5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: പൂവേ പൊലി പൂവേ പൊലി… ഉത്രാടപൂവിളിയിൽ കേരളക്കര; തിരുവോണമുണ്ണാൻ ഇനി ഒരു നാൾ മാത്രം, ഇന്ന് ഉത്രാടം

Uthradam Day: ഒന്നാം ഓണമായ ഉത്രാടത്തെ കുട്ടികളുടെ ഓണം എന്നും പറയാറുണ്ട്. കുട്ടികൾ വീട്ടിൽ ഓണം ആഘോഷിക്കുകയും മുതിർന്നവർ തിരുവോണം ആഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങൾക്കായി പരക്കംപാച്ചിലുമായി നടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപ്പാച്ചിൽ എന്ന് വിളിക്കുന്നത്.

Onam 2024: പൂവേ പൊലി പൂവേ പൊലി… ഉത്രാടപൂവിളിയിൽ കേരളക്കര; തിരുവോണമുണ്ണാൻ ഇനി ഒരു നാൾ മാത്രം, ഇന്ന് ഉത്രാടം
Onam 2024 Uthradam Day | Credits: Special Arrangement
neethu-vijayan
Neethu Vijayan | Published: 14 Sep 2024 06:40 AM

മലയാളികൾ കാത്തിരുന്ന തിരവോണത്തിന് (Onam) ഇനി ഒരു നാൾ മാത്രം. ഒന്നാം ഓണമെന്നാണ് പൊതുവേ ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്. മാസന്തോറും ഈ നക്ഷത്രങ്ങളൊക്കെ കടന്നു വരുന്നുണ്ടെങ്കിലും ചിങ്ങത്തിലെ ഉത്രാടം മുതൽ ഉത്രട്ടാതി വരെയുള്ള ദിവസങ്ങൾ മലയാളികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ദിവസങ്ങളാണ്. ഒന്നാം ഓണമായ ഉത്രാടത്തെ കുട്ടികളുടെ ഓണം എന്നും പറയാറുണ്ട്. കുട്ടികൾ വീട്ടിൽ ഓണം ആഘോഷിക്കുകയും മുതിർന്നവർ തിരുവോണം ആഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങൾക്കായി പരക്കംപാച്ചിലുമായി നടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപ്പാച്ചിൽ എന്ന് വിളിക്കുന്നത്. ഈ വർഷത്തെ ഉത്രാടം വരുന്നത് സെപ്റ്റംബർ 14 ശനിയാഴ്ച്ചയാണ്.

മലയാളികൾ തിരുവോണം ആഘോഷിക്കാൻ അരി മുതൽ വേണ്ട സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാടം. പണ്ടൊക്കം കുഞ്ഞുങ്ങൾക്കുള്ള തുണി വാങ്ങുന്നതും ഈ ദിവസമായിരുന്നു. മുതിർന്നവർക്ക് അപൂർവ്വമായിട്ടായിരിക്കും വസ്ത്രം വാങ്ങുന്നത്. കാരണം, അതിനുള്ള പണം പഴയ തലമുറയിൽപ്പെട്ട പലരുടേയും കുടുംബത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നങ്ങനെയല്ല, ചിങ്ങം പിറക്കുമ്പോൾ തന്നെ ഓണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിയും.

ഇതെല്ലാം കൂടാതെ ഉത്രാട രാത്രി മുഴുവൻ ഉപ്പേരിയും അച്ചാറുമടക്കം ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിന്റെ ശബ്ദം നിറഞ്ഞതായിരിക്കും കേരളത്തിലെ പല അടുക്കളകളും. ചീനി പൊളിക്കുക, വാഴയ്ക്ക പൊളിക്കുക ഇവ പലപ്പോഴും വീട്ടിലെ കുട്ടികളുടെ ജോലിയാണ്. അന്ന് എല്ലാ അടുക്കളയിലും ഉണ്ടായിരുന്നതും ഇന്ന് അപൂർവ്വവുമായ ഒരിനവുമാണ് കളിയടയ്ക്ക എന്നത്. അരിമാവ് കുഴച്ച് ജീരകം അരച്ച് ചേർത്ത് ഉരുട്ടിയെടുത്ത് തിളച്ച എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുന്ന ഒരിനമാണ് ഇത്.

