Onam 2024: പൂവിളി പൂവിളി പൊന്നോണമായി…ഈ ഓണപ്പാട്ടുകള്‍ പിറന്നതിന് പിന്നിലെ കഥയറിയാമോ?
Onam Songs: പണ്ടൊക്കെ പാടത്തും പറമ്പിലും പോയി പൂപറിച്ചുകൊണ്ടുവന്നാണ് പൂക്കളം അലങ്കരിച്ചിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല ആവശ്യമായ പൂവെല്ലാം കടയില്‍ നിന്ന് ലഭിക്കും. അത് വാങ്ങിക്കണം എന്നിട്ട് മുറ്റം അലങ്കരിക്കണം. ഇനി ഇതിനൊന്നും സമയമില്ലാത്തവര്‍ക്ക് റെഡിമെയ്ഡ് പൂക്കളവും ആകാം.
ഒരു ഓണക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഓണമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ ഓരോരുത്തരുടെയും മനസിലേക്ക് ഓരോ ഓര്‍മകള്‍ ഓടിയെത്തും. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോഴുള്ള ഓണാഘോഷങ്ങള്‍ക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പൂപറിക്കുന്നതിലും പൂക്കളും തീര്‍ക്കുന്നതിലും തുടങ്ങി എല്ലാത്തിലും ആ മാറ്റം പ്രകടമാണ്.
പണ്ടൊക്കെ പാടത്തും പറമ്പിലും പോയി പൂപറിച്ചുകൊണ്ടുവന്നാണ് പൂക്കളം അലങ്കരിച്ചിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല ആവശ്യമായ പൂവെല്ലാം കടയില്‍ നിന്ന് ലഭിക്കും. അത് വാങ്ങിക്കണം എന്നിട്ട് മുറ്റം അലങ്കരിക്കണം. ഇനി ഇതിനൊന്നും സമയമില്ലാത്തവര്‍ക്ക് റെഡിമെയ്ഡ് പൂക്കളവും ആകാം.
പൂപറിക്കലും ഓണക്കളികളുമില്ലാതെ എങ്ങനെയാണ് ഓണം ആഘോഷിക്കുന്നത്. പക്ഷെ അതിന് പകരമായി മലയാളി തന്നെ പലതരത്തിലുള്ള ചിട്ടവട്ടങ്ങള്‍ കണ്ടെത്തി കഴിഞ്ഞു. ഏത് രീതിയില്‍ ഓണം ആഘോഷിച്ചാലും ഓണം എക്കാലത്തും മലയാളിയുടെ ആഘോഷനാളുകള്‍ തന്നെയാണ്. എല്ലാം ഒഴിച്ച് നിര്‍ത്തിയാലും ഇന്നും മുറതെറ്റാതെ മലയാളി ചെയ്യുന്ന ഒന്നാണ് ഓണപ്പാട്ടുകള്‍ കേള്‍ക്കുന്നതും അത് മൂളുന്നതും.
ഓണപ്പാട്ടുകള്‍ ഇല്ലാതെ എങ്ങനെയാണ് ഓണം ആഘോഷിക്കുന്നത്. എത്രയെത്ര ഓണപ്പാട്ടുകളാണല്ലെ ഉള്ളത്. ഇവയില്‍ ഒന്നെങ്കിലും മൂളാത്ത മലയാളിയുണ്ടാകില്ല. പൂപറിക്കുമ്പോഴും പൂവിടുമ്പോഴും അങ്ങനെ ഓണവുമായി ബന്ധപ്പെട്ടുള്ള എല്ലാത്തിനും ഓരോ പാട്ടുകളുണ്ടാകു. പൂവേ പൊലി പൂവേ പൊലി പൂവേ തുടങ്ങിയ എത്രയെത്ര മനോഹരങ്ങളായ പാട്ടുകള്‍ പാടിയാണ് പണ്ടുകാലത്ത് ആളുകള്‍ പൂപറിച്ചിരുന്നത്.
ഓണവുമായി ബന്ധപ്പെട്ട് സിനിമകളിലും ഒട്ടനവധി പാട്ടുകളുണ്ട്. എന്നാല്‍ ഈ പാട്ടുകളെല്ലാം പിറന്നതിന് പിന്നിലെ കഥയറിയാമോ? ഈ ഓണപ്പാട്ടുകളില്‍ മിക്കതും എഴുതിയത് ശ്രീകുമാരന്‍ തമ്പിയാണ്. അദ്ദേഹത്തിന്റേതായ ഓരോ ഓണപ്പാട്ട് പിറന്നതിന് പിന്നിലെയും കാരണങ്ങള്‍ എന്താണെന്ന് പരിശോധിക്കാം.
