Onam 2024: ഇനി പുലിച്ചുവടും പുലിതാളവും; നാലോണ നാളിലെ തൃശൂരിലെ പുലികളി
Pulikali in Trissur: മിന്നിത്തിളങ്ങുന്ന ചായങ്ങൾ പൂശി കൂർത്തപല്ലുകളും നീണ്ട നാക്കുമുള്ള പുലികൾ ഏവരുടെയും ഹൃദയം കീഴടക്കും. ഒമ്പത് സംഘങ്ങളാണ് ഇത്തവണ പുലിക്കളിക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തൃശൂർ: തൃശൂരിന് ഓണം പൊടിപൊടിക്കണമെങ്കിൽ പുലികളിറങ്ങിയേ പറ്റൂ. താളമേളങ്ങളുടെ അകമ്പടിയോടെ പൂലിക്കൂട്ടം സ്വരാജ് റൗണ്ടിലേക്ക് ഇറങ്ങുന്നതോടെ ജനങ്ങൾ ആവേശക്കൊടുമുടിലാകും. സ്വദേശികളും വിദേശികളും അടക്കം ആയിരക്കണക്കിന് പേർ പുലിക്കൂട്ടത്തെ കാണാനായി റോഡിന്റെ ഇരുവശങ്ങളിലും നിലയുറപ്പിക്കും.
ആറ്റുനോറ്റിരുന്നാണ് കുടവയറന്മാരുടെ സംഘം പുലിവേഷം കെട്ടുന്നത്. പുലിക്കളിയിൽ വയറാണ് അഴക്. ദേഹത്തെ പുലിമുഖങ്ങൾ വിരിയുന്നത് ഒട്ടേറെ കലാകാരന്മാരുടെ കലവിരുതിലാണ്. മിന്നിത്തിളങ്ങുന്ന ചായങ്ങൾ പൂശി കൂർത്തപല്ലുകളും നീണ്ട നാക്കുമുള്ള പുലികൾ ഏവരുടെയും ഹൃദയം കീഴടക്കും.
യുവജനസംഘം വിയ്യൂർ, വിയ്യൂർ ദേശം, ചക്കാമുക്ക് ദേശം, ശക്തൻ പുലിക്കളി സംഘം, ശങ്കരംകുളങ്ങര ദേശം, കാനാട്ടുകര ദേശം, സീതാറാം മിൽ ദേശം പുലിക്കളി സംഘാടകസമിതി, പാട്ടുരായ്ക്കൽ ദേശം കലാകായിക സാംസ്കാരികസമിതി, അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതി എന്നീ ഒമ്പത് സംഘങ്ങളാണ് ഇത്തവണ പുലിക്കളിക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ടാബ്ലോകൾ മാത്രമാണ് ഇത്തവണ പുലിക്കളിക്ക് ഉണ്ടാകുക. കഴിഞ്ഞ വർഷം 2,50,000 രൂപയാണ് പുലിക്കളി സംഘങ്ങൾക്ക് സഹായമായി തൃശൂർ കോർപ്പറേഷൻ നൽകിയത്. ഇത്തവണ 3,12,500 രൂപയായി ഉയർത്തിയിട്ടുണ്ട്. മികച്ച പുലിവേഷം, പുലിക്കൊട്ട്, പുലിക്കളി, അച്ചടക്കം എന്നിങ്ങനെയുള്ള വിവിധ ഇനങ്ങളിലും സമ്മാനമുണ്ടാകും. അച്ചടക്കം വിലയിരുത്തുന്നത് കേരള പൊലീസാണ്. മറ്റ് വിഭാഗങ്ങളിലെ ജേതാക്കളെ നിർണയിക്കുന്നത് ലളിതകലാ അക്കാദമിയുടെ പ്രതിനിധികളാണ്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി വേണ്ടെന്ന നിലപാടായിരുന്നു കോർപ്പറേഷന്റേത്. എന്നാൽ പൊതുവികാരം കണക്കിലെടുത്ത് തീരുമാനം പിൻവലിക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പേ സംഘങ്ങൾ പുലിക്കളിക്കായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചായിരുന്നു അനുമതി നൽകിയത്.
പുലിക്കളി ചരിത്രം
പുലിക്കളിക്ക് 200 വർഷത്തെ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. ശക്തൻ തമ്പുരാനാണ് പുലിക്കളിക്ക് പിന്നിലെന്ന് ഒരുവിഭാഗം വാദിയ്ക്കുമ്പോൾ, ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം തൃശൂരിൽ പ്രവർത്തിച്ചിരുന്ന പട്ടാള ക്യാമ്പിലാണ് പുലിക്കളിയുടെ ആരംഭമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഉടുക്കിന്റെയും തകിലിന്റെയും താളത്തിനനുസരിച്ചാണ് പണ്ടൊക്കെ പുലികളിറങ്ങുന്നത്. എന്നാൽ ഇന്ന് ചെട്ടിക്കൊട്ട് എന്ന ചെണ്ടത്താളത്തിനനുസരിച്ചാണ് പുലികൾ ചുവടുവയ്ക്കുന്നത്.
ചീറ്റപ്പുലി, വരയൻപുലി, കരിമ്പുലി, കടുവപ്പുലി, പുള്ളിപ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി തുടങ്ങി വിവിധ പുലികളെ നിരത്തിൽ കാണാം. കഴിഞ്ഞ വർഷം മൂന്ന് സ്ത്രീകളും പുലികളായി വേഷം കെട്ടിയിരുന്നു. പുലിക്കളി സംഘത്തിൽ കുട്ടികളുമുണ്ടാകാറുണ്ട്.