Onam 2024: പൂരാട ദിനത്തിലെ പൂക്കളത്തിൽ വിരുന്നെത്തുന്ന ഈ അതിഥി ആരാണ്? ഓണത്തപ്പനെ അറിയാം
pooradam day pookalam: ഈ ദിനത്തില്‍, പൂരാടം ഉണ്ണികളെന്ന പേരിലാണ് കുട്ടികള്‍ അറിയപ്പെടുന്നത്. മണ്‍ചിരാതുകള്‍ തെളിയിക്കുന്നതും പൂരാടം നാളിലാണ്.
ഓണമിതാ പടിവാതിക്കൽ എത്തിയിരിക്കുന്നു. ചുറ്റും ഓണത്തിന്റെ തിക്കും തിരക്കും. എവിടെ നോക്കിയാലും ഓണത്തിന്റെ അലയൊലികൾ. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ നാട്ടിലേക്ക് എത്തിതുടങ്ങി. അത്തം തുടങ്ങി എട്ടാം നാള്‍ എത്തിയിരിക്കുന്നു. പൂരാടം നക്ഷത്രത്തിലാണ് എട്ടാം നാൾ ആഘോഷിക്കുന്നത്. ഉത്രാട ദിനത്തിലെ ഒരുക്കത്തിലാണ് പൂരാട ദിനത്തിലെ മലയാളികൾ. ഇക്കൊല്ലത്തെ പൂരാടം നക്ഷത്ര ദിവസം സെപ്റ്റംബർ 13-ാം തീയതി വെള്ളിയാഴ്ചയാണ് വരുന്നത്.
ഓണാഘോഷത്തിനുള്ള വിഭവങ്ങള്‍ തരപ്പെടുത്തുന്ന തിരക്കിലായിരിക്കും പൂരാട ദിനം മലയാളികള്‍. പൂരാടത്തിൽ തന്നെ എല്ലാ ഒരുക്കങ്ങളും പൂർത്തികരിക്കും. പറമ്പുകളിലെ വിളവെടുപ്പും പൂരാട നാളിലാണ്. വീടെല്ലാം വൃത്തിയാക്കി മഹാബലിയെയും വാമനനെയും വരവേല്‍ക്കാന്‍ പൂരാട ദിനത്തിൽ തന്നെ മലയാളികൾ ഒരുങ്ങികഴിഞ്ഞു. ഈ ദിനത്തില്‍, പൂരാടം ഉണ്ണികളെന്ന പേരിലാണ് കുട്ടികള്‍ അറിയപ്പെടുന്നത്. മണ്‍ചിരാതുകള്‍ തെളിയിക്കുന്നതും പൂരാടം നാളിലാണ്. പൂരാട ദിനത്തിൽ പൂക്കളത്തിന്റെ വലുപ്പം വലുതാകും. എട്ട് പൂക്കൾ വച്ചാണ് ഈ ദിവസം പൂക്കളം ഒരുക്കുന്നത്. കാക്കപ്പൂവ്, ചെമ്പരത്തികള്‍, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് തുടങ്ങിയവ ഉപയോഗിച്ചാണ് ഈ ദിവസം പൂക്കളം തീര്‍ക്കുന്നത്. കൂടുതല്‍ മനോഹരവും ആകർഷണവുമായ രീതിയിലാണ് പൂരാടത്തിലെ പൂക്കളം.
പൂരാടദിനത്തിൽ ഓണാഘോഷത്തിന്റെയും പൂക്കളത്തിന്റെയും രൂപം മാറും. മുറ്റത്ത് തൃക്കാക്കരയപ്പന്റെയും മക്കളുടെയും രൂപങ്ങള്‍ മണ്ണിലുണ്ടാക്കി വയ്ക്കുന്നതും പൂരാട ദിനത്തിലാണ്. ഇതിനെ ഓണത്തപ്പനെന്ന പേരിലും അറിയപ്പെടുന്നു. മുറ്റത്ത് ചാണകം മെഴുകി, അരിമാവില്‍ കോലങ്ങള്‍ വരച്ച് പലകയിട്ട് മണ്‍രൂപങ്ങള്‍ വയ്ക്കുന്നു. തൃക്കാക്കരയപ്പനും മക്കളുമാണ് ചിലയിടങ്ങളില്‍ ഇത്. വീട്ടുപടിയ്ക്കലും ഇതുപോലെ അണിഞ്ഞ് മണ്‍രൂപം വയ്ക്കും.
Also read-Onam 2024: മൂലം നാളിൽ ചതുര പൂക്കളം, ഒന്ന് മാറ്റി പിടിച്ചാലോ!
ഓണവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് തൃക്കാക്കര അപ്പന്‍. പരമ്പരാഗതമായി ഓണത്തിന് പൂക്കളമൊരുക്കുമ്പോള്‍ ആളുകള്‍ പൂക്കളത്തിന് നടുവില്‍ മണ്ണു കൊണ്ട് കുഴച്ച് പിരമിഡ് പോലൊരു രൂപമാണ് ഓണത്തപ്പൻ. മഹാവിഷ്ണുവിന്റെ അവതാരമായ വാമനനെയാണ് തൃക്കാക്കര അപ്പൻ പ്രതിനിധീകരിക്കുന്നത്. ചില ആളുകള്‍ ഇത് മഹാബലി ചക്രവര്‍ത്തിയായും വിഷ്ണുവായും കണക്കാക്കുന്നു. കേരളത്തിലെ എറണാകുളം ജില്ലയിലെ പ്രസിദ്ധമായ തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയാണ് തൃക്കാക്കര അപ്പന്‍. ഈ ക്ഷേത്രത്തിനു ഓണവുമായി ബന്ധമുണ്ട്. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് അയച്ചത് തൃക്കാക്കരയില്‍ വച്ചാണെന്നാണ് വിശ്വാസം. വിഷ്ണുവിന്റെ പാദങ്ങള്‍ സ്പര്‍ശിച്ച സ്ഥലം തൃക്കാക്കര എന്നറിയപ്പെട്ടു. ഇതാണ് പിന്നീട് തൃക്കാക്കരയായി മാറിയത്. കളിമണ്ണോ ചെളിയോ ഉപയോഗിച്ചാണ് തൃക്കാക്കര അപ്പനെ നിര്‍മ്മിക്കുന്നത്. പണ്ട് കാലങ്ങൾ നിർമ്മിച്ചെടുക്കുന്നതാണെങ്കിൽ ഇക്കാലത്ത് റെഡിമെയ്ഡായി തൃക്കാക്കരയപ്പന്റെ പ്രതിമകള്‍ വിപണിയില്‍ സുലഭമാണ്.