Onam 2024: മുറ്റത്ത് പൂവിട്ടാല്‍ മാത്രം പോരാ, അത്തം മുതല്‍ തിരുവോണം വരെ ഇക്കാര്യങ്ങള്‍ കൂടി ചെയ്യണം

Onam Rituals: ഓരോ ഓണക്കാലം അവസാനിക്കുമ്പോഴും മറ്റൊരു വര്‍ഷത്തിനായുള്ള കാത്തിരിപ്പിന് മലയാളികള്‍ തുടക്കം കുറിക്കും. കൊയ്ത്തുത്സവം എന്നതിലുപരി ഓണം എന്നാല്‍ മാവേലിയെ വരവേല്‍ക്കാനുള്ള ഉത്സവം കൂടിയാണ്.

Onam 2024: മുറ്റത്ത് പൂവിട്ടാല്‍ മാത്രം പോരാ, അത്തം മുതല്‍ തിരുവോണം വരെ ഇക്കാര്യങ്ങള്‍ കൂടി ചെയ്യണം

Onapookkalam (Jagdish Agarwal/Corbis Documentary/Getty Images)

Updated On: 

23 Aug 2024 19:52 PM

വീണ്ടുമൊരു ഓണക്കാലം വന്നെത്തിയിരിക്കുകയാണ്. ചിങ്ങമാസം പിറന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. മലയാളികളുടെയെല്ലാം വീടുകളില്‍ ഓണം ആഘോഷിക്കുന്നതിനായുള്ള തയാറെടുപ്പുകള്‍ നടക്കുകയാണ്. ഓണം എന്നത് മലയാളിയെ സംബന്ധിച്ച് ഒരു ദിവസത്തെ ആഘോഷമല്ല, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാത്തിരിപ്പിന്റെ ആഘോഷം കൂടിയാണ്. ഓരോ ഓണക്കാലം അവസാനിക്കുമ്പോഴും മറ്റൊരു വര്‍ഷത്തിനായുള്ള കാത്തിരിപ്പിന് മലയാളികള്‍ തുടക്കം കുറിക്കും. കൊയ്ത്തുത്സവം എന്നതിലുപരി ഓണം എന്നാല്‍ മാവേലിയെ വരവേല്‍ക്കാനുള്ള ഉത്സവം കൂടിയാണ്.

മഹാബലി ചക്രവര്‍ത്തി തന്റെ പ്രജകളെ കാണാനായി തിരുവോണ നാളില്‍ വരുമെന്നാണ് വിശ്വാസം. മഹാബലിയോട് വാമനന്‍ മൂന്നടി സ്ഥലം ആവശ്യപ്പെട്ടു, ഇത് നല്‍കാന്‍ സാധിക്കാതെ വന്നതോടെ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. ആ സമയത്ത് വാമനന്‍ മഹാബലിക്ക് എല്ലാ വര്‍ഷവും ഒരിക്കല്‍ തന്റെ പ്രജകളെ വന്നുകാണാനുള്ള അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ആരാണ് മാവേലി എന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല എന്നതാണ് വാസ്തവം. മാവേലി എന്ന് പറയുമ്പോള്‍ വലിയ കുടവയറും ഓലക്കുടയുമൊക്കെ പിടിച്ചിട്ടുള്ള ഒരുരൂപമാണ് നമ്മുടെയൊക്കെ സങ്കല്പങ്ങളിലുള്ളത്. മറ്റൊരുതരത്തിലും മാവേലിയെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല. എന്നാല്‍ വാമനന്‍ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണെന്നാണ് വിശ്വാസം.

Also Read: KSRTC : ഓണത്തിനു കെഎസ്ആർടിസി വക യാത്രക്കാരെ പിഴിയൽ; ഒറ്റയടിക്ക് കൂട്ടിയത് 600 രൂപ

ഓണവുമായി ബന്ധപ്പെട്ട് വേറെയും ഒരുപാട് വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത്തം നാള്‍ മുതല്‍ തിരുവോണം വരെ നമ്മള്‍ മുറ്റത്ത് പൂവിടും അല്ലെ. എന്നാല്‍ ഈ പൂവിടുന്നതിന് അപ്പുറത്തേക്ക് മറ്റെന്തെങ്കിലും ഓണ നാളുകളില്‍ ചെയ്യേണ്ടതായിട്ടുണ്ടോ എന്ന് അറിയാമോ? പൂവിടുന്നതിന് പുറമെ മറ്റെന്തെല്ലാമാണ് ഓണനാളുകളിലെ ആഘോഷം? വിശദമായി നോക്കാം…