ALSO READ: ഉത്രാട പാച്ചിലിലേക്ക് മലയാളികള്‍ ; തിരക്കിനിടയിലും പൂക്കളത്തിനു മാറ്റ് കുറയ്ക്കേണ്ട; വർണാഭമായി ഒരുക്കേണ്ടത് ഇങ്ങനെ

ഉത്രാട സന്ധ്യയിലെ വിളക്ക്

ഉത്രാട ദിനത്തിൽ ചില പ്രദേശങ്ങളിൽ സന്ധ്യാനേരത്ത് വിളക്കുകൾ കൊളുത്തുന്ന പതിവുണ്ട്. ഏകദേശം നാലടി പൊക്കത്തിൽ വാഴ വെട്ടിയെടുത്ത് കുഴിച്ചിടുന്നു. ഓലമടലു കീറി അതിൻ്റെ കട്ടികുറഞ്ഞ ഭാ​ഗം എടുത്ത് ഇപ്പോഴത്തെ മൺചിരാതിന്റെ വലുപ്പമുള്ള ചെറിയ വിളക്ക് വയ്ക്കുന്നതിനു വേണ്ടി വളച്ചു ഈ വാഴപിണ്ടിയിൽ വയ്ക്കും. പണ്ടൊക്കെ മൺചിരാതിന് പകരം മരോട്ടിക്കായ രണ്ടായി പകുത്ത് അതിലെ കുരു കളഞ്ഞ് എണ്ണയൊഴിച്ച് കത്തിക്കും. പ്രജകളെ കാണാൻ മടങ്ങി വരുന്ന മാവേലിയെ കൊളുത്തി വച്ച വിളക്കിന് അകമ്പടിയോടെ സ്വീകരിക്കുന്നു എന്നാണ് ഈ ചടങ്ങ് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം പൂർവ്വികരെ പ്രീതിപ്പെടുത്താൻ ഉത്രാടദിവസം നിലവിളക്കുകൊളുത്തുന്ന മറ്റൊരു സമ്പ്രദായവും നാട്ടിൽ നിലനിന്നിരുന്നു. വിളക്കിനു മുന്നിൽ ഓണവിഭവങ്ങൾ തൂശനിലയിൽ ചിട്ടയോടെ വിളമ്പ വയ്ക്കുന്നു. ഇതു കഴിക്കാൻ എന്നോ മരിച്ചു പോയ കാരണവൻമാർ എത്തുമെന്നാണ് വീട്ടുകാരുടെ വിശ്വാസം. സാധാരണഗതിയിൽ ഭക്ഷണം കഴിച്ചു കഴിയുന്ന സമയം കണക്കാക്കി തിരികെ എടുത്ത് സ്ത്രീകളിൽ ഏറ്റവും മുതിർന്നയാൾ അത് ആദരവോടെ കഴിക്കുകയും ചെയ്യുന്നു.

ഉത്രാട ദിവസത്തിലെ പൂക്കളം ഇങ്ങനെ

ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഇടേണ്ടത്. ഈ പൂക്കളം തിരുവോണ ദിവസം വരെ കാത്തുസൂക്ഷിക്കണമെന്നാണ് വിശ്വാസം. തിരുവോണ ദിവസം ഈ പൂക്കളത്തിലേക്ക് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുകയും ചെയ്യും. ഇത് ചില പ്രദേശങ്ങളിലെ മാത്രം ചിട്ടയാണ്. ഒമ്പത് വരികളുള്ള പൂക്കളത്തിൽ തുളസി, തുമ്പപൂ, ശംഖുപുഷ്പം, ജണ്ടുമല്ലി, മുല്ലപ്പൂ, വാടാമല്ലി, വെള്ള റോസ, പിച്ചകം, കാക്കപ്പൂവ് എന്നിവ ഉൾപ്പെടുത്താവുന്നതാണ്.

Latest News