വിഷുക്കണി- പൂവിളി പൂവിളി
ഗാനരചയിതാവായ ശ്രീകുമാരന്‍ തമ്പി സംഗീത സംവിധായകനായ സലീല്‍ ചൗധരിയോടൊപ്പമാണ് വിഷുക്കണി എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചത്. വിഷുക്കണി എന്ന ചിത്രത്തിന്റെ തിരക്കാഥാകൃത്ത് കൂടിയായ ശ്രീകുമാരന്‍ തമ്പിയോടൊപ്പം ചേരാന്‍ സലീല്‍ ചൗധരിയോട് ആവശ്യപ്പെട്ടപ്പോള്‍ തുടക്കത്തില്‍ അദ്ദേഹം മടിച്ചു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ജെ ശശികുമാറും നിര്‍മാതാവ് ആര്‍എം സുന്ദരവും ശ്രീകുമാരന്‍ തമ്പി തന്നെ വരികള്‍ എഴുതണമെന്ന് നിര്‍ബന്ധം പിടിച്ചു. സലീല്‍ ചൗധരി പാട്ടിന്റെ ഈണം കേള്‍പ്പിച്ചപ്പോള്‍ തന്നെ അദ്ദേഹം വരികള്‍ എഴുതി. ഒടുക്കം താന്‍ ഇതുവരെ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും വേഗതയേറിയ ഗാനരചയിതാവ് നിങ്ങളാണെന്ന് ശ്രീകുമാരന്‍ തമ്പിയോട് സലീല്‍ ചൗധരി പറഞ്ഞു.
തിരുവോണം- തിരുവോണ പുലരിതന്‍
1975ല്‍ ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് തിരുവോണം. ഓണാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് സംഗീതവും കഥയും മുന്നോട്ടുപോകുന്നത്. തിരുവോണ പുലരിതന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന് ആരഭി രാഗത്തില്‍ ഈണം ചിട്ടപ്പെടുത്തിയത് എംകെ അര്‍ജുനന്‍ മാഷാണ്. വാണി ജയറാമാണ് ഗാനം ആലപിച്ചത്.
വേറെയുമുണ്ട് ഓണപ്പാട്ടുകള്‍
ഓണപൂവേ പൂവേ… (ഈ ഗാനം മറക്കുമോ)
തിരുവോണപ്പുലരി തന്‍… (തിരുവോണം)
ഓമന തിങ്കളില്‍ ഓണം പിറന്നാല്‍… (തുലാഭാരം)
കണ്ണാന്തളി മുറ്റം… (ഞാനൊന്ന് പറയട്ടെ)
ഓണപ്പാട്ടിന്‍ താളം തുള്ളും… (കൊട്ടേഷന്‍)
ഓണവെയില്‍ ഓളങ്ങളില്‍… (ബോംബെ മാര്‍ച്ച് 12)
ഓണതുമ്പി ഓണതുമ്പി… (മുടിയനായ പുത്രന്‍)
പൂവണി പൊന്നും ചിങ്ങം… (പഞ്ചവടി)
മാവേലിക്കും പൂക്കളം… (ഇത് ഞങ്ങളുടെ കഥ)
ഒന്നാം പൊന്നോണ പൂപ്പട… (പാവങ്ങള്‍ പെണ്ണുങ്ങള്‍)
പൂവേ പൊലിപൂവേ… (ചെമ്പരത്തി)
ഓണതുമ്പി പാടൂ… (സൂപ്പര്‍മാന്‍)
തിരുവാവണി രാവ്… (ജേക്കബിന്റെ സ്വര്‍ഗരാജ്യം)
എന്നാണ് അത്തം
പൂവായ പൂവൊക്കെ പിള്ളേരറുക്കുമ്പോള്‍ പൂവാംകുരുന്നില ഞങ്ങളറത്തൂ…എന്ന് വലിയവര്‍ പാടുമ്പോള്‍, പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ എന്ന് കുട്ടികളും ഓണനാളുകളില്‍ പൂപറിക്കുമ്പോള്‍ പാടും. ഇതുമാത്രമല്ല വേറെയുമുണ്ട് പൂപറിക്കല്‍ പാട്ടുകള്‍. പൂപറിക്കുന്നതും അത് വേര്‍തിരിച്ചെടുക്കുന്നതുമെല്ലാം എന്ത് രസമാണല്ലേ. ഇപ്പോള്‍ പണ്ടത്തെ പോലെ ആരും പൂപറിക്കാന്‍ പോകാറില്ലെന്ന് മാത്രം. എന്നാലും പൂക്കളം ഒരുക്കാനുള്ള അവകാശം കുട്ടികള്‍ക്കുള്ളതാണ്.
പൂപറിക്കാന്‍ ആര്‍ക്കും സമയമില്ല, പൂപറിക്കാന്‍ മാത്രമല്ല, ഓണം പണ്ടത്തേതുപോലെ ആഘോഷിക്കാനും ആര്‍ക്കും സമയമില്ല. ഇനിയിപ്പോള്‍ കടയില്‍ നിന്ന് വാങ്ങിയിടുന്ന പൂക്കള്‍ ആണെങ്കിലും എന്ന് മുതലാണ് ഇത്തവണ പൂവിടേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമല്ലേ. രണ്ട് അത്തം നാളുകളാണ് ഇത്തവണ ഒരുമിച്ച് വന്നിരിക്കുന്നത്. നാഴിക കൂടുതല്‍ നോക്കുകയാണെങ്കില്‍ സെപ്റ്റംബര്‍ അഞ്ചിലെ അത്തത്തിനാണ് ദൈര്‍ഘ്യം കൂടുതലുള്ളത്.
നാഴിക കുറവാണെങ്കിലും സെപ്റ്റംബര്‍ ആറിലെ അത്തം നാളിലാണ് പൂക്കളം തീര്‍ക്കേണ്ടതെന്ന് ശ്രദ്ധിച്ചോളൂ. അതായത് സെപ്റ്റംബര്‍ ആറ് മുതലാണ് ഇത്തവണം ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്.