അത്തം

ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നത് അത്തം നാളിലാണ്. മാവേലിയെ ഭൂമിയില്‍ നിന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതായി കരുതപ്പെടുന്ന പ്രദേശമായ തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര ഇന്നേദിവസം നടക്കും. മാവേലിയുടെ കേരള സന്ദര്‍ശനത്തിന്റെ തുടക്കമാണ് ഈ ദിവസമെന്നും പറയപ്പെടുന്നു. ഈ ദിവസം മുതലാണ് നമ്മള്‍ വീടുകളില്‍ പൂക്കളമിട്ട് തുടങ്ങുന്നത്.

അത്തത്തിന് ഒരുക്കുന്ന പൂക്കളത്തെ അത്തപ്പൂക്കളം എന്നാണ് പറയുന്നത്. അത്തത്തിന് പൂവിടുമ്പോള്‍ ഏറ്റവും മഞ്ഞ നിറത്തിലുള്ള പൂക്കള്‍കൊണ്ട് അലങ്കരിച്ചതുമായിരിക്കണം പൂക്കണം. ഓണോഘാഷത്തിന്റെ ഓരോ ദിവസങ്ങള്‍ കഴിയുന്തോറും പൂക്കളത്തിന്റെ വലിപ്പം വര്‍ധിപ്പിക്കണം.

ചിത്തിര

ഓണാഘോഷത്തിന്റെ മുന്നോടിയായി വീടുകള്‍ വൃത്തിയാക്കുന്ന പതിവുണ്ട്. ഓണാഘോഷത്തിന് രണ്ട് ദിവസം മുമ്പ് തന്നെ മലയാളികള്‍ തങ്ങളുടെ വീടുകള്‍ വൃത്തിയാക്കാന്‍ ആരംഭിക്കും. ചിത്തിര നാളില്‍ പൂവിടുമ്പോള്‍ മറ്റ് പൂക്കള്‍ ഉപയോഗിച്ച് പൂക്കളത്തിന്റെ വട്ടം വര്‍ധിപ്പിക്കണം.

ചോതി

ഓണം ആയാലും മറ്റെന്ത് ആഘോഷമായാലും കുടുംബങ്ങളുടെ ഒത്തുചേരല്‍ കൂടിയാണ് ഈ ദിനങ്ങളില്‍ നടക്കുന്നത്. ഷോപ്പിങിന് പോയിട്ടും കുടുംബാംഗങ്ങളെ കണ്ടും സന്തോഷം വര്‍ധിപ്പിക്കാന്‍ എല്ലാവരും പരമാവധി ശ്രമിക്കണം. ഓണത്തിന്റെ മൂന്നാം നാള്‍ കുടുംബത്തില്‍ നിന്ന് വിവിധ സാധനങ്ങള്‍ വാങ്ങാനായി പുറത്തുപോകും. ഓണക്കോടിയും മറ്റ് സമ്മാനങ്ങളും വാങ്ങിക്കും. ഈ ദിവസത്തില്‍ ഒന്നിലധികം പാളികളാക്കി പൂക്കളം തീര്‍ക്കേണ്ടതാണ്.

വിശാഖം

ഓണാഘോഷത്തിലെ ഏറ്റവും നല്ല ദിനമാണ് വിശാഖം. ഇന്നേ ദിവസം മുതല്‍ ഓണവിരുന്നിനും ഓണസദ്യക്കും തുടക്കമാകും. ഈ ആഘോഷത്തില്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ വീട്ടിലെ ഓരോ ചെറിയ അംഗത്തിന്റെയും സംഭാവനകള്‍ ഉണ്ടായിരിക്കണം എന്നതാണ്. അവരെയും എല്ലാ ആഘോഷത്തിലും പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കണം. വിപുലമായ സദ്യ ഈ ദിവസങ്ങള്‍ തൊട്ട് വീടുകളില്‍ ഒരുക്കാന്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്.

കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയുന്നതുപോലെ മലയാളി ഒന്നും തന്നെ കയ്യില്‍ ഇല്ലെങ്കില്‍ ഉള്ളതെല്ലാം വിറ്റുപെറുക്കിയും ഓണം ആഘോഷിക്കും. സ്വത്ത് വില്‍ക്കേണ്ടി വന്നാലും ഓണസദ്യ ഗംഭീരമാക്കാതെ ഇരിക്കരുതെന്നാണ് വിശ്വാസം. വിളവെടുപ്പ് കാലമായതിനാല്‍ തന്നെ പണ്ടുകാലത്ത് വിശാഖം നാള്‍ മുതല്‍ പൊതുയിടങ്ങളിലെല്ലാം ചന്തകള്‍ ആരംഭിച്ച് വന്‍ തിരക്കായിരിക്കും അനുഭവപ്പെടുക.

