ചിത്തിര ദിനത്തിൽ മറ്റ് പൂക്കൾ ഉപയോഗിച്ച് രണ്ടാമത്തെ വട്ടം ഇട്ട് പൂക്കളത്തിന്റെ വലുപ്പം കൂട്ടാൻ തുടങ്ങുന്നു. അത്തം നാളിൽ നിന്ന് ചിത്തിരയിലേക്ക് എത്തുമ്പോൾ തന്നെ പൂക്കളം വലുതാകുന്നു. നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ച് അങ്ങനെ ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടും.

സാധാരണയായി തുമ്പപ്പൂവിട്ടാണ് പൂക്കളമൊരുക്കാൻ തുടങ്ങേണ്ടത്. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയും മാത്രമാണ് ഇടുന്നത് ചില സ്ഥലങ്ങളിലെ രീതിയാണ്. കേരളത്തിലെ രീതിയനുസരിച്ച്, അത്തത്തിന് ഒരു കളം പൂവും ചിത്തിരക്ക് രണ്ട് കളം പൂവുമാണ് ഒരുക്കുന്നത്.

അത്തം നാളിൽ ചുവന്ന പൂവിടാനും പാടില്ലെന്നൊരു വിശ്വാസമുണ്ട്. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിൻറെ വലിപ്പം കൂടി കൂടി വന്ന് തിരുവോണ ദിവസത്തിൽ അത് വലിയൊരു പൂക്കളമായി മാറുന്നു. മൂന്നാം നാൾ മുതൽ വ്യത്യസ്ത പൂക്കൾ ഉപയോഗിച്ച് തുടങ്ങാം. അഞ്ചാം നാൾ മുതൽ കുട കുത്താൻ തുടങ്ങും. വാഴപ്പിണ്ടിയോ വാഴത്തടിയോ ഉപയോഗിച്ചാണ് കുട കുത്തുന്നത്. ഈർക്കിലിയിൽ ചെമ്പരത്തിപ്പൂവും മറ്റ് പൂക്കളും കോർത്ത് വെക്കുന്നതിനെയാണ് കുട കുത്തുക എന്ന് പറയുന്നത്.

തിരുവോണം നാളിൽ രാവിലെ നിലവിളക്ക് കൊളുത്തി അരിമാവിൽ കൊഴുപ്പ് ലഭിക്കുന്ന ഇല പിഴിഞ്ഞ് കൈകൊണ്ട് കോലം വരയ്ക്കുന്നു. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളാണ് സാധാരണയായി വരയ്ക്കുക. പിന്നീട് പൂക്കളത്തിൽ പൂവട നിവേദിക്കും. വൈകിട്ട് തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാല് ദിശകളിൽ വെക്കുന്നു. ഉറുമ്പുകൾക്ക് ഓണം എന്നതാണ് ഇതിന് പിന്നിലെ വിശ്വാസം.

എന്നാൽ ഇതെല്ലാം ഇന്ന് മൺമറഞ്ഞുപോയ കാഴ്ചകളാണ്. കേരളത്തിൽ എത്രപേർ ഇന്ന് ഈ രീതിയിൽ ആചാരാനുഷ്ഠാനങ്ങൾ ആചരിക്കുന്നു എന്നുള്ളത് വിരളമാണ്. കാരണം മറ്റൊന്നുമല്ല പലർക്കും ഓരോ ദിവസവും അതിന്റെ പ്രത്യേകതകളും അറിയില്ല എന്നതാണ് സത്യം. ഇനി വരുന്ന തലമുറ കേരളക്കരയുടെ തനതായ ഈ ആഘോഷം മറക്കാതിരിക്കാൻ ഈ അറിവുകൾ പങ്കുവയ്ക്കാം.