അനിഴം

ചുണ്ടന്‍ വള്ളങ്ങള്‍ തമ്മിലുള്ള വള്ളംകളി കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ വിളിച്ചോതുന്നു. ഓണനാളുകളില്‍ നടക്കുന്ന ഒരു പ്രധാന ആഘോഷമാണ് ആറന്മുള്ള ഉത്രട്ടാതി വള്ളംകളി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചുണ്ടന്‍ വള്ളങ്ങള്‍ പരസ്പരം വാശിയോടെ ഈ ദിവസം മത്സരിക്കും. പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ആറന്മുളയില്‍ അനിഴം നാളില്‍ വള്ളംകളി മത്സരം നടത്തും.

തൃക്കേട്ട

തൃക്കേട്ട ദിവസം എന്നത് ബന്ധുവീടുകള്‍ സന്ദര്‍ശിക്കും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൈമാറുന്നതിനുമുള്ള ദിവസമാണ്. തൃക്കേട്ട ദിനം ആകുമ്പോഴേക്ക് പൂക്കളത്തിന് അഞ്ചോ ആറോ വട്ടമുണ്ടായിരിക്കണം.

മൂലം

ഈ ദിവസത്തിലാണ് പരമ്പരാഗത കലാരൂപങ്ങളും ഘാഷയാത്രകളും നടക്കുന്നത്. ഇവയില്‍ പ്രധാനിയാണ് പുലികളി. തിരുവാതിരകളി അല്ലെങ്കില്‍ കൈകൊട്ടി കളി എന്നിവയും നടക്കും. കൂടാതെ മൂലം നാള്‍ മുതല്‍ പല ക്ഷേത്രങ്ങളും ജനങ്ങള്‍ക്ക് പ്രത്യേക സദ്യ കൊടുക്കാനും ആരംഭിക്കും. ഈ ദിവസമാണ് പ്രധാനമായും വീടുകളില്‍ ഊഞ്ഞാല്‍ കെട്ടുന്നത്.

പൂരാടം

പൂരം നാള്‍ മുതല്‍ വീട്ടിലെ പൂക്കളത്തില്‍ മാവേലിയുടെയും വാമനന്റെയും ചെറിയ പ്രതിമകള്‍ സ്ഥാനം പിടിക്കും. ചിലയിടങ്ങളില്‍ ഓണത്തപ്പന്‍ എന്നും തൃക്കാക്കരയപ്പന്‍ എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഈ പ്രതിമകള്‍ സ്ഥാപിച്ചാല്‍ മാത്രമേ നമ്മള്‍ മാവേലിക്ക് വീട് സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കുന്നുള്ളുവെന്നാണ് വിശ്വാസം. കൂടുതല്‍ മനോഹരമാക്കിയ വലിയ പൂക്കളമാണ് ഈ ദിവസം ഇടേണ്ടത്.

Also Read: Onam 2024: പൂക്കളത്തിലും ജാതിയോ? മാവേലിയെ തറ കെട്ടിയും നിലത്തും ഇരുത്തുന്ന ജാതീയത

ഉത്രാടം

തിരുവോണ നാളില്‍ സദ്യ തയാറാക്കുന്നതിനായുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ മലയാളികള്‍ കടയിലേക്ക് പോകുന്ന ദിവസമാണ് ഇത്. ഉത്രാടപാച്ചില്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. മാവേലി തന്റെ രാജ്യം സന്ദര്‍ശിച്ച് പ്രജകളെ അനുഗ്രഹിക്കാന്‍ അടുത്ത നാല് ദിവസം കേരളത്തിലുണ്ടാകും എന്നാണ് വിശ്വാസം.

തിരുവോണം

ഓണാഘോഷങ്ങളുടെ സമാപന ദിവസമാണ് തിരുവോണം. നല്ല വിഭവ സമൃദ്ധമായ സദ്യയാണ് ഈ ദിവസം എല്ലാ വീടുകളിലും ഒരുക്കുക. വിവിധ തരം കളികളുമൊക്കെയായി വലിയ രീതിയിലായിരിക്കും തിരുവോണം ആഘോഷിക്കുക.

ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?